ഗവർണർക്ക് എത്ര ജീവനക്കാർ; 114 പേരെന്ന് വിവരാവകാശം, കാറിന് 70 ലക്ഷവും ദാനം ചെയ്യാന്‍ 13 ലക്ഷവും നല്‍കി
കോഴിക്കോട്: സർക്കാറുമായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ തുറന്ന പോർമുഖങ്ങളിലൊന്നായിരുന്നു മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം. കേരളത്തിലെ മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിന്റെ ബാഹുല്യവും ബാധ്യതയും മറ്റൊരു സംസ്ഥാനത്ത് ഇല്ലെന്ന തരത്തിലായിരുന്നു ഗവർണ്ണറുടെ വിമർശനം. ഇതോടെയാണ് ഇടത് കേന്ദ്രങ്ങളില്‍ നിന്നും രാജ് ഭവനിലെ ജീവനക്കാരെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയർന്ന് വരാന്‍ തുടങ്ങിയത്.
സോഷ്യല്‍ മീഡിയയിലെ ചോദ്യങ്ങള്‍ക്കപ്പുറം വിവരാവകാശത്തിലൂടെ ജീവനക്കാരുടെ എണ്ണം നിയമപരമായി തന്നെ തേടുകയും ചെയ്തിരുന്നു. എന്നാല്‍ രാജ്ഭവനിലെ ജീവനക്കാരുടെ എണ്ണത്തില്‍ ഒളിച്ചു കളി നടക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

101 ജീവനക്കാരുടെ വിവരങ്ങളായിരുന്നു രാജ്ഭവന്‍ വെബ്സൈറ്റിലൂടെ നല്‍കിയിരുന്നത്. എന്നാല്‍ വിവരാവകാശമുള്ള ചോദ്യത്തിന് ലഭിച്ച മറുപടിയില്‍ പറയുന്നത് 114 പേരുടെ വിവരങ്ങളാണ്. എന്നാല്‍ സർക്കാർ ജീവനക്കാരുടെ വേതനം കൈമാറുന്ന സ്പാർക്കിന്റെ കയ്യിലുള്ള വിവരങ്ങള്‍ പ്രകാരം രാജ് ഭവനിലുള്ള ജീവനക്കാരുടെ എണ്ണം 144 പേരാണ്.

സ്പാർക്കില്‍ നിന്നുള്ള വിവരപ്രകാരം 144 പേരില്‍ 70 പേരാണ് സ്ഥിര നിയമനക്കാർ. ബാക്കിയുള്ള 74 പേർ താല്‍ക്കാലിക ജീവനക്കാരാണ്. ഇതോടൊപ്പമാണ് നൂറിലധിക്കം കരാർ ജീവനക്കാർ ഉള്‍പ്പടെ 240 ഓളം പേർ ഗവർണ്ണറുടെ സ്റ്റാഫിലുണ്ടെന്ന ആരോപണവും സോഷ്യല്‍ മീഡിയയില്‍ ശക്തമാവുന്നത്. രാജ്ഭവനിലെ വീട്ടു ജോലിക്കാർ മാത്രം 70 പേർ വരുമെന്നാണ് മാധ്യമം പുറത്ത് വിട്ട റിപ്പോർട്ടില്‍ പറയുന്നത്.

താല്‍ക്കാലിക ജീവനക്കാരും കരാർ ജീവനക്കാരും ഉള്‍പ്പടെ രാജ്ഭവന്റെ എല്ലാ ചിലവും വഹിക്കുന്നതും സംസ്ഥാന സർക്കാരാണ്. ഇതിലൂടെ ഭാരിച്ച ചിലവും സർക്കാറിനുണ്ടാവുന്നുണ്ട്. ഒരു വർഷം കൂടിപ്പോയാല്‍ നൂറില്‍ താഴെ ഫയലുകള്‍ മാത്രമാണ് ഗവർണ്ണർ ഒപ്പിടുന്നത്. ഇത് പരിശോധിക്കുന്ന ജീവനക്കാരില്‍ എല്ലാവരും വാങ്ങുന്നത് ഉയർന്ന ശമ്പളവുമാണ്.

രണ്ട് ലക്ഷത്തിന് മേല്‍ ശമ്പളം കൈപ്പറ്റുന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ 50000 ത്തിലധികം മാസവേതനം വാങ്ങുന്ന 40 പേരാണ് രാജ് ഭവനിലുള്ളത്. ഉദ്യോഗസ്ഥർക്ക് പുറമെ, അലക്കുകാരന്‍, തയ്യല്‍ക്കാരന്‍, ആശാരി, പാചകക്കാർ തുടങ്ങിയവരും രാജ്ഭവന് സ്വന്തമായിട്ടുണ്ട്. ഗവർണ്ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റ പല സ്ഥിരം നിയമനങ്ങളും നടന്നിട്ടുമുണ്ട്.

12 പേരെ സ്ഥിരപ്പെടുത്തണമെന്ന ഗവർണ്ണറുടെ ആവശ്യം അംഗീകരിക്കാന്‍ സർക്കാർ തുടക്കത്തില്‍ തയ്യാറായിരുന്നില്ല. മൂന്ന് മാസത്തോളം വൈകിയാണ് പിന്നീട് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതോടെയാണ് ഗവർണ്ണറും സർക്കാറും തമ്മിലുള്ള പോർമുഖം തുറക്കുന്നത്. സർക്കാറിന്റെ എല്ലാ ചെലവിനും നിയമസഭ വോട്ടെടുപ്പിലൂടെയാണ് അംഗീകാരം നല്‍കുന്നത്. എന്നാല്‍ രാജ്ഭവനിലെ ചിലവിന് ഇത് ബാധകമല്ല.

ട്രഷറിയിൽ പണമില്ലെങ്കിൽപോലും രാജ്ഭവന്റെ ബില്ലുകൾ അംഗീകരിക്കണമെന്ന ചട്ടമാണ് നിലവിലുള്ളത്. ഗവർണറുടെ വാർഷിക ശമ്പളവും ആനുകൂല്യങ്ങളും മാത്രം 42 ലക്ഷത്തോളം വരും. വിമാനയാത്ര ഇനത്തില്‍ മാത്രം ഗവർണ്ണർക്ക് കഴിഞ്ഞ വർഷം 13 ലക്ഷവും ഈ വർഷം 12 ലക്ഷവും കൈമാറിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 13.5 ലക്ഷം ഗവർണ്ണർ ദാനമായി നല്‍കിയതും 70 ലക്ഷം രൂപയുടെ മെഴ്സിഡസ് ബെന്‍സി വാങ്ങിയതിന്റെയും ബാധ്യത സർക്കാറിനാണ്.












Click it and Unblock the Notifications