പിണറായിയെ ഇഡി അറസ്റ്റ് ചെയ്താല്‍ ആദ്യം പ്രതിഷേധം നടത്തുക രാഹുല്‍ ഗാന്ധി: കെ സുരേന്ദ്രന്‍
കൽപ്പറ്റ: അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്താൽ ആദ്യം പ്രതിഷേധവുമായി ഇറങ്ങുക രാഹുൽ ഗാന്ധിയായിരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കെജരിവാളിനെ എന്താണ് അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു പി സി സി അദ്ധ്യക്ഷൻ അജയ് മാക്കൻ ചോദിച്ചിരുന്നത്. അതിന് വേണ്ടി ഔദ്യോഗികമായി അജയ് മാക്കൻ കത്തും അയച്ചു. എന്നാൽ അറസ്റ്റ് ചെയ്തപ്പോൾ രാജ്യം മുഴുവൻ പ്രതിഷേധിച്ചതും കോൺഗ്രസായിരുന്നു. എന്തായാലും പിണറായി വിജയൻ അഴിമതിക്കാരനാണെന്ന് രാഹുൽ ഗാന്ധി സമ്മതിച്ചത് നന്നായെന്നും സുരേന്ദ്രൻ പറഞ്ഞു.

അഴിമതിക്കാരനാണെന്ന് ബോധ്യമായിട്ടും പിണറായി വിജയനെ എന്തിനാണ് രാഹുൽ ഗാന്ധി കൂടെ കൂട്ടുന്നത്? കേരളത്തിൽ നിന്നുള്ള ജനപ്രതിനിധിയായിട്ട് കൂടി മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ എന്താണ് രാഹുൽ ഇതുവരെ ശബ്ദിക്കാതിരുന്നത്? അഴിമതിക്കെതിരെ മിണ്ടാതിരിക്കുന്നത് ന്യായീകരിക്കാനാവാത്ത തെറ്റാണ്. അഴിമതി ആരോപണം നേരിടുന്ന രാഹുൽ ഗാന്ധി അഴിമതിക്കാരുമായി ചേർന്നുണ്ടാക്കിയ സഖ്യമാണ് ഐൻഡി മുന്നണി. നിലനിൽപ്പിനു വേണ്ടിയുള്ള ഈ മുന്നണി ഈ തിരഞ്ഞെടുപ്പോടെ നാമാവശേഷമായി മാറും. എല്ലാ അഴിമതിക്കാർക്കും തടവറ ഉറപ്പാണ്. അതാണ് മോദി ഗ്യാരൻ്റിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കൽപ്പറ്റയിൽ കരുത്തുകാട്ടി പര്യടനം
ആയിരക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കി കൽപ്പറ്റയിൽ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ്റെ പര്യടനം. തൃക്കൈപ്പറ്റയിൽ നിന്നുമായിരുന്നു സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്. വയനാട്ടിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനമെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ചുരം ബദൽ റോഡ് നിർമ്മിച്ച് യാത്രാ ദുരിതത്തിന് പരിഹാരം കാണും.
മെഡിക്കൽ കോളേജ് പ്രവർത്തന സജ്ജമാക്കി ആരോഗ്യരംഗം മെച്ചപ്പെടുത്തും. വന്യമൃഗശല്യം പരിഹരിക്കാനുള്ള ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കൈപ്പറ്റയിൽ നിന്നും മുട്ടിലിലേക്ക് നടന്ന റോഡ് ഷോയിൽ നൂറുകണക്കിന് ബൈക്കുകളാണ് പങ്കെടുത്തത്. തുടർന്ന് മുട്ടിൽ ടൗണിൽ നടന്ന പൊതുയോഗത്തിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനും സംവിധായകനുമായ മേജർ രവി പങ്കെടുത്തു.
പള്ളിക്കുന്ന് നിന്ന് കോട്ടത്തറയിലേക്ക് ബൈക്ക് റാലികളുടെ അകമ്പടിയോടെ സ്ഥാനാർത്ഥി എത്തി. തോട്ടം മേഖലയായ ആറാംമൈൽ, പൊഴുതന, കാവുംമന്ദം, പടിഞ്ഞാറത്തറ വഴി പനമരത്ത് പര്യടനം അവസാനിപ്പിച്ചു. പൂതാടിയിൽ നടന്ന കുടുംബസംഗമത്തിലും കെ.സുരേന്ദ്രൻ പങ്കെടുത്തു. സജി ശങ്കർ, അഖിൽ പ്രേം, സിന്ധു അയിരവീട്, സുബിഷ് ടിഎം, സജി എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications