കളമശ്ശേരി സ്‌ഫോടന കേസ്: ഡൊമിനിക് മാര്‍ട്ടിന്‍ റിമാന്റില്‍,കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും
എറണാകുളം: കളമശേരി സ്‌ഫോടന കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെ റിമാന്റ് ചെയ്തു. ഈ മാസം 29 വരെയാണ് റിമാന്റ്. ഇയാളെ കാക്കനാട് ജില്ലാ കോടതിയിലേക്കാണ് മാറ്റുക. പ്രതിയുടെ കസ്റ്റഡി പോലീസ് ആവശ്യപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് മാർട്ടിനെ റിമാന്റ് ചെയ്തത്. കേസ് അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.
കേസിൽ താൻ തനിച്ച് വാദിക്കുമെന്നും അഭിഭാഷകരുടെ സേവനം ആവശ്യമില്ലെന്നും ഡൊമനിക് മാർട്ടിൻ കോടതിയെ അറിയിച്ചിരുന്നു. നിലവിൽ കേസിൽ മാർട്ടിൻ മാത്രമാണ് പ്രതി. ഇയാൾ അതീവ ബുദ്ധിശാലിയാണെന്നും അത്താണിയിലെ വീട്ടിൽ വെച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നും പോലീസ് കോടതിയെ അറിയിച്ചു. ഐഇഡി നിർമിച്ചതിന്റെ അവശിഷ്ടങ്ങളും പെട്രോൾ സൂക്ഷിച്ച കുപ്പിയും പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.

യു എ പി എ വകുപ്പ് പ്രകാരമാണ് മാർട്ടിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ മാർട്ടിനെ കൂടാതെ കൂടുതൽ പ്രതികളുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതേസമയം കളമശേരി സ്ഫോടനത്തിൽ 21 പേർക്കാണ് പരിക്കേറ്റത്. അതില്‍ 16 പേർ ഇപ്പോഴും ഐസിയുവിലാണ് ഉള്ളത്. കളമശേരി മെഡിക്കല്‍ കോളേജ് 3, രാജഗിരി 4, എറണാകുളം മെഡിക്കല്‍ സെന്റര്‍ 4, സണ്‍റൈസ് ആശുപത്രി 2, ആസ്റ്റര്‍ മെഡിസിറ്റി 2, കോട്ടയം മെഡിക്കല്‍ കോളേജ് 1 എന്നിങ്ങനെയാണ് ഐസിയുവില്‍ ചികിത്സയിലുള്ളത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ള 3 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ചിലര്‍ക്ക് സര്‍ജറിയും ആവശ്യമാണ്. അവര്‍ക്ക് പരമാവധി ചികിത്സ നല്‍കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു.
വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് 14 അംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, കോട്ടയം, തൃശൂര്‍, കളമശേരി മെഡിക്കല്‍ കോളേജുകള്‍, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്. കളമശേരി സ്‌ഫോടനത്തില്‍ വിവിധ ആശുപത്രികളില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സെക്കന്ററിതലത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് ചികിത്സ ഏകോപിപ്പിക്കുന്നത്. സെക്കന്ററിതല ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അണുബാധ നിയന്ത്രണത്തിന് പ്രത്യേക പ്രാധാന്യം നല്‍കണം. ആരോഗ്യ വകുപ്പിന്റെ ഹെല്‍പ്പ്‌ലൈന്‍ ഈ ആഴ്ച കൂടി പ്രവര്‍ത്തിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.












Click it and Unblock the Notifications