എങ്ങനെ സാധിക്കുന്നു; സ്പീക്കര്‍ ഷംസീറിന് ജ്യോതിഷമുണ്ടോ എന്ന് ചെന്നിത്തല
സ്പീക്കര്‍ സ്പീക്കറുടെ ജോലി മര്യാദയ്ക്ക് ചെയ്യണമെന്നും താന്‍ ജയിക്കണോ എന്ന് പാലക്കാട്ടെ ജനങ്ങള്‍ തീരുമാനിക്കുമെന്നും ഷാഫി പറമ്പില്‍

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്രശ്‌നം ചര്‍ച്ച ചെയ്യവെ ബഹളത്തില്‍ മുങ്ങിയ നിയമസഭയില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞ വാക്കുകള്‍ വിവാദമായിരിക്കുകയാണ്. പ്രതിപക്ഷ അംഗങ്ങളുടെ പേരെടുത്ത് വിളിച്ച് നിങ്ങള്‍ അടുത്ത തവണ തോല്‍ക്കുമെന്നും ജനങ്ങള്‍ കാണുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. എല്ലാവരും ചെറിയ മാര്‍ജിനില്‍ ജയിച്ചവരാണ്. 16ാം നിയമസഭയില്‍ വരേണ്ടതാണ്. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവരോടാണ് സ്പീക്കര്‍ ഇത്തരത്തില്‍ സംസാരിച്ചത്. ഇതിനെതിരെ ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയും ചെയ്തു. ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന് ഭാവി പ്രവചിക്കാന്‍ ഷംസീറിന് ജ്യോതിഷമുണ്ടോ എന്നാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചത്. സ്പീക്കര്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ ഇങ്ങനെയാണ്... ''സ്പീക്കര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം. നിയമസഭയിലെ എല്ലാ അംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ സ്പീക്കര്‍, ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന് പറഞ്ഞത് പിന്‍വലിച്ച് മാപ്പ് പറയണം. സ്പീക്കര്‍ ഷംസീറിന് ജ്യോതിഷമുണ്ടോയെന്ന് അറിയില്ല. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് മുന്നാം തവണ ഷാഫി പറമ്പില്‍ വിജയിച്ചത്. സ്പീക്കര്‍ നിലവിട്ടു പെരുമാറാന്‍ പാടില്ല. ഭരണകക്ഷിക്ക് വേണ്ടിയല്ല നില്‍ക്കേണ്ടത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പവിത്ര സംരക്ഷിക്കേണ്ടതാണ് സ്പീക്കര്‍. എല്ലാ നഗരസഭയിലെയും പ്രശ്നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ കഴിയില്ലെന്നാണ് സ്പീക്കര്‍ പറയുന്നത്...''
ബ്രഹ്മപുരം വിഷയം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിച്ചപ്പോഴും മുഖ്യമന്ത്രി പ്രതികരിക്കാത്തതും ശ്രദ്ധിക്കപ്പെട്ടു. ബ്രഹ്മപുരം പോലുള്ള വിഷയങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന് സ്പീക്കര്‍ നിലപാടെടുത്തതും വിവാദമായി. മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
കേരളത്തില്‍ 900ത്തിലധികം തദ്ദേശ സ്ഥാപനങ്ങളുണ്ട്. എല്ലായിടത്തും ചെറിയ പ്രശ്‌നങ്ങളുണ്ടാകും. അതൊന്നും ഇവിടെ വന്ന് ചര്‍ച്ച ചെയ്യാന്‍ പറ്റില്ല, സോറി എന്നായിരുന്നു സ്പീക്കറുടെ നിലപാട്. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ പോലെ മന്ത്രിമാരെ ഏല്‍പ്പിക്കാനാകില്ല. പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് അഴിഞ്ഞാട്ടമാണ് നടന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
സ്പീക്കര്‍ക്ക് ഷാഫി പറമ്പില്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു- അടുത്ത തവണ താന്‍ മല്‍സരിക്കണോ എന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുക. അങ്ങനെ മല്‍സരിപ്പിച്ചാല്‍ ഞാന്‍ ജയിക്കണോ വേണ്ടയോ എന്ന് പാലക്കാട്ടെ ജനങ്ങള്‍ തീരുമാനിക്കും. അതുമായി ബന്ധപ്പെട്ട പ്രഖ്യാപന അവകാശം പാലക്കാട്ടുള്ള ജനങ്ങള്‍ സ്പീക്കറെ ഏല്‍പ്പിച്ചിട്ടില്ല. സ്പീക്കര്‍ സ്പീക്കറുടെ ജോലി മര്യാദയ്ക്ക് എടുക്കണം. ഞാന്‍ തോറ്റിട്ട് പാലക്കാട് ആരാണ് ജയിക്കേണ്ടത് എന്നുകൂടെ സ്പീക്കര്‍ ആലോചിക്കണം. എന്താണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നു കൂടി പറയണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications