Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഡിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം: ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുമെന്ന് പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സംസ്ഥാനസര്‍ക്കാരിന്റെ നീക്കം നിയമവിരുദ്ധവും ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നടപടിയുമാണെന്ന് എന്‍ഡിഎ സംസ്ഥാന കണ്‍വീനറും കാട്ടാക്കടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ പി.കെ. കൃഷ്ണദാസ്. ഇത് ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളെ തകര്‍ക്കുന്നതാണ്. കാവല്‍മന്ത്രിസഭയ്ക്ക് നയപരമായ തീരുമാനമെടുക്കാന്‍ അധികാരമില്ലെന്നും കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

PK Krishnadas

യൂണിയന്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള അന്വേഷണ ഏജന്‍സിയാണ് എന്‍ഫോഴ്‌സ്‌മെന്റ്. ഇതിനെ ചോദ്യം ചെയ്യാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമില്ല. 1952 ലെ അന്വേഷണകമ്മീഷന്‍ നിയമമനുസരിച്ച് ജനങ്ങളുടെ പൊതുതാത്പര്യം മാനിച്ച് ഇത്തരം അന്വേഷണ കമ്മീഷനെ നിയമിക്കാം. എന്നാല്‍ സ്വര്‍ണ കടത്ത്, ഡോളര്‍ കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പെട്ടവര്‍ക്കെതിരെയുള്ള അന്വേഷണം ജനങ്ങളെ ഒരുതരത്തിലും നേരിട്ട് ബാധിക്കുന്നതല്ല.

കേരളം ഒരു പ്രത്യേകരാജ്യമാണെന്നും അതിന്റെ രാജാധിരാജന്‍ താനെന്നുമാണ് പിണറായി വിജയന്‍ ധരിച്ചിരിക്കുന്നത്. സ്വര്‍ണ-ഡോളര്‍ കടത്ത് കേന്ദ്ര ഏജന്‍സികള്‍ വന്ന് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി തന്നെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. എന്നാല്‍ അന്വേഷണം മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും എതിരാണെന്ന് കണ്ടപ്പോഴാണ് ഇഡിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇവരുടെ അധോലോകബന്ധം സംശയാതീതമായി തെളിഞ്ഞു കഴിഞ്ഞു. അതില്‍ നിന്ന് രക്ഷപ്പെടാനാണ് ശ്രമം. സര്‍ക്കാരിന് അന്തസ്സും അഭിമാനവും ഉണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണ തീരുമാനം പുനഃപരിശോധിക്കണം. അധാര്‍മികവും ഭരണഘടനയ്ക്ക് എതിരും നിയമവിരുദ്ധവുമായ ഈ തീരുമാനത്തിന് പീറ കടലാസിന്റെ പോലും വിലയില്ല. മടയില്‍ കനമുള്ളവനേ വഴിയില്‍ പേടിയുള്ളൂ എന്നാണ് മുഖ്യമന്ത്രി വീമ്പിളക്കിയിരുന്നത്. എന്നാല്‍ മടിയില്‍ കനമുണ്ടെന്നാണ് ഇപ്പോഴത്തെ നടപടിയിലൂടെ വ്യക്തമാകുന്നത്. ഈ അധോലോക ഇടതുസര്‍ക്കാരിനെതിരെ ഉള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലം.
ധനമന്ത്രി തോമസ് ഐസക് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ നടത്തിയ മോശപ്പെട്ട പദപ്രയോഗം അനുയോജ്യമായത് മന്ത്രിസഭാ തീരുമാനത്തിനാണ്. ആരുടെ ഉപദേശപ്രകാരമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയത്. ഇത്തരം ഉപദേശകരുടെ പിന്നാലെ പോയാല്‍ കേരളത്തിന്റെ ഭാവി ഇരുണ്ടതാകും. വ്യാജവോട്ടും ഇരട്ടവോട്ടും ചേര്‍ത്തതിന് പിന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന ഗൂഢാലോചനയുണ്ട്. ഇത് ആസൂത്രിതമായ ജനാധിപത്യ അട്ടിമറിയാണ്. അധികാരത്തുടര്‍ച്ച ഉണ്ടാകുമെന്ന് ഉറപ്പിച്ചു പറയാന്‍ പിണറായിയെ പ്രേരിപ്പിക്കുന്നത് ലക്ഷക്കണക്കിന് ഇരട്ട വോട്ടുകളാണ്.

കഴിഞ്ഞ കാലത്ത് ഒരുലക്ഷം വോട്ടിന്റെ വ്യത്യാസത്തില്‍ കേരളത്തില്‍ മുന്നണികള്‍ അധികാരം നേടുകയും നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇവിടെ നാലുലക്ഷത്തിലധികം വോട്ടുകളാണ് ഇരട്ടിപ്പിച്ചിരിക്കുന്നത്. ഈ വോട്ടുകള്‍ പൂര്‍ണമായും പട്ടികയില്‍ നിന്ന് നീക്കം ചെയ്യണം. ഈ ആവശ്യം ഉന്നയിച്ച് ബിജെപി സംസ്ഥാനനേതൃത്വം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കും. അതോടൊപ്പം ബിജെപി കേന്ദ്രനേതൃത്വം ദല്‍ഹിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും കൃഷ്ണദാസ് പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധന അഴിമതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണ്. അദ്ദേഹത്തിന്റെ അറിവോടെയാണ് ധാരണാപത്രം ഒപ്പിട്ടത്. ഇതില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. കാവല്‍ മുഖ്യമന്ത്രിയായി പോലും അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിന് ധാര്‍മികമായ അവകാശമില്ല. മുഖ്യമന്ത്രിയുടെ മുഖം ജനം വ്യക്തമായി മനസ്സിലാക്കി. ഇത്രയും അഴിമതി നടത്തിയ മുഖ്യമന്ത്രിയും സര്‍ക്കാരും ഭാരതത്തിന്റെ ചരിത്രത്തില്‍ അപൂര്‍വമാണ്.
അഴിമതിക്കഥകള്‍ പുറത്തുവന്നതോടെ വിഭ്രാന്തിയിലായ സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അക്രമം അഴിച്ചുവിട്ടിരിക്കുന്നു. കഴിഞ്ഞദിവസം അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കാട്ടാക്കടയില്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ ധര്‍ണ ഇരിക്കേണ്ടിവന്നു. വെള്ളിയാഴ്ച ശോഭ സുരേന്ദ്രന്റെ പര്യടന വാഹനത്തിനു നേരെ സിപിഎമ്മുകാര്‍ അക്രമം നടത്തി. കുറ്റവാളികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ശോഭയ്ക്കും പ്രവര്‍ത്തകര്‍ക്കും സിപിഎം ബൂത്തുകമ്മിറ്റി ഓഫീസിനു മുന്നില്‍ മണിക്കൂറുകളോളം കുത്തിയിരിപ്പു സമരം നടത്തേണ്ടി വന്നു. കരുനാഗപ്പള്ളിയില്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇത്തരം അക്രമങ്ങള്‍ അരങ്ങേറി. പരാജഭീതി മൂലം പരിഭ്രാന്തരായ സിപിഎം അക്രമത്തില്‍ നിന്ന് പിന്തിരിയണമെന്നും കൃഷ്ണദാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+