'വീണ ജോർജ് വഞ്ചനയുടെ ആൾരൂപം, പോയത് ക്യൂബൻ സർക്കാർ പ്രതിനിധികളെ കാണാൻ'; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ കൂടിക്കാഴ്‌ചയ്ക്ക് അനുമതി നിഷേധിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ മറുപടി. വീണാ ജോർജിന്റെ ആരോപണം നാടകമാണെന്നും ക്യൂബൻ സർക്കാരിന്റെ പ്രതിനിധികളെ കാണാനാണ് ആരോഗ്യമന്ത്രി ഡൽഹിയിലേക്ക് പോയതെന്നും സുരേന്ദ്രൻ പറഞ്ഞു.
വഞ്ചനയുടെ ആൾരൂപമാണ് ആരോഗ്യമന്ത്രിയെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ച് നടത്തിയ അനാവശ്യ യാത്രയായിരുന്നു അത്. ആ വീഴ്‌ച മറയ്ക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രി സന്ദർശനം നിഷേധിച്ചുവെന്ന കള്ളപ്രചരണം നടത്തുന്നതെന്നും കെ സുരേന്ദ്രൻ പുറത്തുവിട്ട വാര്‍ത്താ കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

'ഇത്തരം നാടകങ്ങളൊന്നും വീണ ജോർജിന് പുത്തരിയല്ല. ഇതിന് മുമ്പ് കുവൈത്തിലേക്ക് യാത്രാ അനുമതി ലഭിക്കാതെ വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ചുവെന്ന് പറഞ്ഞ് ബഹളം വെച്ചത് മലയാളികൾ മറന്നിട്ടില്ല. വിദേശത്തെ ദുരന്ത മുഖത്ത് കേന്ദ്ര സർക്കാരാണ് കാര്യങ്ങൾ ചെയ്യേണ്ടതെന്നിരിക്കെ അധികാര ദുർവിനിയോഗം നടത്താനായിരുന്നു മന്ത്രി ശ്രമിച്ചത്' സുരേന്ദ്രൻ പറയുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് മുൻപേ അനുമതി തേടണം എന്ന് അറിയാത്തയാളല്ല സംസ്ഥാന ആരോഗ്യമന്ത്രി. എന്നിട്ടും കൂടിക്കാഴ്‌ചയ്ക്കുള്ള കത്ത് വൈകി നൽകിയത് മന്ത്രിയുടെ ഉത്തരവാദിത്വമില്ലായ്‌മ കാണിക്കുന്നത്. ആശാവർക്കർമാരുടെ സമരത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് വ്യക്തമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.
.ആശാവർക്കർമാരുടെ സമരത്തെ അവഗണിക്കുകയാണ് വീണാ ജോർജും സർക്കാരും. സമരക്കാരുമായുള്ള ചർച്ചയിൽ ഒട്ടും വിട്ടുവീഴ്‌ച ചെയ്യാത്ത ആരോഗ്യമന്ത്രി സംസ്ഥാനത്തിന് നാണക്കേടാണ്. സംസ്ഥാന വിഷയമാണ് ആരോഗ്യം എന്നിരിക്കെ ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ കർത്തവ്യമാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം, വീണ ജോർജുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ അറിയിച്ചത്. കൂടിക്കാഴ്‌ചയ്ക്ക് വീണാ ജോർജ് സമയം തേടിയത് അറിഞ്ഞില്ലെന്നും മന്ത്രിയുമായി അടുത്തയാഴ്‌ച തന്നെ കൂടിക്കാഴ്‌ച നടത്തുമെന്നുമാണ് നദ്ദ പറഞ്ഞത്. എന്നാൽ ഇത് സംബന്ധിച്ച അറിയിപ്പൊന്നും തന്റെ ഓഫീസിന് ലഭിച്ചിട്ടില്ലെന്നാണ് വീണ ജോർജ് പറയുന്നത്.
ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്‌ചയ്ക്ക് വേണ്ടി അനുമതി തേടിക്കൊണ്ടുള്ള കത്ത് വീണാ ജോർജ് നൽകിയത്. ആദ്യത്തെ കത്ത് ചൊവ്വാഴ്‌ച മന്ത്രിയുടെ ഓഫീസ് വഴിയാണ് നൽകിയത്. രണ്ടാമത്തെ കത്ത് പിന്നാലെ നൽകി. എന്നാൽ കൂടിക്കാഴ്‌ചയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല.












Click it and Unblock the Notifications