എനിക്ക് വ്യത്യസ്ത നിലപാടല്ല, പെട്ടി വിഷയവും പാലക്കാട് ചർച്ച ചെയ്യും'; എംവി ഗോവിന്ദൻ
പാലക്കാട് പെട്ടി വിഷയവും ചർച്ചയാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണം പെട്ടി പ്രശ്‌നത്തില്‍ ചുറ്റിയാകരുതെന്ന കൃഷ്ണദാസിന്റെ നിലപാടിന് സമാനമായി എംവി ഗോവിന്ദനും പ്രതികരിച്ചെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് പാർട്ടി സെക്രട്ടറി നയം വ്യക്തമാക്കിയത്.
'പെട്ടിപ്രശ്നം സംബന്ധിച്ച് ഞാൻ വ്യത്യസ്ത അഭിപ്രായം പറഞ്ഞെന്ന നിലയിൽ വാർത്തകൾ വരുന്നുണ്ട്. എന്നാൽ കുഴൽപ്പണ പ്രശ്നമായ പെട്ടി വിഷയം ഉൾപ്പടെയുള്ള മുഴുവൻ കാര്യങ്ങളും പാലക്കാട് തിരഞ്ഞെടുപ്പിൽ ചർച്ചക്ക് വിധേയമാകുക തന്നെ ചെയ്യും. എന്നാൽ പെട്ടിപ്രശ്നം മാത്രമാണ് ചർച്ച ചെയ്യേണ്ടതെന്ന് ഞങ്ങൾ കരുതുന്നില്ല', എംവി ഗോവിന്ദൻ പറഞ്ഞു.

ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും എല്ലാക്കാലത്തും ഇടതുപക്ഷം ചർച്ചയാക്കിയിട്ടുണ്ടെന്നും ഇനിയും ചർച്ച ചെയ്തുകൊണ്ടേയിരിക്കും', എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം പെട്ടിയിലേക്ക് ആകരുത് എൽഡിഎഫ് ഫോക്കസ് എന്നും പാർട്ടി പത്രം ഉൾപ്പെടെ തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തട്ടെയെന്നുമായിരുന്നു എൻഎൻ കൃഷ്ണദാസ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
'തെരഞ്ഞെടുപ്പിൽ മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടത്. അവർ വെക്കുന്ന കെണിയിൽ വീഴരുതെന്നാണ് ഞാൻ പാർട്ടി പ്രവർത്തകരോട് പറഞ്ഞത്. അതിന് തനിക്ക് ബാധ്യത ഉണ്ട്. പോലീസിന്റെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടായെന്ന് കരുതുന്നില്ല. പോലീസ് വിഷയം അന്വേഷിക്കുന്നുണ്ട്. പോലീസിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. കള്ളപ്പണം ഒഴുക്കിയിട്ടുണ്ടെങ്കിൽ അത് പോലീസ് അന്വേഷിച്ച് കണ്ടുപിടിക്കണം', കൃഷ്ണദാസ് പറഞ്ഞു.
കള്ളപ്പണം ആരോപണവും പിന്നാലെ ഹോട്ടലിൽ നടന്ന പോലീസ് റെയ്ഡുമെല്ലാം കോൺഗ്രസിന്റെ തന്നെ തിരക്കഥയാണോയെന്ന സംശയം ആദ്യം ഉന്നയിച്ചത് എൽ ഡി എഫ് സ്ഥാനാർത്ഥിയായ പി സരിനായിരുന്നു. ' സി പി എം-ബി ജെ പി ബന്ധം ആരോപിക്കാൻ ബോധപൂർവ്വം പ്ലാറ്റ്ഫോം ഉണ്ടാക്കിയെടുത്തതാണോയെന്ന് അന്വേഷിക്കണം. പോലീസിന് എവിടെ നിന്നാണ് വിവരം ലഭിച്ചത്. ഇത് താത്കാലിക ലാഭത്തിന് വേണ്ടി പയറ്റിയ തന്ത്രമാണോ. മൂന്ന് തവണ ജയിച്ച എം എൽ എയ്ക്ക് ആ മോഡ് ഓഫ് ഓപ്പറാന്റി അറിയാം', എന്നായിരുന്നു സരിന്റെ വാക്കുകൾ. എന്നാൽ സരിന്റെ ആരോപണം സി പി എം ജില്ലാ സെക്രട്ടറി തള്ളി. തങ്ങളുടെ നിലപാടല്ല സരിൻ ആ പാർട്ടിയിൽ അംഗമായിരുന്നതിനാൽ അവരുടെ ഉള്ളുകളികൾ അറിയാമെന്നും അതായിരിക്കാം അത്തരമൊരു അഭിപ്രായം പങ്കുവെച്ചതെന്നുമാണ് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പറഞ്ഞത്. അതേസമയം ഇന്ന് കൃഷ്ണദാസിന്റെ അഭിപ്രായത്തേയും സുരേഷ് ബാബു തള്ളിയിരുന്നു.












Click it and Unblock the Notifications