EXCLUSIVE: 'കുന്തീദേവി പരാമര്‍ശം മാത്രമല്ല.. അയാള്‍ വേറെയും പലതും പറഞ്ഞു'; ഹണി റോസ് പറയുന്നു
കോഴിക്കോട്: തനിക്കെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയ ബോബി ചെമ്മണ്ണൂരിനെതിരായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് നടി ഹണി റോസ് വണ്‍ഇന്ത്യ മലയാളത്തിനോട്. സൈബര്‍ ബുള്ളിയിംഗും ബോഡി ഷേമിംഗും കുറേയായി താന്‍ അനുഭവിക്കുന്നുണ്ട് എന്നും ഏത് പരിപാടിക്കു പോയാലും വള്‍ഗര്‍ ആയിട്ടാണ് ഫോട്ടോയും വീഡിയോയും എടുത്ത് പ്രചരിപ്പിക്കുന്നത് എന്നും ഹണി റോസ് പറഞ്ഞു.
ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനും മറ്റ് പരിപാടികള്‍ക്കുമായി ഇതിന് മുമ്പും താന്‍ പോയിട്ടുണ്ട് എന്നും അന്നൊന്നും മോശം അനുഭവം നേരിടേണ്ടി വന്നിട്ടില്ല എന്നും താരം വ്യക്തമാക്കി. നാല് മാസം മുന്‍പ് നടന്ന പരിപാടിയിലാണ് ഇത്തരം അനുഭവം ഉണ്ടായത് എന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു. ഹണി റോസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'കുറെ നാളായി ഞാനീ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അതും ഒന്നും രണ്ടും വര്‍ഷമല്ല. എനിക്ക് തോന്നുന്നു കൊവിഡ് കഴിഞ്ഞതിന് ശേഷമുള്ള കാലഘട്ടം മുഴുവന്‍ സൈബര്‍ ബുള്ളിയിംഗിനും സ്ലട്ട് ഷേമിംഗിനുമെല്ലാം ഇരയായി കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. അത് പലപ്പോഴും ഞാന്‍ അനുഭവിച്ചത് സോഷ്യല്‍ മീഡിയ കമന്റുകളില്‍ നിന്നും യൂട്യൂബേഴ്‌സില്‍ നിന്നുമാണ്.
നമ്മള്‍ ഒരു ഉദ്ഘാടന പരിപാടിക്ക് പോകുമ്പോള്‍ കണ്ണാടിക്ക് മുന്നില്‍ ഒരുങ്ങി കോണ്‍ഫിഡന്‍സ് ഉണ്ട് എന്ന് തോന്നുമ്പോഴാണ് നമ്മള്‍ ആ വസ്ത്രം ധരിച്ച് പോകുന്നത്. ഞാനിടുന്ന വീഡിയോയിലും ഫോട്ടോയിലോ എനിക്ക് അങ്ങനെ ഒരു വള്‍ഗറായിട്ട് തോന്നിയിട്ടില്ല. ഈ ചടങ്ങിന് ആയിരക്കണക്കിന് ആളുകള്‍ വരാറുണ്ട്. അവരുടെ കൈയിലെല്ലാം ഫോണുണ്ട്. അവര്‍ അതില്‍ എടുക്കുന്ന ഫോട്ടോയുടെ ആംഗിളില്‍ എനിക്കൊന്നും ചെയ്യാനാകില്ല.
എന്നെ പോലുള്ള സ്ത്രീകള്‍ കളക്ടീവായിട്ടുള്ള ആക്രമണം തന്നെയാണ് നേരിടുന്നത്. ഇതെല്ലാം മനസിലാക്കിയിട്ടും ഒരു വിവാദത്തിലേക്ക് പോകാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് പലതും പുച്ഛത്തോടെ തള്ളുന്നു എന്നും തുറന്ന് നോക്കാറില്ല എന്ന് പറയുന്നതും. ആരെങ്കിലും അയച്ച് തന്നാല്‍ പോലും ഞാന്‍ നോക്കാറില്ല. ഒരു നാല് മാസം മുമ്പ് ബോബി ചെമ്മണ്ണൂരിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ഈ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഇനാഗുറല്‍ ഫംഗ്ഷനും ഇതിന് മുമ്പ് അഞ്ചാറെണ്ണം ചെയ്തിട്ടുണ്ട്. അന്നൊന്നും എനിക്ക് യാതൊരു രീതിയിലുള്ള ബുദ്ധിമുട്ടും ഈ വ്യക്തിയില്‍ നിന്ന് ഉണ്ടായിട്ടില്ല. നാല് മാസം മുമ്പ് പങ്കെടുത്ത വേദിയിലാണ് ഈ പറയുന്ന ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. കുന്തീദേവി എന്ന് പറയുന്ന പദപ്രയോഗം മാത്രമല്ല അവിടെ സംഭവിച്ചിട്ടുള്ളത്. പലകാര്യങ്ങളും അവിടെ സംഭവിച്ചിട്ടുണ്ട്.
അതല്ലാതെ പല ഡയലോഗുകളും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. എന്തുകൊണ്ട് അപ്പോള്‍ പ്രതികരിച്ചില്ല എന്ന് ആളുകള്‍ ചോദിക്കുന്നുണ്ട്. ഞാന്‍ അപ്പോള്‍ പ്രതികരിച്ചാലും അദ്ദേഹം പറയുക ഹണീ ഞാന്‍ പറഞ്ഞത് നല്ല ഉദ്ദേശ്യത്തോട് കൂടിയാണ് എന്നായിരിക്കും. നിങ്ങള്‍ മോശമാക്കി ചിന്തിച്ചത് നിങ്ങളുടെ കുഴപ്പമാണ് എന്ന് പറയും. അങ്ങനെ പ്രതികരിക്കാന്‍ പറ്റിയ വേദിയായിരുന്നില്ല അത്.
പരിപാടി കഴിഞ്ഞതിന് ശേഷം അന്ന് തന്നെ മാനേജരോട് വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഇനി മേലാല്‍ സഹകരിക്കില്ലെന്നും പറഞ്ഞു. പിന്നീട് മറ്റൊരു സ്ഥാപനത്തിന്റെ ചടങ്ങിന് പോയപ്പോഴും ബോബി ചെമ്മണ്ണൂര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തി. അന്ന് അദ്ദേഹം ആ പരിപാടിയില്‍ പങ്കെടുക്കുന്നതായി അറിയില്ലായിരുന്നു. പരിപാടിയുടെ തലേദിവസാണ് ഇതറിയുന്നത്.
അതും ഒരു പ്രൊമോ വീഡിയോ വഴിയാണ് ഇതറിഞ്ഞത്. ആ പ്രോമോ വീഡിയോ പോലും വളരെ മോശമായാണ് ചിത്രീകരിച്ചത്. പരിപാടിയുടെ തലേദിവസമായതിനാല്‍ തന്നെ നമുക്ക് അതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു. പിന്നീട് പല മീഡിയ പ്ലാറ്റ്‌ഫോമിലും മാധ്യമപ്രവര്‍ത്തകരോടും തുടര്‍ച്ചയായി എന്നെ കുറിച്ച് അപമാനിച്ച് സംസാരിച്ചു. അശ്ലീലമായ കൈമുദ്രകളോടെയാണ് തുടര്‍ച്ചയായി അപമാനിച്ച് സംസാരിച്ചത്.
ഇതിനിയും തുടരുമെന്നുള്ളത് കൊണ്ടാണ് നിയമനടപടികളിലേക്ക് കടന്നത്. ഒട്ടേറെ വ്യക്തികള്‍ വിളിച്ച് സൂക്ഷിക്കണമെന്ന് പരഞ്ഞിട്ടുണ്ട്. അപായപ്പെടുത്താന്‍ വരെ സാധ്യതയുണ്ട് എന്ന് പറഞ്ഞു. അതെല്ലാം നേരിടാന്‍ ഉറച്ചാണ് ഇറങ്ങിയത്. അതേസമയം പിന്തുണയറിയിച്ച് നിരവധി പേരാണ് എന്നെ വിളിച്ചത്. പരാതി കൊടുത്തതിന് ശേഷം മുഖ്യമന്ത്രിയെ വിളിച്ച് സംസാരിച്ചു. അദ്ദേഹവും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
അധിക്ഷേപം നടത്തിയ യൂട്യൂബ് ചാനലുകള്‍ക്ക് എതിരെയും നിയമനടപടികളെടുക്കും. വേണ്ടത്ര തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. സൈബര്‍ ബുള്ളിയിംഗ് നേരിടുന്നവര്‍ക്കെല്ലാം വേണ്ടിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത. ഇത്തരം ബുള്ളിയിങ് നേരിടാന്‍ പ്രത്യേകം നിയമം തന്നെ വേണമെന്നാണ് ആഗ്രഹം. പ്രത്യേക നിയമം അല്ലാതെ സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അവഹേളനം അവസാനിപ്പിക്കാന്‍ കഴിയില്ല. രാഹുല്‍ ഈശ്വറിനുള്ള മറുപടി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതില്‍ കൂടുതലൊന്നും പറയാനില്ല,' ഹണി റോസ് പറഞ്ഞു.












Click it and Unblock the Notifications