'സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ട്'; കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗത്തില്‍ കേസ്
കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. എ ഐ സി സി സെക്രട്ടറി വിശ്വനാഥന്‍ പെരുമാളിനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ടാണെന്ന് പ്രസംഗിച്ചതിനാണ് കേസ്. കണ്ണൂര്‍ ജില്ല പൊലീസ് ആസ്ഥാനത്തേക്ക് ഡി സി സി നടത്തിയ മാര്‍ച്ചിലാണ് വിശ്വനാഥന്റെ പരാമര്‍ശം.
ഐ പി സി 153ാം വകുപ്പ് പ്രകാരമാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന നേതാവാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വിശ്വനാഥ പെരുമാള്‍. മുഖ്യമന്ത്രി നിങ്ങളുടെ ഗേള്‍ഫ്രണ്ടായ സ്വപ്‌ന സുരേഷിന് എങ്ങനെയുണ്ട് എന്നാണ് അദ്ദേഹം പ്രസംഗത്തിനിടെ ചോദിച്ചത്.

' പിണറായി സാര്‍, താങ്കളുടെ ബെസ്റ്റ് ഗേള്‍ഫ്രണ്ടായ സ്വപ്‌ന സുരേഷിന് എങ്ങനെയുണ്ട്? മുഖ്യമന്ത്രിക്കും ക്യാബിനറ്റിലുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമെതിരെ തുടര്‍ച്ചയായി വെളിപ്പെടുത്തല്‍ നടത്തുകയാണ്. ലൈംഗിക പീഡന ആരോപണം വരെയുണ്ടായി. പിണറായിയുടെ ഉത്തരവാദിത്തത്തിലാണ് ടണ്‍ കണക്കിന് സ്വര്‍ണം കടത്തിയത്. ഇ ഡിയും സി ബി ഐയും ഇന്‍കം ടാക്‌സുമൊക്കെ എവിടെ? പിണറായിയും മോദിയും തമ്മില്‍ അത്രയ്ക്ക് അടുത്ത ബന്ധമാണ്'.
'1996 ല്‍ 400 കോടിയുടെ അഴിമതി നടന്ന ലാവ്‌ലിന്‍ കേസ് ഇപ്പോഴും നടക്കുന്നുണ്ട്. ഈ കേസില്‍ പിണറായി വിജയനെ ജയിലില്‍ അടച്ചോ? ഇല്ല, അറസ്റ്റ് ചെയ്യില്ല, പിണറായി- മോദി - അമിത് ഷാ എന്നിവര്‍ തമ്മിലുള്ള കൂട്ടുകെട്ടാണ് കാരണം, എ ഐ ക്യാമറ, കെ റെയില്‍ എന്നിവയിലെ അഴിമതിക്ക് പിറകിലും മാറ്റാരുമല്ല. ഇത് നിങ്ങളുടെ പണമല്ല, നിങ്ങളുടെ മാതാപിതാക്കളുടെ പണമല്ല, നിങ്ങള്‍ കവര്‍ന്നത് ജനങ്ങളുടെ പണമാണ്'.
'പിണറായി വിജയനെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. കമ്യൂണിസ്റ്റുകളല്ല നമ്മുടെ എതിരാളി , ആദ്യ എതിരാളി പിണറായി വിജയനാണ്. വിഡ്ഢിയായ പക്വതയില്ലാത്ത നരേന്ദ്ര മോദിയാണ് രണ്ടാമത്തെ എതിരാളി'- വിശ്വനാഥ പെരുമാള്‍ പ്രസംഗത്തില്‍ പറഞ്ഞു. അതേസമയം , സി പി എം പ്രവര്‍ത്തകന്‍ പി കെ ബിജുവിന്റെ പരാതിയിലാണ് കേസെടുത്തത്. പരാമര്‍ശം മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതും കലാപം ഇളക്കിവിടാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്നുമാണ് പരാതി. ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി എന്നിവര്‍ക്കെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട് .












Click it and Unblock the Notifications