മരണത്തിലും 7 പേർക്ക് പുതു ജീവൻ പകർന്ന് കൈലാസ്; ഹൃദയംതൊടുന്ന കുറിപ്പുമായി മന്ത്രി വീണ ജോർജ്
ഏഴ് പേരുടെ ജീവിതത്തിൽ നിറം പകർന്നാണ് കോട്ടയം താഴത്തങ്ങാടി സ്വദേശിയായ കൈലാസ് നാഥ് (23) മരണത്തിലേക്ക് പോയത്.
ഏപ്രിൽ 23 ശനിയാഴ്ചയാണ് വാഹനാപകടത്തെ തുടർന്ന് കൈലാസ് നാഥിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷേ കൈലാസിനെ രക്ഷിക്കാനായില്ല. ജീവൻ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തിയെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുക ആയിരുന്നു.
എന്നാൽ കൈലാസിന്റെ ഹൃദയം, കരൾ, രണ്ട് വൃക്ക, 2 കണ്ണുകൾ, പാൻക്രിയാസ് എന്നീ അവയവങ്ങൾ ദാനം നൽകി. കരളും 2 കണ്ണുകളും ഒരു വൃക്കയും കോട്ടയം മെഡിക്കൽ കോളേജിനാണ് നൽകിയത്. കോട്ടയം മെഡിക്കൽ കോളേജിൽ ഇതോടെ 4 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ആണ് നടന്നത്. മസ്തിഷ്‌ക മരണമടഞ്ഞ വ്യക്തിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. കെ. സോട്ടോ വഴിയാണ് അവയവവിന്യാസം നടത്തിയത്.

ഡി.വൈ.എഫ്.ഐ. സജീവ പ്രവർത്തകനായ കൈലാസ് നാഥ് മരണത്തിലും സുജാതയുൾപ്പെടെ 7 പേരുടെ ജീവിതത്തിലാണ് പ്രകാശമായതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്‍ഞു ഫേസ്ബുക്കിലൂടെ ആയിരുന്നു പ്രതികരണം.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
വയനാട് സ്വദേശിനി 52 വയസുള്ള ശ്രീമതി സുജാതയ്ക്ക് ഇത് ജീവിതത്തിലേക്കുള്ള മടങ്ങി വരവാണ്. ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന സുജാത കോട്ടയം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായി ഇന്ന് ഡിസ്ചാർജ് ആയി. അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൈലാസ് നാഥിന്റെ കരളാണ് മാറ്റിവയ്ക്കുന്നതിന് വേണ്ടി ലഭ്യമായത്. ഡി.വൈ.എഫ്.ഐ. സജീവ പ്രവർത്തകനായ കൈലാസ് നാഥ് മരണത്തിലും സുജാതയുൾപ്പെടെ 7 പേരുടെ ജീവിതത്തിലാണ് പ്രകാശമായത്..
സംസ്ഥാനത്ത് സർക്കാർ മേഖലയിലെ അവയവമാറ്റ ശസ്ത്രക്രിയയിൽ സുപ്രധാനമായ ഒരു ചുവടുവെപ്പ് കൂടിയാണിത്. മരണാനന്തര അവയവ മാറ്റം സമയ ബന്ധിതമായി നടത്തേണ്ട സങ്കീർണ്ണതയേറിയ ശസ്ത്രക്രിയയാണ്. ഇതു കൂടാതെ ഓപ്പറേഷൻ കഴിഞ്ഞിട്ടുള്ള റിക്കവറി സമയത്തും കൂടുതൽ ശ്രദ്ധയോടെ പരിചരിക്കേണ്ടതായുണ്ട്.
അതുവരെ സർക്കാർ ആരോഗ്യമേഖലയിൽ സാധ്യമല്ലാതിരുന്ന കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കേരളത്തിൽ ആരംഭിച്ചത് 2022 ഫെബ്രുവരിയിലാണ്. ആദ്യത്തെ മൂന്ന് ശസ്ത്രക്രിയകളിലും ബന്ധുക്കളാണ് കരൾ നൽകിയത്. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആരംഭിച്ചു. അതെല്ലാം തന്നെ സൗജന്യമായി വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ നാലാമത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയം കൂടിയാണിത്.
കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ, സൂപ്രണ്ട് ഡോ. ജയകുമാർ, സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആർ.എസ്. സിന്ധു എന്നിവരുടെ നേതൃത്വത്തിലുള്ള മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.












Click it and Unblock the Notifications