ബൊമ്മൈയെ പൂട്ടാന്‍ കോണ്‍ഗ്രസ് തന്ത്രം: അവസാന നിമിഷം സ്ഥാനാർത്ഥിയെ മാറ്റി, വന്നത് പത്താന്‍
ബെംഗളൂരു: ആറാമത്തെയും അവസാനത്തേയും സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് അടുത്ത മാസം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് പൂർണ്ണമായി ഒരുങ്ങിയിരിക്കുകയാണ് കർണാടകയിലെ കോണ്‍ഗ്രസ്. വ്യാഴാഴ്ച പുറത്തിറക്കിയ പട്ടികയില്‍ അഞ്ച് സ്ഥാനാർത്ഥികളുടെ പേരുകളാണ് ഉള്ളത്. അന്തിമ പട്ടിക പ്രകാരം മുഹമ്മദ് ഷാലേമിനെ റായ്ച്ചൂരിൽ നിന്നും ഇനായത്ത് അലിയെ മംഗളൂരു സിറ്റി നോർത്തിൽ നിന്നുമാണ് പാർട്ടി മത്സരിപ്പിക്കുന്നത്.
ബിവി രാജീവ് ഗൗഡയ്ക്ക് സിദ്‌ലഘട്ടയിൽ നിന്നും എസ് ആനന്ദ് കുമാർ സിവി രാമൻ നഗറിൽ (എസ്‌സി) മത്സരിക്കും. എച്ച്‌പി ശ്രീധർ ഗൗഡയെ അർക്കൽഗുഡിലെ സ്ഥാനാർത്ഥിയായും പാർട്ടി നാമനിർദ്ദേശം ചെയ്തു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഷിഗ്ഗാവ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കോണ്‍ഗ്രസ് മാറ്റി സ്ഥാപിക്കുന്നതിനും വ്യാഴാഴ്ച പുലർച്ചെ സാക്ഷ്യം വഹിച്ചു.

നേരത്തെ മുഹമ്മദ് യൂസഫ് സവനൂരിനെയായിരുന്നു ഷിഗ്ഗാവ് മണ്ഡലത്തില്‍ നിന്നും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇദ്ദേഹത്തെ പുതിയ സ്ഥാനാർത്ഥിയായി യാസിർ അഹമ്മദ് ഖാൻ പത്താനെ തിരഞ്ഞെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്. മണ്ഡലത്തിൽ കാര്യമായ അടിത്തറയില്ലാത്തതിനാലാണ് മുഹമ്മദ് യൂസഫ് സവനൂരിനെ ഒഴിവാക്കിയതെന്നാണ് വിലയിരുത്തല്‍.
യാസിർ അഹമ്മദ് ഖാൻ പത്താന്‍ വിജയ സാധ്യതയുള്ള നേതാവാണെന്നും പാർട്ടി വിലയിരുത്തുന്നു. കഴിഞ്ഞ മൂന്ന് തവണയായി ബസവരാജ് ബൊമ്മെ വിജയിച്ച് വരുന്ന മണ്ഡലമാണ് ഷിഗ്ഗാവ്. 2018 ലും 2013 ലും 9,265 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു ബൊമ്മെയുടെ വിജയം. രണ്ട് തവണയും കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ചത് സയ്യിദ് അസീംപീർ ഖാദ്രിയായിരുന്നു.
ഷിഗ്ഗാവ് മണ്ഡലത്തിലെ ജനസംഖ്യയുടെ 20 ശതമാനത്തോളം മുസ്ലീങ്ങളും 30 ശതമാനം ലിംഗായത്തുകളുമാണ്. ഈ സാഹചര്യത്തില്‍ ലിംഗായത്ത് സ്ഥാനാർത്ഥിയെ കോൺഗ്രസ് മത്സരിപ്പിക്കുമെന്നും ബൊമ്മായി കടുത്ത പോരാട്ടം നേരിടേണ്ടിവരുമെന്നുമായിരുന്നു നേരത്തെ പ്രതീക്ഷിച്ചത്. എന്നാല്‍ ഇത്തവണയും മുസ്ലിം സ്ഥാനാർത്ഥിയെ തന്നെ പരീക്ഷിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. നേരത്തെ എസ് നിജലിംഗപ്പ ഉള്‍പ്പടേയുള്ളവർ വിജയിച്ച് കയറിയ മണ്ഡലമാണ് ഷിഗ്ഗാവ്.

അതേസമയം, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്നലെ പത്രിക സമർപ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കന്നഡ സിനിമാതാരം കിച്ച സുദീപ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി അദ്ദേഹം ക്ഷേത്രങ്ങൾ സന്ദർശിക്കുകയും നദ്ദ, സുദീപ് എന്നിവരോടൊപ്പം ഷിഗ്ഗോണിൽ വൻ റോഡ്‌ഷോ നടത്തുകയും ചെയ്തു.
1824ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ സായുധപോരാട്ടത്തിന് നേതൃത്വം നൽകിയ കിറ്റൂർ റാണി ചെന്നമ്മയുടെ പ്രതിമയിൽ ഹാരമണിയിച്ച ശേഷം പ്രത്യേകം രൂപകല്പന ചെയ്ത വാഹനത്തിൽ ബൊമ്മായിയും നദ്ദയും സുദീപും എത്തിയപ്പോള്‍ നൂറുകണക്കിന് പാർട്ടി പ്രവർത്തകരായിരുന്നു സ്വീകരിക്കാനുണ്ടായിരുന്നത്. മുൻ കർണാടക മുഖ്യമന്ത്രിയും ജനതാ പരിവാർ നേതാവുമായ അന്തരിച്ച എസ് ആർ ബൊമ്മൈയുടെ മകനായ 63 കാരനായ ബസവരാജ് പാർട്ടി അധികാരത്തില്‍ എത്തിയാല്‍ വീണ്ടും മുഖ്യമന്ത്രിയാവാന്‍ സാധ്യതയുള്ള നേതാവാണ്.
ജനതാദളിൽ നിന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം ധാർവാഡ് ലോക്കൽ അതോറിറ്റി മണ്ഡലത്തിൽ നിന്ന് രണ്ട് തവണ (1998 ലും 2004 ലും) കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. മുഖ്യമന്ത്രിയുടെ പാർലമെന്റ് സെക്രട്ടറിയായും പ്രതിപക്ഷ ഉപനേതാവായും പ്രവർത്തിച്ചിട്ടുണ്ട്. ബൊമ്മൈ ജനതാദൾ (യുണൈറ്റഡ്) വിട്ട് 2008-ൽ ബി.ജെ.പിയിൽ ചേരുകയും ആ വർഷം അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഷിഗ്ഗോണിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്ന് 2013, 2018 നിയമസഭാ തെരഞ്ഞെടുപ്പുകളിലും സീറ്റ് നിലനിർത്തി.












Click it and Unblock the Notifications