ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വെച്ച് 200 രൂപ നല്‍കി, എന്തിന്? വീണ്ടും പണിയാകുമോ? അന്വേഷണം തുടങ്ങി
കൊച്ചി: ഹണി റോസ് നല്‍കിയ പരാതിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും റിമാന്‍ഡ് തടവുകാരനായ ബോബി ചെമ്മണ്ണൂർ ജയിലില്‍ തുടരുകയാണ്. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് താന്‍ ജയിലില്‍ കഴിയുകയാണെന്നും അതിനാല്‍ ഇന്ന് ജാമ്യം നടപ്പാക്കേണ്ടതില്ലെന്നും ബോബി ചെമ്മണ്ണൂർ അഭിഭാഷകരെ അറിയിക്കുകയായിരുന്നു.
ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ദ്വയാർത്ഥ പ്രയോഗങ്ങള്‍ അല്ലാതെ മറ്റെന്താണ് ബോബി ചെമ്മണ്ണൂർ നടത്തിയതെന്ന് ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ട് കോടതി ചോദിച്ചു. ബോബി പറഞ്ഞ കാര്യങ്ങള്‍ വായിച്ചാല്‍ ഏതൊരാള്‍ക്കും അതിലെ ദ്വയാർത്ഥം മനസ്സിലാക്കാം ബോഡി ഷെയ്മിംഗ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ലെന്നും മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തുന്നത് ശരിയല്ലെന്നും പി വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

കർശനമായ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നതും. സമാനമായ കേസുകളിൽ ഉൾപ്പെടരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണമെന്നും നിർദേശിച്ച ഹൈക്കോടതി ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ മജിസ്ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും പറഞ്ഞു. ഏഴ് വർഷത്തില്‍ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് ചെയ്തതെങ്കിലും വ്യക്തമായ കാരണങ്ങള്‍ ഇല്ലെങ്കിലും അറസ്റ്റ് ഒഴിവാക്കണമെന്ന സുപ്രീംകോടതി നിർദേശവും ഹൈക്കോടതി പരിഗണിച്ചു.മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയെന്ന ആരോപണം സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും. ഉന്നത ഉദ്യോഗസ്ഥനൊപ്പം ജില്ലാ ജയിലില്‍ എത്തിയ ബോബി ചെമ്മണ്ണൂരിന്റെ അനുയായികള്‍ സന്ദർശക പട്ടികയില്‍ പേര് ചേർക്കാതെ സൂപ്രണ്ടിന്റെ മുറിയിലിരുന്ന സംസാരിച്ചെന്നാണ് ആരോപണം. ബോബി ചെമ്മണ്ണൂരിന് സൗകര്യമൊരുക്കാൻ വേണ്ടി മാത്രം ഈ ഉന്നത ഉദ്യോഗസ്ഥൻ നേരിട്ടെത്തുകയായിരുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ പേര് മാത്രമാണ് സന്ദർശക ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നിട്ടും മറ്റ് മൂന്നുപേരും ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ ഇരുന്ന് ബോബിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. ബോബി ചെമ്മണ്ണൂരിനായി 200 രൂപ നല്‍കിയതിലും ചട്ടക്രമം പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഫോണ്‍ ചെയ്യാനായിട്ടാണ് 200 രൂപ ബോബി ചെമ്മണ്ണൂരിനായി നല്‍കിയിരിക്കുന്നത്.
റിമാന്‍ഡ് തടവുകാരനായി ജയിലില്‍ എത്തുമ്പോള്‍ ബോബി ചെമ്മണ്ണൂരിന്റെ കൈവശം പണമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് 200 രൂപ ബോബിക്ക് കൈമാറുകയും ഇത് അനധികൃതമായി രേഖകളില്‍ ചേർത്തെന്നുമാണ് വാദം. ഇക്കാര്യങ്ങള്‍ ജയില്‍ അധികൃതർ നിഷേധിക്കുന്നുണ്ടെങ്കിലും ബോബിക്ക് പ്രത്യേക പരിഗണന നൽകുന്നെന്ന വിവരം ജയിലിന് അകത്ത് നിന്ന് തന്നെയാണ് പുറത്ത് വന്നത്. ഇതോടെ ഇക്കാര്യം അന്വേഷിക്കാന്‍ സ്പെഷല്‍ ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു.
അതേസമയം, ബോഡി ഷെയ്‌മിങ് സമൂഹത്തിന് സ്വീകാര്യമല്ലെന്ന് ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ട് വ്യക്തമാക്കിയിരുന്നു. ഒരു വ്യക്തിയെ കുറിച്ച് കറുത്തത്, തടിച്ചത്, മെലിഞ്ഞത്, കുള്ളനാണ് തുടങ്ങിയ പരാമർശങ്ങള്‍ ഒഴിവാക്കണം. 'ഒരു സ്ത്രീയെ അവരുടെ ബാഹ്യരൂപത്തിന്റെ (appearence) അടിസ്ഥാനത്തിൽ വിലയിരുത്തുന്നെങ്കിൽ അതു അവരെയല്ല നിർവചിക്കുക, മറിച്ച് നിങ്ങളെത്തന്നെയാണ്' എന്ന വചനവും കോടതി ഉദ്ധരിച്ചു.
നമ്മുടെ ശരീരവും മനസ്സും ഹൃദയമൊക്കെ മാറും. ഇത് ജീവിതമാണ്. സ്ത്രീയോ പുരുഷനോ ആവട്ടെ, മറ്റുള്ളവരെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ എല്ലാവരും ശ്രദ്ധ പുലർത്തണം. സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും തനിക്ക് യാതൊരു ബന്ധവുമില്ലാത്ത മനുഷ്യരെ അധിക്ഷേപിക്കുന്നവർക്കുളള താക്കീതുകൂടിയാണിത്. ബോബി ചെമ്മണ്ണൂരിനെതിരെ സ്വീകരിച്ചിരിക്കുന്ന നടപടി ഒരുപാട് പേർക്ക് പാഠമായിരിക്കുന്നുവെന്നും ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.












Click it and Unblock the Notifications