'ഉള്ള്യേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം കുറവ്'; ഗോവിന്ദച്ചാമി വിഷയത്തിൽ സുരേന്ദ്രന് മറുപടിയുമായി പി ജയരാജൻ
കണ്ണൂർ: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ തനിക്കെതിരായ ബിജെപി മുൻ അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണങ്ങളോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ. സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗങ്ങമെന്ന നിലയിൽ ജയരാജന് വിഷയത്തിൽ പങ്കുണ്ടെന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം. സുരേന്ദ്രന്റെ മനോനില പരിശോധിക്കാൻ കൂടെയുള്ളവർ തയ്യാറാവണം എന്നാണ് പി ജയരാജൻ ആവശ്യപ്പെട്ടത്.
ഗൗരവാവഹമായ അന്വേഷണം ആവശ്യമുള്ള വിഷയമാണിതെന്നും അതിനാൽ തന്നെ അന്വേഷണം സർക്കാർ ജാഗ്രതയോടെ നടത്തുമെന്ന് ഉറപ്പിക്കാമെന്നും ജയരാജൻ പറയുന്നു. ഏത് കാര്യവും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന ബിജെപി നേതാവിന്റെ ഹീനമായ ശ്രമത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ആളുകൾ തയ്യാറാവണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു.

പി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടി എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇന്ന് അതികാലത്ത് തന്നെ കേട്ടത്. അടച്ച സെല്ലിന്റെ ഇരുമ്പഴി മുറിച്ച് പുറത്തു കടന്നെന്നാണ് പ്രാഥമിക വിവരം. ഇത് ഗൗരവാവഹമായ അന്വേഷണം ആവശ്യമുള്ള വിഷയമാണ്. ആ അന്വേഷണം സർക്കാർ ജാഗ്രതയോടെ നടത്തുമെന്ന് ഉറപ്പിക്കാം. എന്നാൽ ഈ ജയിൽ ചാട്ടം ആസൂത്രിതമാണോ എന്ന് സംശയിക്കത്തക്ക നിലയിൽ ചില രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് പ്രചരണം അഴിച്ചു വിടുന്നുണ്ട്.
അതിന്റെ തെളിവാണ് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം. സെൻട്രൽ ജയിൽ ഉപദേശക സമിതി അനൗദ്യോഗിക അംഗങ്ങളെ സൂചിപ്പിച്ചു കൊണ്ട് സുരേന്ദ്രൻ നടത്തിയ പ്രസ്‌താവന ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മനോനിലയാണ് വ്യക്തമാക്കുന്നത്.
കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്. അദ്ദേഹത്തിന്റെ മനോനില പരിശോധിക്കാൻ ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു. അതോടൊപ്പം ഈ ജയിൽ ചാട്ടത്തെ തുടർന്ന് സമൂഹത്തെ ജാഗ്രതപ്പെടുത്തുന്നതിന് പകരം ഏത് കാര്യവും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന ബിജെപി നേതാവിന്റെ ഹീനമായ ശ്രമത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ഉപദേശിക്കണമെന്നും താൽപര്യപ്പെടുന്നു.
ഗോവിന്ദച്ചാമി പിടിയിൽ
അതിനിടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലായിട്ടുണ്ട്. കണ്ണൂർ തളാപ്പിലെ ഒരു വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. ഇയാളെ കണ്ട ദൃക്‌സാക്ഷികളുടെ മൊഴികൾ അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ നിന്നും ഇയാളെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 1:15 നാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയെന്നാണ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽ നിന്നും മനസിലാവുന്നത്.
എന്നാൽ മണിക്കൂറുകൾക്ക് ശേഷം രാവിലെ 5 മണിക്കാണ് ജയിൽ അധികൃതർക്ക് ഒരാൾ ജയിൽ ചാടിയതെന്ന വിവരം ലഭിക്കുന്നത്. ട്രെയിനി ജയിൽ ഉദ്യോഗസ്ഥർ പുറത്തേക്ക് പോകുമ്പോൾ മതിലിൽ തുണി കാണുകയും, തുടർന്ന് ജയിൽ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. സെല്ലിൽ പ്രതിയില്ലെന്നുറപ്പിച്ചതോടെ ജയിൽ വളപ്പിൽ മുഴുവൻ പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല. പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു.
2011 ഫെബ്രുവരി ഒന്നിന് ട്രെയിൻ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് സൗമ്യ എന്ന യുവതി കൊല്ലപ്പെട്ട കേസിലാണ് ഗോവിന്ദച്ചാമി ജയിലിൽ കഴിയുന്നത്. എറണാകുളത്തു നിന്നും ഷൊർണൂർക്ക് പോകുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ക്രൂരമായി ആക്രമിക്കപ്പെട്ടത്. നേരത്തെ വിചാരണക്കോടതി വധശിക്ഷ നൽകിയെങ്കിലും പിന്നീട് അത് ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.












Click it and Unblock the Notifications