സംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു; എറണാകുളത്ത് ഡെങ്കിപ്പനി പടരുന്നു, ഒരു മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി പനി ബാധിതരുടെയും മറ്റ് രോഗികളുടെയും എണ്ണം ഉയരുന്നു. ഇന്ന് ഒരൊറ്റ ദിവസം സംസ്ഥാനത്ത് ആകെ ഒൻപത് പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആദ്യ കോളറ കേസ് റിപ്പോർട്ട് ചെയ്‌ത നെയ്യാറ്റികരയിൽ പുതിയതായി ആറ് പേർക്കും കാസർഗോഡ് മൂന്ന് പേർക്കുമാണ് ഇന്ന് കോളറ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നെയ്യാറ്റിൻകരയിലെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരം ജില്ലയിൽ ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി ഉയർന്നിട്ടുണ്ട്. നെയ്യാറ്റികരയിൽ രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ ഐരാണിമുട്ടം ഐസൊലേഷന്‍ വാര്‍ഡിലും രണ്ട് പേര്‍ മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയിലുള്ളത്. തിരുവനന്തപുരത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ള ഏഴ് പേരിൽ ആറ് പേരും നെയ്യാറ്റിൻകരയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്.

രണ്ട് തമിഴ്‌നാട് സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർക്കാണ് കാസർഗോഡ് ജില്ലയിൽ ഇന്ന് കോളറ സ്ഥിരീകരിച്ചത്. കാസർഗോഡ് സ്വദേശി അടുത്തിടെ തമിഴ്‌നാട്ടിൽ ക്ഷേത്ര ദർശനം നടത്തിയിരുന്നു. അവധിക്ക് നാട്ടിൽ പോയി വന്നവരാണ് രോഗബാധ കണ്ടെത്തിയ തമിഴ്‌നാട് സ്വദേശികൾ. എങ്കിലും ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.
അതിനിടെ എറണാകുളത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. കളമശ്ശേരി സ്വദേശി ഇബ്രാഹിമാണ് ഡെങ്കിപ്പനി ബാധിച്ചു മരിച്ചത്. മേഖലയിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണ്. ദിവസങ്ങൾക്ക് മുൻപ് പെയ്‌ത മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ടുകൾ തുടരുന്നുണ്ട്. ഇവിടെയാണ് കൊതുകുകൾ പെരുകുന്നത്.
അതേസമയം, സംസ്ഥാനത്തെ പനിബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആരോഗ്യ വകുപ്പിന്റെ പുതിയ കണക്കുകൾ പ്രകാരം13,196 പേരാണ് ഇന്ന് പനി ചികിത്സയ്ക്കായി വിവിധ ആശുപത്രികളിലെത്തിയത്. ഇതിൽ 145 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 416 പേർ ഡെങ്കിപനിയുടെ രോഗ ലക്ഷണവുമായി വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 42 പേർക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മഴ മാറി നില്ക്കുകയാണെകിലും മഴജന്യ രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും ഒട്ടും കുറവില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൾ നൽകുന്ന സൂചന.












Click it and Unblock the Notifications