ജേക്കബ് തോമസിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരം തള്ളി, സമരം അവസാനിപ്പിച്ചു

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഐഎഎസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന കൂട്ട അവധിയെടുക്കല്‍ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. സമരം ശരിയായ നടപടിയല്ലെന്ന് ഐഎഎസ് അസോസിയേഷന്‍ ഭാരവാഹികളുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു ചര്‍ച്ച.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ കേസുകളില്‍ അദ്ദേഹത്തിനെതിരേ നടപടിയെടുക്കുമോ എന്ന ചോദ്യത്തിന് അത് പിന്നീട് പരിഗണിക്കേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജേക്കബ് തോമസിനെതിരായ ആരോപണങ്ങള്‍ നേരത്തെ അന്വേഷിച്ചതാണ്. പലതും വ്യാജമാണെന്ന് കണ്ടെത്തി. മറ്റു ചിലത് കോടതിയുടെ പരിഗണനയിലാണ്. വിജിലന്‍സസ് അന്വേഷിച്ച കാര്യം എങ്ങനെ ധനകാര്യ വകുപ്പിന് അന്വേഷിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

സമരം ശരിയായ നടപടിയല്ല

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം ആദ്യമായല്ല. അവരുടെ പ്രതിഷേധം ഗൗരവമായി കാണുന്നു. എന്നാല്‍ സമരം ശരിയായ നടപടിയല്ല. ഏത് വിഷയത്തിലും സ്വതന്ത്ര അന്വേഷണം വേണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. അന്വേഷണത്തിനെതിരായ വികാരം സ്വാഭാവികമാണ്. അത് മനസിലാക്കുന്നു. സമരം സര്‍ക്കാരിന് എതിരല്ലെന്ന് ഐഎഎസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

കൂട്ടഅവധി

ഉദ്യോഗസ്ഥര്‍ക്കെതിരേ മനപ്പൂര്‍വം കേസെടുക്കുകയാണെന്നും ഇതു സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നതിനാലാണ് ഫയലുകള്‍ നീങ്ങാത്തതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ബന്ധുനിയമന കേസില്‍ വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ പ്രതി ചേര്‍ത്തതാണ് ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ കൂട്ടഅവധിയെടുക്കലിന് കാരണം.

പ്രതിഷേധത്തിന് കാരണം

കഴിഞ്ഞദിവസം ധനകാര്യഅഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗമാണ് ജേക്കബ് തോമസിനെതിരേ പ്രതിഷേധം ശക്തമക്കാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെയായിരുന്നു ചീഫ് സെക്രട്ടറിക്ക് കൂട്ട അവധി അപേക്ഷ നല്‍കിയത്. 40 ഐഎഎസ് ഉദ്യോഗസ്ഥരാണ് അവധിക്ക് അപേക്ഷ നല്‍കിയത്.

സമരം നിര്‍ത്തി

അതേസമയം, ചര്‍ച്ചക്ക് ശേഷം സമരം അവസാനിപ്പിക്കുകയാണെന്ന് ഐഎഎസ്് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എല്ലാ കാര്യങ്ങളിലും വിശദമായ ചര്‍ച്ച പിന്നീട് നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടപ്പോള്‍ അറിയിച്ചിരുന്നില്ല.

English summary
Chief Minister rule out IAS Officer's protest, Strike is not suitable way for protest, CM says. Chief minister takes stand to protect Vigilance Director Jacob Thomas. After the talk IAS association declaired prtotest will stoped.
Please Wait while comments are loading...