കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്‌കരിക്കണം, ബ്രോഡ്‌ഗേജ് മതി
തിരുവനന്തപുരം: കെ റെയിൽ നടപ്പാക്കുന്നതിൽ നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ. പദ്ധതിയുടെ ഡിപിആർ പരിഷ്‌കരിക്കണമെന്നാണ് റെയിൽവേ മന്ത്രാലയം വീണ്ടും അറിയിച്ചിരിക്കുന്നത്. വർഷങ്ങളായി കേരളം അനുമതി കാത്തുകിടക്കുന്ന പദ്ധതിയിൽ തങ്ങളുടെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. സിൽവർ ലൈൻ പദ്ധതി നിലവിൽ നിർദ്ദേശിച്ചിട്ടുള്ള സ്‌റ്റാൻഡേർഡ് ഗേജിന് പകരം ബ്രോഡ് ഗേജിലേക്ക് മാറ്റണമെന്നാണ് റെയിൽവേ ആവശ്യപ്പെടുന്നത്.
റെയിൽവേ ശൃംഖലയുമായി യോജിക്കുന്നതാണ് ബ്രോഡ് ഗേജ്. ഗുജറാത്തിലെ സർക്കേജ്-ധൊലേറ അർധ അതിവേഗ റെയിൽ ബ്രോഡ് ഗേജിലാണ് വികസിപ്പിക്കുന്നതെന്നാണ് ഇതിന് ഉദാഹരണമായി റെയിൽവേ ചൂണ്ടിക്കാണിക്കുന്നത്. ഇത് കണക്കിലെടുത്ത് പശ്ചിമ റെയിൽവേയുമായി ചർച്ച നടത്തി സിൽവർ ലൈൻ പദ്ധതിയിലും മാറ്റം വരുത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. നേരത്തെയും ഇതേ നിലപാട് തന്നെയാണ് പദ്ധതിയിൽ റെയിൽവേ മുന്നോട്ട് വച്ചിരുന്നത്.

റെയിൽവേ മന്ത്രാലയത്തിന്റെ ആവശ്യം പക്ഷേ കേരളം നേരത്തെ തള്ളിയിരുന്നു. പാതയുടെ ഗേജ് മാറ്റുന്നത് ട്രെയിനുകളുടെ വേഗതയെയും പദ്ധതിയുടെ സവിശേഷതകളെയും ബാധിക്കുമെന്നാണ് കെ റെയിൽ അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. സ്‌റ്റാൻഡേർഡ് ഗേജാണ് സിൽവർ ലൈനിന് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ കെ റെയിൽ അധികൃതർ റെയിൽവേ മന്ത്രാലയത്തിന്റെ നിർദ്ദേശം പാലിക്കാൻ കഴിയില്ലെന്നാണ് അറിയിച്ചിരുന്നത്.
ഇതോടെ പദ്ധതിയുടെ ഭാവി വീണ്ടും ചോദ്യ ചിഹ്നമാവുകയാണ്. കെ റെയിൽ തന്നെ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ പലകുറി ആവർത്തിക്കുന്നത്. നിലവിലെ ഡിപിആറിൽ നിന്ന് മാറ്റം വേണ്ടെന്നാണ് അവർ പറയുന്നത്. കെ റെയിൽ അധികൃതരും ഇതേ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.
അടുത്തിടെ തിരുവനന്തപുരം-കാസർഗോഡ് ആർആർടിഎസ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് സിൽവർ ലൈൻ വീണ്ടും ചർച്ചയാവുന്നത്. കെ-റെയിൽ എംഡിക്ക് റെയിൽവേ ബോർഡ് ഫെബ്രുവരി 27ന് അയച്ച കത്തിലാണ് ഡിപിആർ പുതുക്കുന്നത് അടക്കമുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ 'റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്‌റ്റം' നടപ്പിലാക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. നേരത്തെ പ്രഖ്യാപിച്ചിരുന്ന സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ നിന്നും സാങ്കേതിക അനുമതി ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഈ നീക്കം. ഇപ്പോൾ സിൽവർ ലൈനിൽ ചർച്ച സജീവമായതോടെ സർക്കാർ അയയുമോ എന്നാണ് അറിയേണ്ടത്.
മണിക്കൂറിൽ 160 മുതൽ 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാവുന്ന രീതിയിലാണ് ആർആർടിഎസ് വിഭാവനം ചെയ്യുന്നത്. കൂടാതെ പൂർണമായും തൂണുകൾക്ക് മുകളിലൂടെയുള്ള പാതയ്ക്കാണ് മുൻഗണന നൽകുന്നത്. ഡൽഹി മാതൃകയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 20 ശതമാനം വീതം മുടക്കുകയും ബാക്കി 60 ശതമാനം വിഹിതം അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് വായ്‌പയായി കണ്ടെത്തുകയുമാണ് ചെയ്യുക.












Click it and Unblock the Notifications