കണ്ണൂർ വിസി നിയമനം; കോടതി അയച്ച കത്ത് സർക്കാറിന് നല്‍കി ഗവർണ്ണർ, വീണ്ടും പോര്
തിരുവനന്തപുരം: കണ്ണൂർ വിസി നിയമനത്തില്‍ സർക്കാറിനോട് വീണ്ടും പോര് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ ഹൈക്കോടതി ചാന്‍സലർ കൂടിയായ ഗവർണർക്ക് അയച്ച നോട്ടീസ് ആരിഫ് മുഹമ്മദ് ഖാന്‍ സർക്കാരിലേക്ക് അയച്ചു. ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത് ചാന്‍സലർക്കാണ്, ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിക്കല്ല. എന്നാല്‍ എട്ടാം തിയതി മുതല്‍ താന്‍ ചാന്‍സലറല്ലെന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കുന്നത്.
'അത്തവും പിത്തവും കലർന്ന ഡയലോഗ് ബുദ്ധി പണയപ്പെടുത്തിയ സഖാക്കളോട് മതി', പിണറായിയോട് ഫിറോസ്
'കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അയച്ച നോട്ടീസ് ഓഫീസിൽ കിട്ടി, അത് സർക്കാരിന് കൈമാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതിയുടെ നോട്ടീസ് ചാൻസലർക്കാണ്. എട്ടാം തീയതി മുതൽ താൻ ചാൻസലറല്ല. നോട്ടീസിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കട്ടെ'-ഗവർണ്ണർ പ്രതികരിച്ചു.
ഇതോടെ ചാന്‍സലർ സ്ഥാനം ഇനി ഏറ്റെടുക്കില്ലെന്ന നിലപാടില്‍ നിന്നും ഗവർണ്ണർ പിന്നോട്ട് പോവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഗവർണ്ണർ തന്നെ നേരത്തെ ഇത് പലവട്ടം ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചാന്‍സലർ സ്ഥാനം തിരികെയെടുക്കാനുള്ള ഉദ്ദേശം സർക്കാറിനില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. എന്നാല്‍ സർവകലാശാലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് രണ്ട് ദിവസം മുന്‍പ് ഗവർണ്ണർ നിർദേശം നല്‍കുകയും ചെയ്തിരുന്നു.
കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട തർക്കമാണ് സർക്കാറിനേയും ഗവർണ്ണറേയും രണ്ട് തട്ടിലാക്കിയത്. വിസി നിയമനത്തില്‍ സർക്കാർ തന്നെ സമ്മർദത്തിലാക്കുകയായിരുന്നുവെന്നാണ് ഗവർണ്ണറുടെ നിലപാട്. കണ്ണൂർ സർവകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ച നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചിരുന്നു. ഇതിനെ തുടർന്ന സർക്കാറിനും യൂണിവേഴ്സിറ്റിക്കും നോട്ടീസ് നൽകി.
സിംഗിൾ ബെഞ്ചിനെ സമീപിച്ച കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് അംഗം ഡോ. ഷിനോ. പി ജോസ് എന്നിവർ തന്നെയാണ് ഡിവിഷൻ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. കണ്ണൂർ സർവകലാശാല നിയമപ്രകാരം 60 വയസ് കഴിഞ്ഞാൽ വി.സിയായി നിയമിക്കാനാവില്ലെന്നും നിയമനത്തിന് യു ജി സി മാർഗ നിർദേശ പ്രകാരമുള്ള സെലക്ഷൻ കമ്മിറ്റിയടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ചില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദങ്ങള്‍. എന്നാല്‍ ഇത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളുകയായിരുന്നു.