"ചുമതല വഹിക്കാനാകുന്നില്ലെങ്കില്‍ രാജിവയ്ക്കണം"; "ഗവര്‍ണര്‍ പദവി പോലും വേണ്ട" - കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. ഗവര്‍ണര്‍ക്ക് ഭരണഘടനാ ചുമതല വഹിക്കാനാകുന്നില്ലെങ്കില്‍ രാജിവയ്ക്കണമെന്നാണ് കാനം വ്യക്തമാക്കിയത്.
പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ ഗവര്‍ണര്‍ നിലപാട് എടുക്കണ്ട. 157 സ്റ്റാഫുകളുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നതെന്നും കാനം ചോദിച്ചു. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങാന്‍ പാടില്ലായിരുന്നു. ഗവര്‍ണറുടെ യാത്രകളില്‍ ഒന്നും സര്‍ക്കാര്‍ ഇടപെടുന്നില്ല.
ഗവര്‍ണര്‍ മൂന്നാറില്‍ പോയ ചെലവ് ഞങ്ങള്‍ ചോദിക്കുന്നില്ലല്ലോ എന്നും അദ്ദേഹം വിമര്‍ശിച്ചു. ഗവർണർ ബ്ലാക്ക് മെയിൽ രാഷ്ട്രീയം പയറ്റുന്നു. ഗവര്‍ണര്‍ പദവി തന്നെ വേണ്ടെന്നാണ് സി പി ഐ നിലപാടെന്ന് കാനം വിമര്‍ശിച്ചു.

പേഴ്സണൽ സ്റ്റാഫ് കാര്യത്തിൽ അദ്ദേഹം നിലപാട് എടുക്കേണ്ട കാര്യമില്ല. ഗവര്‍ണര്‍ ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ആളാണ്. നയ പ്രഖ്യാപനം വായിക്കേണ്ടത് ഗവർണറുടെ ബാധ്യതയാണ്. അത് ചെയ്തില്ലെങ്കിൽ അദ്ദേഹം രാജിവയ്ക്കേണ്ടി വരും. പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ അദ്ദേഹം ഇടപെടേണ്ടതില്ല. സർക്കാർ ഗവർണറുടെ മുന്നിൽ സര്‍ക്കാര്‍ വഴങ്ങാൻ പാടില്ലെന്നും കാനം പറഞ്ഞു. ഗവർണർ കഴിഞ്ഞയാഴ്ച മൂന്നാറിൽ പോയ ചെലവ് ഞങ്ങൾ ചോദിക്കുന്നില്ലല്ലോ. നിങ്ങൾ വിവരാവകാശം വഴി എടുത്താൽ അറിയാമല്ലോ. ഗവർണർ പദവി തന്നെ വേണ്ടെന്നാണ് സിപിഐ നിലപാട്. അലങ്കാരത്തിനായി എന്തിനാണ് ഇങ്ങനെയൊരു പദവിയെന്നും കാനം വിമര്‍ശിച്ചു.

അതേസമയം, സർക്കാരും ഗവർണറും തമ്മിൽ അഭിപ്രായ വ്യതാസമില്ലെന്ന് മുൻ മന്ത്രി എ കെ ബാലൻ വ്യക്തമാക്കി. ഭരണ പ്രതിസന്ധി ഉണ്ടാകാതെ ഗവർണറെ രക്ഷിക്കുകയാണ് സർക്കാർ ചെയ്‌തത്. താൻ ഒരിക്കലും ഗവർണറെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് മുൻ മന്ത്രി എ കെ ബാലൻ വ്യക്തമാക്കി. ഗവര്‍ണറെ താന്‍ അപമാനിച്ചിട്ടില്ല. ആര് പറഞ്ഞതാണ് ബാലിശമെന്ന് ജനം തീരുമാനിക്കും. ഗവര്‍ണറെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് ചെയ്തത്. പ്രതിപക്ഷം ആഗ്രഹിച്ചത് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയുള്ള മുതലെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഗവര്‍ണറെ സംയുക്തമായി അപമാനിക്കാനുള്ള ശ്രമങ്ങള്‍ ഭരണപക്ഷവും പ്രതിപക്ഷവും അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ഗവര്‍ണറെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കേണ്ട കാര്യം ബിജെപിക്കില്ലെന്നും ഗവര്‍ണര്‍ ബിജെപിയുടേയോ ബിജെപി ഗവര്‍ണറുടേയോ വക്താക്കളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണര്‍ ഉന്നയിച്ചത് പ്രസക്തമായ വിഷയമാണ്. പേഴ്‌സണല്‍ സ്റ്റാഫിലേക്ക് പാര്‍ട്ടിക്കാരെ നിയമിക്കുന്നതില്‍ ഭരണപക്ഷവും പ്രതിപക്ഷവും തങ്ങളുടെ നിലപാട് തുറന്ന് പറയണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്.

പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കേന്ദ്രമന്ത്രി ഉന്നയിച്ചത്. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രതികരിക്കാന്‍ പോലും പ്രതിപക്ഷ നേതാവ് തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചാല്‍ ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ കൊടുക്കുന്ന സമ്പ്രദായം രാജ്യത്ത് മറ്റെവിടെയുമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

തങ്ങളെ സമ്മര്‍ദ്ദത്തിലാക്കി എന്തെങ്കിലും ഗവര്‍ണര്‍ ചെയ്യിപ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ. അത്തരമൊരു ആരോപണം താന്‍ കേട്ടിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഹരി എസ് കര്‍ത്ത ബിജെപിയുടെ സംസ്ഥാന സമിതി അംഗമാണോയെന്ന് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ വിളിച്ച് അന്വേഷിച്ച് നോക്കിയാല്‍ മനസിലാക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവിവാദത്തിൽ സർക്കാരിന് എതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും രംഗത്തെത്തി. മുൻമന്ത്രി എ കെ ബാലനെയും പ്രതിപക്ഷനേതാവ് വി ഡി സതീശനെയും പേരെടുത്ത് പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. രാജ്ഭവനെ നിയന്ത്രിക്കാമെന്ന് സർക്കാർ കരുതിയാൽ അത് അംഗീകരിക്കാനാകില്ലെന്നും ഗവർണർ ആഞ്ഞടിച്ചു.

"പേര് ബാലൻ എന്നാണെന്ന് കരുതി, ബാലിശമായി സംസാരിക്കരുത്. ഉള്ളിലെ കുട്ടി ഇനിയും വളർന്നിട്ടില്ലേ? ഇതൊന്നും ശരിയല്ല", ഗവർണർ പരിഹസിച്ചു. ഗവർണർക്ക് രണ്ടാം ശൈശവമാണെന്നും, അങ്ങനെ വയസ്സായ കാലത്ത് പലതും പറയുമെന്നും, ഒരു കേക്ക് കൊണ്ടുപോയി വരെ താൻ പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും, അതങ്ങനെ കണ്ടാൽ മതിയെന്നും നയപ്രഖ്യാപന വിവാദത്തെക്കുറിച്ച് മുൻമന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications