പയ്യന്നൂരിലെ 'ഇരുട്ടറ'; കണ്ടോന്താർ ജയിലിന് പറയാനുണ്ട് സ്വാതന്ത്ര്യ സമരത്തിന്റെ ഉജ്ജ്വല ഏടുകൾ
രണ്ടു നൂറ്റാണ്ടുകാലം ഉരുക്കു മുഷ്ടിയാൽ അടക്കി ഭരിച്ച ബ്രിട്ടീഷ് ആധിപത്യത്തിന് വിരാമമിട്ടതിൻ്റെ ഉജ്ജ്വല ഓർമ്മകളുമായി 78 ാ- മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങുകയാണ് രാജ്യം. നാടിൻ്റെ സ്വാതന്ത്ര്യത്തിനായി സ്വജീവൻ ബലിയർപ്പിച്ചു നിരവധി സമര പോരാളികളുടെ ഓർമ്മകൾ തളം കെട്ടിനിൽക്കുന്ന നിമിഷങ്ങൾ കൂടിയാണിത്. രാജ്യത്തിൻറെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളങ്ങുന്ന ഏടുകൾ സമ്മാനിച്ചതിൽ മുൻപന്തിയിലാണ് കേരളം. കടുത്ത ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് ഈ മണ്ണ്, പ്രത്യേകിച്ചും മലബാർ. രാജ്യത്ത് തന്നെ കടുത്ത പ്രതിരോധം നേരിട്ട പ്രദേശങ്ങളുടെ പട്ടികയിലാണ് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറിനെ ബ്രിട്ടീഷ് ചരിത്രകാരന്മാർ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ തന്നെ നിരവധി പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച കണ്ണൂർ ജില്ലയിലെ പയ്യന്നൂരിന് പ്രത്യേക സ്ഥാനമുണ്ട്.
നെഞ്ചുവിരിച്ച് മുഷ്ടിചുരുട്ടി വൈദേശികാധിപത്യത്തിനെതിരെ സധൈര്യം പോരാടിയ നിരവധി സ്വാതന്ത്ര്യ സമര സേനാനികളുടെ നാടാണ് പയ്യന്നൂർ. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട് നിൽക്കുമ്പോൾ പയ്യന്നൂരിലെ ഉൾനാടുകളിൽ നിന്നടക്കം നൂറുകണക്കിന് പേരാണ് സമരപോരാട്ടങ്ങളിൽ അണിനിരന്നത്. മുന്നറിയിപ്പുകളും ഭീഷണിയും വകവയ്ക്കാതെ ബ്രീട്ടിഷ് കൂലി പട്ടാളത്തിനെതിരെ അവർ ധീരമായി നിലകൊണ്ടു. ഇവരിൽ പലരും പിന്നീട് ജയിലിൽ അടക്കപ്പെട്ടു, 'കണ്ടോന്താർ ജയിലിൽ' ക്രൂരമർദ്ദനത്തിന് ഇരയാക്കപ്പെട്ടു.

മലബാറിന്റെ സ്വാതാന്ത്ര്യ സമര ചരിത്രത്തില്‍ തന്നെ ഏറെ പ്രാധാന്യമുള്ളതാണ് കണ്ടോന്താർ ജയിൽ. പയ്യന്നൂരിലെ കണ്ടോന്താർ എന്ന ഗ്രാമത്തിലാണ് ഈ ജയിൽ സ്ഥിതി ചെയ്യുന്നത്. സമരത്തിനിറങ്ങുന്നവരെയെല്ലാം പിടികൂടിയ ബ്രിട്ടീഷ് സൈന്യത്തിന് ഇവരെ പയ്യന്നൂരിൽ എത്തിക്കുക എളുപ്പമായിരുന്നില്ല, പ്രത്യേകിച്ച് വാഹന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ. ഇതിന് ബ്രിട്ടീഷുകാർ കണ്ടെത്തിയ മാർഗമായി കണ്ടോന്തറയിലെ ഇരുട്ടുമുറി.
1911 ലാണ് ഈ കെട്ടിടം സ്ഥാപിക്കുന്നത്. അന്നത്തെ രജിസ്ട്രാര്‍ ഓഫീസിനരികെയായിരുന്നു ഇത്. വേങ്ങയിൽ നായനാർമാർ ആയിരുന്നു സ്ഥലം നൽകിയത്. ഒരു ലോക്കപ്പ് മുറിയും ഓഫീസും വരാന്തയും അടങ്ങുന്ന കെട്ടിടമായിരുന്നു പണിതത്. അക്കാലത്ത് അത് 'ബംഗ്ലാവ്' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
സമരങ്ങളിലും കര്‍ഷക പ്രക്ഷോഭങ്ങളിലും പങ്കെടുത്തവരെയെല്ലാം ബ്രിട്ടീഷുകാർ ഈ ജയിലിൽ അടച്ചു. വിചാരണയ്ക്കും മറ്റുമായി പയ്യന്നൂരിൽ നിന്നും മജിസ്ട്രേറ്റുമാരും ഇവിടെയെത്തി. പെരുമ്പ, വണ്ണാത്തിപുഴ എന്നിവിടങ്ങളിലൂടെ തോണിയിൽ യാത്ര ചെയ്തായിരുന്നു ഇവർ എത്തിയിരുന്നത്. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കണ്ടോന്താര്‍ ജയില്‍ താല്‍ക്കാലിക സെല്ലായി ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചിരുന്നു.
110 ലേറെ വര്‍ഷം പഴക്കമുള്ള ഈ ഇരുട്ടറ ഇപ്പോൾ ചരിത്രസ്മാരമായി പുരാവസ്ഥു വകുപ്പ് സംരക്ഷിച്ച് വരികയാണ്. കെട്ടിടം അതീവ ജീർണാവസ്ഥയിൽ ആയതോടെ ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി 2018 ലായിരുന്നു പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കണ്ടോന്താർ ജയിൽ മ്യൂസിയം നാടിന് സമർപ്പിച്ചത്.












Click it and Unblock the Notifications