അമീറുളിന്റെ മൊഴി തെറ്റെന്ന് ജിഷയുടെ അമ്മ; പോലീസ് കുഴപ്പത്തില്‍
പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ ഒന്നരമാസത്തെ അന്വേഷണത്തിനൊടുവില്‍ പോലീസ് പിടികൂടിയ അസം സ്വദേശി അമീറുള്‍ ഇസ്ലാം പറയുന്നത് തെറ്റാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി. അമീറുള്‍ ജിഷയുമായി പ്രണയത്തിലായിരുന്നെന്നും, കുളിക്കടവില്‍ വെച്ചുണ്ടായ സംഭവം വിദ്വേഷത്തിന് കാരണമായെന്നും ദ്വിഭാഷി ലിപ്ടണ്‍ ബിശ്വാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാല്‍, ദ്വിഭാഷിയുടെ വിശദീകരണം രാജേശ്വരി തള്ളിക്കളഞ്ഞു. ജിഷയ്ക്ക് ആരോടും പ്രണയമുണ്ടായിരുന്നില്ലെന്നും കുളിക്കടവില്‍വെച്ച് അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും രാജേശ്വരി പറയുന്നു. പ്രതി അമീറുളിനെ താന്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തോ കാരണമാണെന്നും അവര്‍ പറഞ്ഞു.

ജിഷയുടെ കൊലപാതകവുമായി പ്രതിയെ ബന്ധിപ്പിക്കുന്ന കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കെ ജിഷയുടെ അമ്മ തന്നെ പലകാര്യങ്ങളും നിഷേധിക്കുന്നത് പോലീസ് അന്വേഷണത്തെ കാര്യമായി ബാധിക്കും. വിചാരണ വേളയില്‍ പ്രതിക്ക് ഏറെ സഹായകരമാകുന്നതാകും ജിഷയുടെ അമ്മയുടെ മൊഴി.
അതുകൊണ്ടുതന്നെ ജിഷയുടെ അമ്മയുടെ വിശദീകരണപ്രകാരം പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. പ്രതിയുടെ മൊഴി രാജേശ്വരി നിഷേധിക്കുകയാണെങ്കില്‍ പോലീസിന് കോടതിയില്‍ കാര്യങ്ങള്‍ വിശദീകരിക്കുക എളുപ്പമാകില്ല. ജിഷയുമായി ഏറെ അടുപ്പമുണ്ടായിരുന്നു എന്നതിനാല്‍ രാജേശ്വരിയുടെ മൊഴി കോടതിയില്‍ ഏറെ നിര്‍ണായകമാകും.












Click it and Unblock the Notifications