കെ സുരേന്ദ്രന് ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി നൽകി ഇൻസ്പെക്ടർ, പിന്നാലെ സസ്പെൻഷൻ
തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിന് പേരക്കുട്ടിയുടെ ചോറൂണിന് വന്ന തൃശൂര്‍ സ്വദേശിനി ലളിതയെ പ്രായം സംശയിച്ച് സന്നിധാനത്ത് വെച്ച് ആക്രമിച്ച സംഭവത്തിലാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അഴിയെണ്ണുന്നത്. ഭക്തയെ തടഞ്ഞതിന് പിന്നിലെ ഗൂഢാലോചന കെ സുരേന്ദ്രനടക്കമുളളവരുടേതാണ് എന്നാണ് പോലീസ് പറയുന്നത്.
കെ സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും. അതിനിടെ കെ സുരേന്ദ്രനെ സഹായിച്ചതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥന് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്.

ആഴ്ചകളായി അഴിയെണ്ണി സുരേന്ദ്രൻ
ഭക്തയെ സന്നിധാനത്ത് വെച്ച് ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ദിവസങ്ങളായി കൊട്ടാരക്കര സബ്ജയിലിലാണ് കെ സുരേന്ദ്രന്‍. വിവിധ കേസുകളില്‍ ജാമ്യം നേരത്തെ തന്നെ ലഭിച്ചുണ്ടെങ്കിലും പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് സുരേന്ദ്രന്‍. ശബരിമല കേസില്‍ ജാമ്യമില്ല എന്നതാണ് പുറത്തിറങ്ങുന്നതിന് സുരേന്ദ്രന് മുന്നിലുളള തടസ്സം.

ആരോപണങ്ങൾ പൊളിഞ്ഞു
കേസില്‍ അറസ്റ്റിലായത് മുതല്‍ പോലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ സുരേന്ദ്രന്‍ ഉന്നയിച്ചിരുന്നു. പോലീസ് മര്‍ദിച്ചുവെന്നും ഭക്ഷണം തന്നില്ലെന്നും ഇരുമുടിക്കെട്ട് വലിച്ച് താഴെയിട്ടുവെന്ന് വരെ സുരേന്ദ്രന്‍ ആരോപിക്കുകയുണ്ടായി. ഇരുമുടിക്കെട്ട് നാടകം സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പൊളിയുകയുണ്ടായി. മെഡിക്കല്‍ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ ഹാജരാക്കിയതോടെ മര്‍ദിച്ചുവെന്ന ആരോപണവും പൊളിഞ്ഞു.

ഇൻസ്പെക്ടർക്ക് പണി കിട്ടി
സുരേന്ദ്രന്‍ പോലീസിനെതിരെ ആണെങ്കിലും പോലീസിനകത്തും കെ സുരേന്ദ്രനെ സഹായിക്കാന്‍ ആളുകളുണ്ട്. കൊല്ലം എആര്‍ ക്യാപിലെ റിസര്‍വ് ഇന്‍സ്‌പെക്ടറായ ജി വിക്രമന്‍ നായരാണ് കെ സുരേന്ദ്രനെ സഹായിച്ച് പണി ചോദിച്ച് വാങ്ങിയിരിക്കുന്നത്. കൊട്ടാരക്കര ജയിലില്‍ നിന്നും റാന്നി കോടതിയിലേക്ക് കൊണ്ടുപോകാനുളള സുരക്ഷാ ചുമതലയുളള ഉദ്യോഗസ്ഥനാണ് ജി വിക്രമന്‍ നായര്‍.

ഹോട്ടൽ ഭക്ഷണം നൽകി
കോടതിയിലേക്ക് പോകുംവഴി സുരേന്ദ്രന് ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കി എന്നതാണ് പോലീസുകാരനെ പ്രശ്‌നത്തിലാക്കിയത്. മാത്രമല്ല ഇത് ചോദ്യം ചെയ്ത മേലുദ്യോഗസ്ഥരോട് ധിക്കാരപരമായി സംസാരിക്കുകയും ചെയ്തതായി ആരോപണമുണ്ട്. കൂടാതെ കണ്ണൂര്‍ കോടതിയിലേക്ക് കൊണ്ടുപോകവേ സുരേന്ദ്രന് മാധ്യമങ്ങളോട് സംസാരിക്കാന്‍ സ്വാതന്ത്ര്യം നല്‍കി എന്നും ആരോപണമുണ്ട്.

ചൂടോടെ സസ്പെൻഷൻ
ഇന്‍സ്‌പെക്ടര്‍ അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടെത്തിയതോടെ വിക്രമന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. കൊല്ലം റൂറല്‍ എസ്പിയും കമ്മീഷണറും മേലധികാരികള്‍ക്ക് വിക്രമന്‍ നായര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പ്രകാരമാണ് റേഞ്ച് ഐജി മനോജ് എബ്രഹാം സസ്‌പെന്‍ഷന് ഉത്തരവിട്ടിരിക്കുന്നത്. മാധ്യമങ്ങളുമായോ പാര്‍ട്ടിക്കാരുമായോ സംസാരിക്കാന്‍ സുരേന്ദ്രനെ അനുവദിക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു.

കുറ്റപ്പെടുത്തി സുരേന്ദ്രൻ
മാത്രമല്ല, പ്രതികളുമായി സഞ്ചരിക്കുമ്പോള്‍ വിശ്രമം അനുവദിക്കാവുന്ന ഇടങ്ങള്‍ എആര്‍ ക്യാമ്പ്, പോലീസ് സ്‌റ്റേഷന്‍, ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് എന്നിവിടങ്ങള്‍ മാത്രമാണ്. ഈ നിയന്ത്രണങ്ങളെല്ലാം ഇന്‍സ്‌പെക്ടര്‍ ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍. വിക്രമന്‍ നായര്‍ക്കെതിരെ നടപടിയെടുത്തതിനെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. ടിപി കേസിലെ പ്രതികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നവരാണ് തനിക്ക് ചായ വാങ്ങിത്തന്ന പോലീസുകാരനെതിരെ നടപടിയെടുത്തിരിക്കുന്നതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
കേരളം വിട്ട് ഉമ്മൻചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്, കോട്ടയത്ത് നിന്ന് മത്സരിക്കും?