ജെയ്ക്ക് സി തോമസ്: സിഎംഎസ് സമരത്തിലൂടെ ഉയർന്ന് വന്ന വിദ്യാർത്ഥി നേതാവ്, ഉമ്മന്‍ ചാണ്ടി വിറച്ച 2021
ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളി കോട്ടയില്‍ 9044 എന്ന ഭൂരിപക്ഷത്തില്‍ തളച്ചിട്ടതിന്റെ ആത്മവിശ്വാസവുമായാണ് ജെയ്ക്ക് സി തോമസ് ഉപതിരഞ്ഞെടുപ്പിന് ഇറങ്ങിയിരിക്കുന്നത്. 2016 ലാണ് ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെങ്കിലും അന്ന് നേരിടേണ്ടി വന്നത് കനത്ത പരാജയമായിരുന്നു. 27092 വോട്ടിന്റെ ഭൂരിപക്ഷമാണ് ജെയക്കിനെതിരെ ഉമ്മന്‍ ചാണ്ടി അന്ന് നേടിയത്.
അഞ്ച് വർഷത്തിന് ശേഷം അതേ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 9044 ലേക്ക് കുറയ്ക്കാനും ജെയ്ക്കിന് സാധിച്ചു. പുതുപ്പള്ളി മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളായിരുന്നു അദ്ദേഹത്തിന്റെ മത്സരത്തില്‍ നിർണ്ണായകമായത്. ഉമ്മന്‍ ചാണ്ടിയുടെ മരണത്തിലൂടെ പുതപ്പള്ളി ആദ്യമായി ഉപതിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ജെയക്ക് അല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയേയും സിപിഎമ്മിന് അധികം ആലോചിക്കേണ്ടി വന്നില്ല.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന കേരളത്തിലെ പ്രമുഖ യുവ നേതാക്കളില്‍ ഒരാളാണ് ജെയ്ക്ക് സി തോമസ്. എസ് എഫ് ഐ കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായിരുന്നു. നിലവില്‍ സി പി എം നിലവിൽ കോട്ടയം ജില്ലാ കമ്മിറ്റി അംഗമായ ജെയ്ക്ക് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്ര കമ്മിറ്റിയിലും അദ്ദേഹമുണ്ട്.
കോട്ടയം കളത്തിപ്പടി ഗിരിദീപം ബഥനി സ്‌കൂളില്‍നിന്ന് പ്ലസ് ടു പൂര്‍ത്തിയാക്കി. കോട്ടയം സിഎംഎസ് കോളേജില്‍ നിന്ന് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദപഠനം പൂർത്തിയാക്കിയശേഷം ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ അണ്ണാമലൈ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. യുവജനക്ഷേമ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
മണർകാട് സ്വദേശിയായ ജെയ്‌ക്ക് ഇടക്കാലത്ത് സൺഡേ സ്കൂൾ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. മണർകാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിനു കീഴിലുള്ള കുഴിപ്പുരയിടം സൺഡേ സ്‌കൂളിലുമായിരുന്നു ജെയ്ക്ക് അധ്യാപകനായിരുന്നത്. കുഴിപ്പുരയിടം സൺഡേ സ്‌ക്കൂളിന്റെ ജോ:സെക്രട്ടറിയായും പ്രാർഥനായോഗത്തിന്റെ സെക്രട്ടറിയുമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 8 വർഷം അവിടത്തെ അവധിക്കാല ബൈബിൾ പഠന ക്ലാസായ JSVBS അധ്യാപകനുമായിരുന്നു.
ഒന്നര മാസത്തോളം സിഎംഎസ് കോളേജില്‍ നടന്ന സമരം ജെയ്ക്കിന്റെ വിദ്യാർത്ഥി രാഷ്ട്രീയ ജീവിതത്തിലെ പ്രധാന സംഭവമാണ്. സിഎംഎസ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. ജെയ്ക്കിനെ കോളേജില്‍ നിന്നും പുറത്താക്കിയതിനെതിരെ എസ്എഫ്ഐ നടത്തിയ സമരത്തിനൊടുവില്‍ അദ്ദേഹത്തിന് കോഴ്സ് പൂർത്തിയാക്കാനുള്ള അവസരം കോളേജ് നല്‍കുകയായിരുന്നു. എസ്എഫ്ഐയുടെ മുഖമാസികയായ സ്റ്റുഡന്റിന്റെ എഡിറ്ററായും ജെയ്ക്ക് പ്രവർത്തിച്ചിട്ടുണ്ട്.
മണര്‍കാട് ചിറയില്‍ പരേതനായ എം ടി തോമസിന്റെയും അന്നമ്മയുടെയും മകനാണ് ജെയ്‌ക്. ഗീതു തോമസാണ് ഭാര്യ. സഹോദരൻ സി.ടി. തോമസ് വ്യാപാരിയാണ്.












Click it and Unblock the Notifications