ഹണി റോസിനാണ് അതിന്റെ ക്രെഡിറ്റ്: പക്ഷെ അക്കാര്യവും താര്യത്തിന് ബോധ്യപ്പെട്ടെന്ന് കരുതുന്നു: രാഹുല്‍ ഈശ്വർ
കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ കോടതി വഴി പരാതി നല്‍കണമെന്ന് ഹണി റോസിനോട് വ്യക്തമാക്കിയിരിക്കുകയാണ് പൊലീസ്. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയില്‍ പൊലീസിന് കേസെടുക്കാന്‍ വകുപ്പുകളില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പൊലീസ് നടപടി. നടിയുടെ പരാതിയിൽ രാഹുൽ ഈശ്വർ പ്രതിയല്ലെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. അതേസമയം അഭിപ്രായം പറഞ്ഞതിന് വനിതാ കമ്മിഷനും യുവജന കമ്മിഷനും തന്നെ വേട്ടയാടുകയാണെന്നാണ് രാഹുല്‍ ഈശ്വർ ആരോപിക്കുന്നത്.
ഹണി റോസിന് അവരുടെ പരാതിയുടെ സത്യമില്ലായ്മ ബോധ്യപ്പെട്ടു എന്നാണ് വിശ്വസിക്കുന്നത്. ദയവായി തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ അവർ സഹിഷ്ണുതയോടെ കാണണം. അതോടൊപ്പം തന്നെ പുരുഷ കമ്മീഷന് വേണ്ടിയുള്ള നിവേദനം തയ്യാറാക്കി രണ്ട് എം എല്‍ എമാരുമായി സംസാരിച്ചിട്ടുണ്ട്. ഇതിന് വേണ്ടി നിയമസഭയില്‍ പ്രൈവറ്റ് ബില്‍ കൊണ്ടുവരുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹണി റോസിന്റെ പരാതിയില്‍ പല രീതിയിലുള്ള വാർത്തകളാണ് മാധ്യമങ്ങളില്‍ കണ്ടത്. പരാതിയില്‍ കേസെടുക്കാന്‍ വകുപ്പില്ല, ഇപ്പോള്‍ എടുക്കുന്നില്ല, കോടതി വരെ പോകണം, അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, നിയമോപദേശം ലഭിച്ചു തുടങ്ങിയ വ്യത്യസ്ത രീതിയില്‍ വാർത്ത കണ്ടു. ചില ചാനലുകളിലെ വാർത്ത രാഹുല്‍ ഈശ്വറിന് താല്‍ക്കാലിക ആശ്വാസം എന്നാണ്. താല്‍ക്കാലിക ആശ്വാസം ലഭിക്കാന്‍ എവിടെ നിന്നെങ്കിലും ഞാന്‍ കടം എടുത്തിട്ടുണ്ടോയെന്ന് ചിന്തിച്ചു പോയി.
മുന്‍കൂർ ജാമ്യാപേക്ഷയുമായി ഞാന്‍ കോടതിയെ സമീപിച്ചപ്പോള്‍ പൊലീസ് എഫ് ഐ ആർ ഇടാത്തതിനാല്‍ എന്നെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പറഞ്ഞില്ല. അന്ന് എല്ലാ മാധ്യമങ്ങളും കൊടുത്തത് രാഹുല്‍ ഈശ്വറിന് തിരിച്ചടിയെന്നാണ്. എന്നാല്‍ ഇന്ന് ഒരെണ്ണം ഒഴിച്ച് വേറെ ഒരു മാധ്യമവും ഹണി റോസിന് തിരിച്ചടിയെന്ന രീതിയില്‍ വാർത്ത കൊടുത്തത് കണ്ടില്ല. അത് എന്താണെന്ന് എനിക്ക് അറിയില്ലെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
ഹണി റോസിന് തിരിച്ചടിയെന്ന വാർത്ത മാധ്യമങ്ങള്‍ കൊടുക്കില്ലെന്ന് എനിക്ക് അറിയാം. ഹണി റോസിനോട് പെറ്റമ്മ നയവും രാഹുല്‍ ഈശ്വറിനോട് ചിറ്റമ്മ നയവുമാണ് പല ആളുകള്‍ക്ക് ഉള്ളതെന്ന് എനിക്ക് അറിയാം. അതില്‍ പരിഭവമൊന്നും ഇല്ല. അവർ സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കാം അത്. എന്തായാലും പരാതിയിലെ പ്രാധാന്യമില്ലായ്മ ഹണി റോസിന് ബോധ്യപ്പെട്ടുവെന്നാണ് വിശ്വസിക്കുന്നത്.
ഞാന്‍ ഓർഗനൈസ്ഡ് ക്രൈമിന്റെ ഭാഗമെന്നാണ് ഹണി റോസ് പറഞ്ഞത്. ആ വാക്കിന് വലിയ പ്രധാന്യമുണ്ട്. അവരെ ആത്മഹത്യയുടെ വക്കിലേക്ക് തന്നെ തള്ളിവിടുന്നുവെന്ന ആരോപണവുമുണ്ട്. പൊലീസിന്റെ ഇപ്പോഴത്തെ ഈ നടപടിയില്‍ എനിക്ക് ആശ്വാസമുണ്ട്. യുവജന കമ്മീഷന്‍ കൂടെ കേസെടുത്തുവെന്നാണ് അറിയാന്‍ സാധിച്ചു. എനിക്ക് പറയാനുള്ള കാര്യം കൂടി അവർ കേള്‍ക്കാന്‍ തയ്യാറാകണം.
ഹണി റോസിനോട് ഒരു കാര്യം കൂടി പറയാനുണ്ട്, കേരള സമൂഹത്തില്‍ ദ്വയാർത്ഥ പ്രയോഗങ്ങള്‍ കുറയ്ക്കാനോ ഇല്ലാതാക്കാനോയുള്ള നീക്കങ്ങളുടെ ക്രെഡിറ്റ് ഹണിക്ക് തന്നെയാണ്. അതിന് അവർ ആദരവ് അർഹിക്കുന്നു. പക്ഷെ നേരത്തെ ഉന്നയിച്ച വിമർശനങ്ങള്‍ അതുപോലെ തന്നെ നിലനില്‍ക്കുന്നുവെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications