ലൈഫ് മിഷനിലെ സിബിഐ അന്വേഷണം; തെറ്റ് ചെയ്യാത്തവർ എന്തിന് ഭയക്കണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലെഫ് മിഷൻ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണ കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നത് ഭയം കൊണ്ടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തെറ്റ് ചെയ്യാത്തവർ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും എൻഐഎ വന്നത് താൻ പറഞ്ഞിട്ടാണെന്നും പറയുന്ന മുഖ്യമന്ത്രി എന്തിനാണ് ലൈഫ് അന്വേഷണത്തിന്റെ കാര്യത്തിൽ കേന്ദ്ര ഏജൻസികളെ എതിർക്കുന്നത്? മുഖ്യമന്ത്രിക്ക് പലതും മറയ്ക്കാനുള്ളതുകൊണ്ടാണ് സിബിഐ അന്വേഷണത്തെ ഭയക്കുന്നത്. വിദേശ സംഭാവന സ്വീകരിച്ച കേസിൽ സിബിഐ അല്ലാതെ വേറാരാണ് അന്വേഷിക്കുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അഴിമതി നടന്നിട്ടുണ്ടെന്ന് മന്ത്രി തോമസ് ഐസക്ക് പോലും പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
വിദേശസഹായം സ്വീകരിച്ച സമാനമായ കേസ് സി.ബി.ഐക്ക് വിട്ട പിണറായി ലൈഫ് തട്ടിപ്പിൽ ഇരട്ടത്താപ്പ് കാണിക്കുന്നത് സ്വന്തം കസേര രക്ഷിക്കാനാണ്. വിദേശ ധനസഹായത്തിന്റെ ചട്ടം ലംഘിച്ചതു കൊണ്ടാണ് സിബിഐക്ക് അന്വേഷിക്കേണ്ടി വന്നത്. പാവപ്പെട്ട ജനങ്ങൾക്ക് വീടുവെക്കാനുള്ള പണം കമ്മീഷനടിച്ച സർക്കാർ അതിനെതിരായ അന്വേഷണം അട്ടിമറിക്കാൻ ജനങ്ങളുടെ പണം ചെലവഴിക്കുന്നത് നാണംക്കെട്ട ഏർപ്പാടാണ്.
അഴിമതി കേസിൽ രക്ഷപ്പെടാൻ ഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ല. പിണറായി വിജയൻ സ്വന്തം പണം ഉപയോഗിച്ചാണ് ഹൈക്കോടതിയിൽ കേസ് നടത്തേണ്ടത്. അല്ലെങ്കിൽ എകെജി സെന്ററിലെ പണം എടുത്ത് സിബിഐക്കെതിരെ കേസ് നടത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
ഷൈഖ് സബാഹ്; ഇറാഖിനെ കുവൈത്തില്‍ നിന്നും തുരത്തിയ ബുദ്ധികളില്‍ പ്രധാനി, പെണ്‍കുട്ടിയെ ഇറക്കിയ തന്ത്രം