ഹണി റോസ് എന്താ മദർതെരേസയാണോ? എന്തെങ്കിലും പറഞ്ഞാല്‍ പിടിച്ച് അകത്തിടുമെന്ന്; രാഹുല്‍ ഈശ്വർ
കേരളത്തില്‍ പുരുഷ കമ്മീഷന്‍ സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍ ശക്തമാക്കിയതായി രാഹുല്‍ ഈശ്വർ. കോടതിയില്‍ നിന്ന് അനുകൂലമായ സമീപനം ഉണ്ടായാല്‍പ്പോലും കാര്യമായി ഒന്നും പറയാനാകാത്ത സ്ഥിതിയാണ് സിനിമ താരങ്ങള്‍ക്കുള്‍പ്പെടെ ഉണ്ടായിട്ടുള്ളത്. അങ്ങനെ പേടിച്ച് ജീവിക്കേണ്ടവരാണോ ഇവിടുത്തെ ആണുങ്ങള്‍. എല്ലാത്തിനും ഒരു സന്തുലിതാവസ്ഥ വേണം. പറ്റുമെങ്കില്‍ കോടതി കുറ്റക്കാരാണെന്ന് പറയുന്നത് വരെ ആണുങ്ങളുടേയും പേരും മുഖവുമൊന്നും കൊടുക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
ഏതെങ്കിലും ഒരു വ്യക്തി തെറ്റുകാരനാണെന്ന് കോടതി പറഞ്ഞാല്‍ തീർച്ചയായും നമുക്ക് ആക്രമിക്കാം. സിനിമ താരം നിവിന്‍ പോളിയുടെ കേസ് എടുത്താല്‍ ഇപ്പോള്‍ പോലും ആരാണ് അദ്ദേഹത്തിനെതിരെ കേസ് കൊടുത്തതെന്ന് നമ്മളില്‍ പലർക്കും അറിയില്ല. എല്‍ദോസ് കുന്നപ്പള്ളി എം എല്‍ എയ്ക്കെതിരെ പരാതി കൊടുത്തും ആരാണെന്നും അറിയില്ല. പക്ഷെ എല്‍ദോസ് മോശക്കാരനായി, കേസ് നേരിട്ടു, മാറി. എന്താണ് കാരണം? നമ്മളെല്ലാം സ്ത്രീപക്ഷമാണ്. സ്ത്രീപക്ഷമായിക്കൊള്ളൂ.. പക്ഷെ പുരുഷ വിരോധമാകരുത് സ്ത്രീപക്ഷം. അതുകൊണ്ടാണ് പുരുഷ കമ്മീഷന്‍ വേണമെന്ന് പറയുന്നത്.

പുരുഷ കമ്മീഷന്‍ വരികയാണെങ്കില്‍ അത് ഒരു നിയമപരമായ ബോഡിയായിരിക്കും. എന്റെ മകന്റെ പിറന്നാള്‍ ദിനമായിരുന്നു കഴിഞ്ഞ ദിവസം. അന്ന് അറസ്റ്റ് ഉണ്ടാകാതിരിക്കാനാണ് ഞാന്‍ കോടതി വഴി നീങ്ങിയത്. എന്നെയെങ്ങാനും അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ ടിവിയില്‍ കാണിക്കുക 'ഹണി റോസിനെ അധിക്ഷേപിച്ച രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു' എന്നായിരിക്കുമല്ലോ.
ഹണി റോസിനെ എവിടെയാണ് ഞാന്‍ അധിക്ഷേപിച്ചത്. ഹണി റോസ് വിമർശനങ്ങള്‍ക്ക് അതീതയാണോ. ഹണി റോസ് മദർതെരേസയാണോ? അല്ലെങ്കില്‍ മഹാത്മാ ഗാന്ധിയാണോ? ഈ നാട്ടില്‍ ആരേയും പോസിറ്റീവായും വിമർശിക്കാന്‍ പാടില്ലേ. ഹണി റോസിനെ മാത്രം വിമർശിക്കരുത് എന്ന് പറയുന്നതില്‍ എന്ത് അർത്ഥമാണ്. ചില മീഡിയക്കാരൊക്കെ ഹണി റോസിനെ സംരക്ഷിച്ച് സേഫ് ആയി നിർത്തും. ഹണി റോസിനെ പറഞ്ഞാല്‍ പിടിച്ച് അകത്തിടുമെന്ന് പറയും. അങ്ങനെയല്ലേ യുവജന കമ്മീഷനും വനിത കമ്മീഷനും സമീപിക്കുന്നത്. എല്ലാവരും ഈ മെന്‍സ് കമ്മീഷന്‍ എന്ന ആശയം കൂടി ശ്രദ്ധിക്കണമെന്ന അപേക്ഷയുണ്ടെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
മെന്‍സ് കമ്മീഷന്‍ എന്ന ആശയവുമായി സുപ്രീംകോടതിയിലേക്ക് പോയെങ്കിലും വിജയം നേടാന്‍ സാധിച്ചില്ല. നയപരമായ കാര്യമാണെന്നാണ് കോടതി എടുക്കുന്ന സമീപനം. ലോക്സഭയില്‍ ഒരു എംപി ഈ വിഷയം ഉന്നയിച്ചു. അപ്പോള്‍ പൊതുവായുള്ള സമീപനം പുച്ഛമായിരുന്നു. 'ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നീട് അവർ നിങ്ങളെ പരിഹസിക്കും, പിന്നീട് നിങ്ങളോട് അവർ യുദ്ധം ചെയ്യും. ആ യുദ്ധം നമ്മള്‍ ജയിക്കും' എന്ന മഹാത്മാ ഗാന്ധിയുടെ ആശയമാണ് ഞങ്ങള്‍ അന്ന് അവരോട് പറഞ്ഞത്. ഇപ്പോള്‍ കുറേ അവഗണനയും കളിയാക്കലുമൊക്കെ നേരിടേണ്ടി വരുമെങ്കിലും നാളെ അങ്ങനെയൊരു കമ്മീഷന്‍ വരുന്നതിന് വേണ്ടിയാണ് ഈ പരിശ്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications