ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ പഴമൊഴി: കെ സുധാകരന് മറുപടിയുമായി എംവി ജയരാജന്‍
കണ്ണൂർ: കെ റെയില്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം നേതാവ് എംവി ജയരാജന്‍. കെ-റെയിൽ പദ്ധതിയുടെ സർവേകുറ്റികൾ പിഴുതെറിയുമെന്ന കെ പി സി സി പ്രസിഡന്റിന്റെ നിയമലംഘനത്തിനുള്ള ആഹ്വാനം ക്രിമിനൽ കുറ്റമാണെന്നാണ് എംവി ജയരാജന്‍ വ്യക്തമാക്കുന്നത്. ഈ ആഹ്വാനം കേട്ടാണ് മാടായിപാറയിൽ ക്രിമിനൽസംഘം കല്ലുകൾ നശിപ്പിച്ചത്. ഡി സി സി പ്രസിഡന്റ് സ്ഥാനം മുമ്പ് കത്തിയും വാളും കാട്ടി പിടിച്ചെടുത്തത് പോലെ സർവേ കല്ലുകൾ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്ത് വികസന പദ്ധതി തകർക്കാനുള്ള പരിശ്രമമാണ് കെ പി സി സി പ്രസിഡന്റ് ആഹ്വാനം ചെയ്തതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറയുന്നു.
ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ പഴമൊഴി. ഭൂവുടമകൾക്ക് നാലിരട്ടി നഷ്ടപരിഹാരം ഉൾപ്പെടെയുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചതോടെ കേരളത്തിന്റെ ഭാവി വികസനത്തിനു വളരെയേറെ പ്രയോജനകരമായ കെ റെയിൽ പദ്ധതിയുമായി സഹകരിക്കാൻ ജനങ്ങൾ തയ്യാറാവുകയാണ്. ജനസമക്ഷം സിൽവർ ലൈൻ ക്യാമ്പയിൻ പരിപാടി മന്ത്രിമാരുടെ നേതൃത്വത്തിൽ ആരംഭിച്ചതോടെ വെറളി പിടിച്ച വികസന വിരുദ്ധ രാഷ്ട്രീയക്കാരുടെ പേക്കൂത്തുകൾ വികസന തല്പരരായ ജനങ്ങൾ അംഗീകരിക്കില്ല. മട്ടന്നൂർ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ പ്രഖ്യാപിച്ചതിനേക്കാൾ ജനപക്ഷ പാക്കേജാണ് ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പുനരധിവാസത്തിന് 1730 കോടിയും വീടുകളുടെ നഷ്ടപരിഹാരത്തിനു 4400 കോടിയുമാണ് നൽകുക. പിന്നെ എന്തിന് ഭൂവുടമകൾ പദ്ധതിയെ എതിർക്കണം.

മാടായിപാറയിൽ ഭൂവുടമകളല്ല, കോൺഗ്രസ്സ് ബി ജെ പി അരാജക സംഘങ്ങളാണ് കല്ലുകൾ നശിപ്പിച്ചത്. ഇക്കൂട്ടരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കണം. കല്ലുകകൾ നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത നേതാവിന്റെ പേരിലും കേസെടുക്കണം. മുമ്പ് കീഴാറ്റൂർ ബൈപാസിന്റെ സമയത്ത് ജനങ്ങളെ ഇളക്കിവിട്ടതുപോലെ കെ-റെയിൽ പദ്ധതിയുടെ കാര്യത്തിലും ജനങ്ങളെ നിയമവിരുദ്ധ ചെയ്തികൾക്കായി പ്രേരിപ്പിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. നിയമപരമായി എതിർക്കാൻ കഴിയില്ല എന്നു വന്നപ്പോഴാണ് നിയമവിരുദ്ധ കുറ്റങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. കീഴാറ്റൂരിൽ എങ്ങനെയാണോ സമരം അവസാനിച്ചത് അതേ ഗതിയായിരിക്കും ഇപ്പോൾ ഈ വികസന വിരുദ്ധ രാഷ്ട്രീയക്കാരുടെ കെ-റെയിൽ വിരുദ്ധ സമരത്തിനും ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കേരളത്തിൻ്റെ നട്ടെല്ല് തകർത്ത് സ്വകാര്യ കമ്പനിയിൽ നിന്ന് കോടികൾ കമ്മീഷൻ വാങ്ങാനുള്ള പിണറായി വിജയൻ്റെ കെ-റെയിൽ പദ്ധതി ഒരു കാരണവശാലും നടത്തിക്കില്ലെന്നായിരുന്നു കെ സുധാകരന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. യാതൊരു വിധ ടെൻഡർ നടപടികളും ഇല്ലാതെ ലക്ഷം കോടിയുടെ കരാർ ഒരു ഏജൻസിയ്ക്ക് കൊടുക്കാൻ ഖജനാവിലെ പണം പാർട്ടി ഓഫീസിൽ നിന്നോ പിണറായി വിജയൻ്റെ കുടുംബത്ത് നിന്ന് കൊണ്ടുവന്നതോ അല്ല.ലാവ് ലിനേക്കാൾ ഇരട്ടി കമ്മീഷൻ വാങ്ങാൻ പിണറായി വിജയൻ ആസൂത്രണം ചെയ്യുന്ന കാലഹരണപ്പെട്ട പദ്ധതിയാണ് കെ-റയിലെന്നും അദ്ദേഹം ആരോപിച്ചു.
കുറഞ്ഞ ചെലവിൽ യാത്രാ സൗകര്യം മെച്ചപ്പെടുത്താനുള്ള ബദൽ സംവിധാനങ്ങൾ ഇവിടുണ്ട്. വലിയ നഷ്ടം നേരിടേണ്ടി വരുന്ന ജനതയോട് മുഖ്യമന്ത്രി ഗിരിപ്രഭാഷണം നടത്തിയിട്ട് കാര്യമില്ല. പാരിസ്ഥിതികമായും സാമ്പത്തികമായും കേരളത്തെ തകർത്തെറിയാൻ പോകുന്ന കെ റയിൽ പദ്ധതിയ്ക്ക് സിപിഎം പോഷക സംഘടനകളും ഘടകകക്ഷികളും അണികളും എതിരാണ്.
കെ റയിൽ നടത്തണമെന്ന വാശിയോടെ സർക്കാർ മുന്നോട്ട് പോയാൽ യുദ്ധസന്നാഹമൊരുക്കി കോൺഗ്രസ് തടുക്കും. കോടതി വിധി മാനിക്കാതെ കെ റെയിൽ സ്ഥാപിച്ച കല്ലുകൾ ഞങ്ങൾ പിഴുതെറിയും.
ക്രമസമാധാന പ്രശ്നം സർക്കാർ നോക്കിക്കോളൂവെന്നും കെ സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications