'ചതിക്കുഴിയില്‍ വീഴാതിരിക്കുക: ഉമ്മന്‍ചാണ്ടി ദൈവമല്ല, നല്ല മനുഷ്യനാണ്': വൈറല്‍ കുറിപ്പ്
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാനായി ദിവസവും നൂറ് കണക്കിന് ആളുകളാണ് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. കല്ലറയ്ക്ക് സമീപം സന്ദർശകർ എഴുതിവെച്ച പ്രാർത്ഥനയും നിവേദനങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതോടൊപ്പം തന്നെയാണ് ഉമ്മന്‍ ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന ആവശ്യം പുരോഹിതന്മാരും ഉയർത്തുന്നത്.
ഇത്തരം ചർച്ചകള്‍ സജീവമാവുന്നതിനിടയിലാണ് ഇത് സംബന്ധിച്ച വേറിട്ടൊരു കുറിപ്പ് ശ്രദ്ധേയമായി മാറുന്നത്. ഉമ്മന്‍ചാണ്ടി സാർ ദൈവമല്ല, മനുഷ്യന്‍ തന്നെയാണെന്നാണ് സാമൂഹ്യപ്രവര്‍ത്തകനുമായ റോബര്‍ട്ട് കുര്യാക്കോസിന്റെ കുറിപ്പ്. മറിച്ചുള്ള പ്രചരണങ്ങള്‍ മരിച്ചതിനുശേഷവും അദ്ദേഹം ബാക്കിവച്ചുപോയ ജനപ്രീതിയില്‍ അസ്വസ്ഥരായവരുടെ സൃഷ്ടിയാണെന്നും അദ്ദേഹം കുറിക്കുന്നു. റോബർട്ടിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഉമ്മന്‍ചാണ്ടി സാർ ദൈവമല്ല,മനുഷ്യന്‍ തന്നെയാണ്. അല്ലാതെയുള്ള വ്യാഖ്യാനങ്ങള്‍ മരിച്ചതിനുശേഷവും അദ്ദേഹം ബാക്കിവച്ചുപോയ ജനപ്രീതിയില്‍ അസ്വസ്ഥരായവരുടെ സൃഷ്ടിയാണ്. ഉമ്മന്‍ചാണ്ടി സാറിനെ സ്‌നേഹിക്കുന്നവരുടേതും ഇപ്പോഴും അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവരുടേതും അല്ല. ഇനി അല്പം വിശദീകരിച്ചു തന്നെ പറയാം.
പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറ തേടി വരുന്നവരില്‍ ക്രിസ്തീയവിശ്വാസികളും ഇതരമതസ്ഥരുമുണ്ട്. ആദ്യം ക്രിസ്തീയവിശ്വാസികളുടെ കാര്യം. ഓര്‍ത്തഡോക്‌സ് സഭയും കത്തോലിക്കസഭയുമല്ലാം എപ്പിസ്‌കോപ്പല്‍ സഭകളെന്ന് അറിയപ്പെടുന്നു. ഈ സഭകള്‍ പരേതരുടെ മധ്യസ്ഥതയില്‍ വിശ്വസിക്കുന്നവരാണ്. മരിച്ചുപോയവരുടെ ആത്മാവിന് നമുക്കുവേണ്ടി കൂടുതലായി പ്രാര്‍ഥിക്കാന്‍ കഴിയുമെന്ന് ഈ സഭകളിലുള്ളവര്‍ കരുതുന്നു. അത് മുതുമുത്തച്ഛന്മാരോ മുത്തശ്ശിമാരോ പിതാവോ മാതാവോ പ്രിയപ്പെട്ട മറ്റാരെങ്കിലുമോ ഒക്കെയാകാം.
മരിച്ചുപോയവരുടെ ചിത്രങ്ങള്‍ ക്രിസ്തുരൂപത്തിനൊപ്പം വെച്ച് പ്രാര്‍ഥിക്കുന്നതും അവരോട് പ്രാര്‍ഥനയില്‍ ഒപ്പം ചേര്‍ക്കണമേ എന്ന് അപേക്ഷിക്കുന്നതും അതുകൊണ്ടാണ്.ദൈവമായി കരുതിയില്ല,ദൈവത്തോട് ചേര്‍ന്നുനില്കുന്ന മനുഷ്യരായി കരുതിയാണ് ഈ അപേക്ഷ.
ഇനി ഇതരമതസ്ഥരുടെ കാര്യം. പുതുപ്പള്ളിയിലെ കല്ലറയിലേക്ക് ഒഴുകിയെത്തുന്നവരില്‍ പലര്‍ക്കും ഉമ്മന്‍ചാണ്ടി ദൈവത്തിന് തുല്യനായിരുന്നു. (ഓര്‍ക്കുക,ദൈവമല്ല) അദ്ദേഹത്തിന്റെ സ്‌നേഹവും കനിവും ഒരിക്കലെങ്കിലും കിട്ടിയവര്‍. അവരുടെ നന്ദിപ്രകടനവും അവസാനകാഴ്ചയ്‌ക്കെത്താനാകാതെ പോയതിന്റെ സങ്കടപ്രണാമവുമാണ് പുതുപ്പള്ളിയില്‍ ഇപ്പോള്‍ കാണുന്നത്. മരിച്ചെങ്കിലും ഉമ്മന്‍ചാണ്ടി സാറിൻ്റെ കാരുണ്യം ഈ ഭൂമിയില്‍ ബാക്കിയാകുന്നുവെന്നും അത് ഏതെങ്കിലുമൊക്കെ രൂപത്തില്‍ വീണ്ടും തങ്ങളിലേക്കെത്തുമെന്നാണ് അവരുടെ വിശ്വാസം.
നന്മയുള്ള ഒരു മനുഷ്യന്റെ ഓര്‍മകള്‍ക്കും എന്തെങ്കിലുമൊക്കെ ചെയ്യാനാകും എന്ന് വിശ്വസിക്കുന്നതില്‍ എന്താണ് തെറ്റ്? പുതുപ്പള്ളി പള്ളിയിലെത്തുന്നവരുടെ ഉള്ളിലും ഉമ്മന്‍ചാണ്ടി എന്ന ദൈവമല്ല,നല്ലമനുഷ്യന്‍ തന്നെയാണുള്ളത്. ഈ വസ്തുത മറച്ചുവെച്ചുകൊണ്ടാണ് ചിലര്‍ അദ്ദേഹത്തെ ദൈവമായി ചിത്രീകരിച്ചുകൊണ്ടുള്ള ട്രോളുകള്‍ സൃഷ്ടിക്കുന്നത്. ഇതരപാര്‍ട്ടിയിലുള്ളവര്‍ പോലും ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യനെ അംഗീകരിക്കുന്നവരാണ്.
അവരൊന്നും ഇങ്ങനെയുള്ള പരിഹാസപ്പടപ്പുകള്‍ പടച്ചുവിടുകയുമില്ല. ഇത് കുറേ വികൃതമനസ്സുകളുടെ സൃഷ്ടിയാണ്. അവര്‍ക്ക് ഉമ്മന്‍ചാണ്ടിയെ ദൈവമാക്കണം. എന്നാലേ ഇങ്ങനെയൊരു മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നുവെന്ന് പറഞ്ഞാല്‍ നാളെ ആളുകള്‍ അവിശ്വസിക്കൂ. നാളേക്കുള്ള അവിശ്വാസത്തിനുവേണ്ടിയാണ് ഇന്നത്തെ ദൈവവിശ്വാസം. അഥവാ നാളെ മിത്തെന്ന് വിളിക്കാനായി ഇന്നൊരു ദൈവം. ദയവുചെയ്ത് ആ ചതിക്കുഴിയില്‍ വീഴാതിരിക്കുക.












Click it and Unblock the Notifications