ചേലക്കരയിൽ ഒരു മുസ്ലിം പള്ളി തന്നെ വഖഫിനെതിരെ രംഗത്ത് വന്നിരിക്കുന്നു: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: മുസ്ലിം പള്ളികള്‍ക്ക് പോലും വഖഫ് ബോർഡിന് അധിനിവേശം ഭീഷണിയായി മാറുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വഖഫ് ബോർഡിന്റെ അധിനിവേശത്തിന്റെ കഥകൾ പലസ്ഥലങ്ങളിലും ആശങ്കയായി ഉയർന്നു വന്നിട്ടുണ്ട്. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിന് സമീപത്തുള്ള സ്ഥലങ്ങളിലും ചേലക്കര മണ്ഡലത്തിലെ ഒരു സ്ഥലത്തും വഖഫിന്റെ അധിനിവേശ ഭീഷണി ഉയർന്നിരിക്കുകയാണ്. ചേലക്കരയിൽ ഒരു മുസ്ലിം പള്ളി തന്നെ വഖഫിനെതിരെ രംഗത്ത് വന്നിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
മഹല്ല് കമ്മിറ്റി ചേലക്കരയിലെ എൻ ഡി എ സ്ഥാനാർത്ഥിയോട് ഇക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. എല്ലാ മതങ്ങൾക്കും എല്ലാ മതവിശ്വാസികൾക്കും ഈ അധിനിവേശം ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വ്യാപകമായ രീതിയിൽ വഖഫിന്റെ അധിനിവേശം സംസ്ഥാനത്ത് ഭീതിജനകമായ സാഹചര്യം സൃഷ്ടിച്ചിട്ടും എൽ ഡി എഫും യു ഡി എഫും പ്രതികരിക്കുന്നില്ല. രണ്ടു മുന്നണികളും വഖഫിന്റെ അധിനിവേശത്തിനോടൊപ്പമാണെന്ന് വ്യക്തമാണ്.

നിയമസഭയിൽ അവർ ഐക്യകണ്ഠേന പ്രമേയം പാസാക്കി കഴിഞ്ഞിരിക്കുകയാണ്. ജനങ്ങളുടെ സ്വത്തവകാശത്തിനുമേൽ ഉന്നയിക്കപ്പെട്ടിരിക്കുന്ന ഈ അധിനിവേശത്തിന് മുമ്പിൽ വോട്ട് ബാങ്ക് രാഷ്ട്രീയം മുന്നിടത്തിൽ ഇടത് വലത് മുന്നണികൾ സന്ധി ചെയ്യുകയാണ്. കൽപ്പാത്തിയിലും നൂറണിയിലും ധോണിയിലുമെല്ലാമുള്ള അഗ്രഹാരങ്ങൾ വഖഫിന്റെ അധിനിവേശ ഭീഷണി നേരിടുകയാണ്.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെപ്പോലെ തന്നെ കേരളവും ഈ ഭീഷണിയിൽ തന്നെയാണ്. കള്ളപ്പണ ഇടപാട് കേസിൽ സി പി എമ്മിലെ ഒരു വിഭാഗം കോൺഗ്രസുമായി അഡ്ജസ്റ്റ് ചെയ്യുകയാണ്. സി പി എമ്മിലെ ഈ വിഭാഗത്തിന് നൽകാനാണോ കള്ളപ്പണം കൊണ്ടുവന്നതെന്ന് അന്വേഷിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം മുനമ്പത്തെ വഖഫ് ഭൂമി വിഷയം രമ്യമായി പരിഹരിക്കുമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. വിഷയത്തില്‍ മുസ്ലിം ലീഗും യു ഡി എഫും മുനമ്പത്തെ മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ്. പ്രശ്നപരിഹാരത്തിന് ലീഗ് മുന്നിട്ടിറങ്ങും. മുനമ്പത്തെ താമസക്കാരുടെ അവകാശം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തെ ഭൂമി അവിടെ താമസിക്കുന്നവര്‍ക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. മുനമ്പത്തേത് വഖഫ് ഭൂമിയല്ല. ഫറൂഖ് കോളജ് മാനേജ്‌മെന്റ് പണം വാങ്ങി നല്‍കിയ ഭൂമി എങ്ങനെയാണ് വഖഫ് ഭൂമിയാകുന്നതെന്നും അദ്ദേഹം ചോദിച്ചുന്നു.












Click it and Unblock the Notifications