ഇതോ കാശ്മീരിലെ സമാധാനം? അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനത്തിനെതിരെ വി ശിവദാസന്‍ എംപി
ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭ എംപിയും സി പി എം നേതാവുമായ വി ശിവദാസന്‍. അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി എഴുന്നൂറോളം പേരെ ജമ്മു കശ്മീരില്‍ തടവിലാക്കിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പി എസ്എ പ്രകാരം ഒരാളെ 2 വര്‍ഷം വരെ വിചാരണ കൂടാതെ തടവില്‍ വെക്കാന്‍ കഴിയും. ഇത്രയും ആളുകള്‍ തീവ്രവാദികളാണെങ്കില്‍ ജമ്മു കശ്മീരില്‍ എന്ത് സമാധാനമാണ് കേന്ദ്ര സര്‍ക്കാര്‍ അവിടെ സ്ഥാപിച്ചതെന്നും അദ്ദേഹം ചോദിച്ചു.
'ഇതോ കാശ്മീരിലെ സമാധാനം? അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി എഴുന്നൂറോളം പേരെയാണ് ജമ്മു കശ്മീരില്‍ തടവിലാക്കിയിരിക്കുന്നത്. പി.എസ്.എ പ്രകാരം ഒരാളെ 2 വര്‍ഷം വരെ വിചാരണ കൂടാതെ തടവില്‍ വെക്കാന്‍ കഴിയും. ഇത്രയും ആളുകള്‍ തീവ്രവാദികളാണെങ്കില്‍ ജമ്മു കശ്മീരില്‍ എന്ത് സമാധാനമാണ് സ്ഥാപിച്ചത്? സംശയത്തിന്റെ പേരില്‍ കാരാഗൃഹത്തിലടക്കപ്പെടുന്ന നിരവധിയായ നിരപരാധികളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക?'- വി ശിവദാസന്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു.

കാശ്മീരിലെ കുല്‍ഗാം എംഎല്‍എയും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ യുസഫ് തരിഗാമി ഉള്‍പ്പെടെ നിരവധി നേതാക്കളെ കേന്ദ്ര സര്‍കാര്‍ മുന്‍പ് ഇത്തരത്തില്‍ നീണ്ട കാലത്തോളം ജയിലിലടച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ കേന്ദ്ര സര്‍കാര്‍ പറഞ്ഞത് ജമ്മു കശ്മീരില്‍ ഇനി മുതല്‍ സമാധാനം പുലരുമെന്നായിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണ്. തുടര്‍ച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളില്‍ സൈനികരുള്‍പ്പെടെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ഇന്ന് ഇന്ത്യാ രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രിക്ക് എഴുന്നൂറോളം പേരെ തടവിലാക്കാതെ കശ്മീരില്‍ കാല് കുത്താന്‍ കഴിയില്ലെന്ന അവസ്ഥയിലെത്തിയിരിക്കുന്നു. നീണ്ട കാലത്തോളം ജയിലിലടക്കപ്പെടുന്ന നിരപരാധികള്‍ക്ക് പിന്നീട് സര്‍ക്കാരിലും ഭരണ സംവിധാനങ്ങളിലും വിശ്വാസം നഷ്ടപ്പെടാനിടയുണ്ട്. അത് തീവ്രവാദം ശക്തമാകാന്‍ കാരണമാകും. കേന്ദ്ര സര്‍ക്കാര്‍ അത് മനസ്സിലാക്കുകയും ജമ്മു കശ്മീരില്‍ ജനാധിപത്യവും സമാധാനവും സ്ഥാപിക്കാന്‍ മുന്‍കൈ എടുക്കുകയുമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിലീപ് സിനിമാ ലൊക്കേഷനില്‍ ജോജുവിന് പിറന്നാള്‍ ആഘോഷം: വൈറലായി ചിത്രങ്ങള്‍
അതേസമയം, കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന നിര്‍ണ്ണായക പ്രഖ്യാപനം സന്ദര്‍ശനത്തിന്റെ ഭാഗമായി അമിത് ഷ നടത്തിയിട്ടുണ്ട്. സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം മണ്ഡല പുനര്‍നിര്‍ണയം നടക്കണം. ലോക്‌സഭാ-നിയമസഭാ മണ്ഡലങ്ങള്‍ പുനര്‍ നിര്‍ണയിക്കും. അതിന് ശേഷം തിരഞ്ഞെടുപ്പ് നടക്കും. അതുകഴിഞ്ഞാണ് സംസ്ഥാന പദവി കശ്മീരിന് പുനഃസ്ഥാപിക്കുകയെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.












Click it and Unblock the Notifications