കാരുണ്യ പദ്ധതി: ഉമ്മന്‍ചാണ്ടിയുടെയും മാണിയുടെയും ആത്മാക്കളെ കുത്തിനോവിക്കുന്നെന്ന് സുധാകരന്‍
തിരുവനന്തപുരം: മുന്‍ മന്ത്രി കെ എം മാണിയോടുള്ള വിരോധം മൂലമാണ് കാരുണ്യ പദ്ധതിയെ എല്‍ ഡി എഫ് സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്യുന്നത് എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു. ആരോഗ്യ സുരക്ഷാ പദ്ധതിയായ കാരുണ്യയ്ക്ക് സര്‍ക്കാര്‍ വരുത്തി വെച്ച കുടിശ്ശിക 1,55 കോടിയിലധികമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഉമ്മന്‍ ചാണ്ടിയുടെയും കെ എം മാണിയുടെയും ആത്മാക്കളെ കുത്തിനോവിക്കുന്ന സമീപനമാണ് കാരുണ്യ പദ്ധതിയോടുള്ള സര്‍ക്കാരിന്റെ തുടര്‍ച്ചയായ അവഗണന. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ചതും മാണി ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചിരുന്നതുമായ പദ്ധതിയാണ് ഇത്. കുടിശ്ശിക പെരുകുന്നതിനാല്‍ പല ആശുപത്രികളിലും സാധാരണക്കാര്‍ക്കുള്ള സൗജന്യ ചികിത്സ ബാലികേറാമലയായി,' സുധാകരന്‍ പറഞ്ഞു.

ചികിത്സാ ചെലവിന്റെ 20 ശതമാനം കഴിച്ചുള്ള തുക രോഗി തന്നെ കണ്ടെത്തേണ്ട ഗതികേടാണ് എന്നും ദരിദ്രരായ 62000 കുടുംബങ്ങളാണ് ചികിത്സാ സൗജന്യമില്ലാതെ ദുരിതത്തിലായിരിക്കുന്നത് എന്നും സുധാകരന്‍ പറഞ്ഞു. കാരുണ്യ പദ്ധതിക്ക് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കിയിരുന്നത് എന്നും പദ്ധതിയുടെ ധനസമാഹരണത്തിന് കാരുണ്യ ലോട്ടറി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ലോട്ടറിയില്‍ നിന്ന് കിട്ടുന്ന തുക പദ്ധതി നടത്തിപ്പിനായി നീക്കി വെച്ചിരുന്നു. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മുന്‍വൈര്യാഗത്തോടെയാണ് കാരുണ്യ പദ്ധതിയെ സമീപിച്ചത്. മറ്റ് ചില പദ്ധതികളുമായി ഇതിനെ ബന്ധപ്പെടുത്തി മാണിക്ക് ഉള്‍പ്പെടെ ഏറെ ജനപ്രീതി നേടിക്കൊടുത്ത പദ്ധതിയെ ഇല്ലായ്മ ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതില്‍ കേരള കോണ്‍ഗ്രസ് എം നിശബ്ദത പാലിക്കുന്നത് ദുരൂഹമാണ് എന്നും സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമായ ആരോഗ്യ സുരക്ഷാ പദ്ധതിയെ നശിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നും സുധാകരന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ എത്തിയത് മുതല്‍ കേരള കോണ്‍ഗ്രസ് എമ്മിനോട് സിപിഎമ്മിനും സിപിഐക്കും ചിറ്റമ്മ നയമാണ് എന്നും അദ്ദേഹം ആരോപിച്ചു.
കേരള കോണ്‍ഗ്രസിനെ സിപിഎമ്മിന്റെയും സിപിഐയുടെയും പ്രവര്‍ത്തകര്‍ വേണ്ട രീതിയില്‍ സ്വീകരിച്ചിട്ടില്ല. സമീപകാലത്തെ തിരഞ്ഞെടുപ്പുകളിലെ അവരുടെ തോല്‍വി വിലയിരുത്തുമ്പോള്‍ ഇതാണ് മനസിലാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസില്‍ തോമസ് ചാഴികാടനെ പരസ്യമായി വിമര്‍ശിച്ചതും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പരാജയവും അതാണ് ചൂണ്ടിക്കാട്ടുന്നത്.
കാരുണ്യ പദ്ധതിയോട് സംസ്ഥാന സര്‍ക്കാരും ധന വകുപ്പും കാട്ടുന്ന സമീപനം കൂടി ഇതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ എല്‍ ഡി എഫില്‍ കേരള കോണ്‍ഗ്രസ് എത്രത്തോളം ഒറ്റപ്പെട്ടു എന്നത് വ്യക്തമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications