വോട്ടെണ്ണലിന് ഒരുനാള്‍: ആത്മവിശ്വാസത്തില്‍ പാർട്ടികള്‍: ബിജെപിക്ക് വന്‍ ഭൂരിപക്ഷമെന്ന് സിന്ധ്യ
ബെംഗളൂരു: തിരഞ്ഞെടുപ്പി പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോളുകൾ കർണാടകയില്‍ കോൺഗ്രസിന് മുൻതൂക്കമുള്ള ഒരു തൂക്കുസഭയാണ് കാണുന്നത്. 224 സീറ്റുകളുള്ള നിയമസഭയിലെ ഭൂരിപക്ഷം 113 സീറ്റുകളാണ്. ചില എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസ് ഈ സഖ്യ മറികടക്കുമെന്ന് അവകാശപ്പെടുമ്പോള്‍ മറ്റ് ചിലത് ആവട്ടെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെങ്കിലും കേവല ഭൂരിപക്ഷ സംഖ്യ കടക്കാന്‍ സാധിക്കില്ലെന്നാണ് വ്യക്തമാക്കുന്നത്.
ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ കോൺഗ്രസിന് 120 മുതല്‍ 140 വരെ സീറ്റാണ് പ്രവചിച്ചിരിക്കുന്നത്. ടൈംസ് നൗ-ഇടിജി പറയുന്നത് കോൺഗ്രസ് 113 സീറ്റുകൾ നേടുമെന്നും ബിജെപി 85 സീറ്റുകൾ നേടുമെന്നും പറയുന്നു. എന്ത് തന്നെയായാലും ഇത്തവണ പ്രചരണങ്ങളെല്ലാം തന്നെ വോട്ടർമാരെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് റെക്കോർഡ് പോളിങ് ശതമാനം വ്യക്തമാക്കുന്നത്. 73.19 ശതമാനമാണ് കർണാടകയിലെ ഇത്തവണത്തെ പോളിങ്.

ഏറ്റവും കൂടുതൽ വോട്ടർപങ്കാളിത്തമുണ്ടായത് ചിക്കബെല്ലാപുര ജില്ലയിലാണ് (85.56%), തൊട്ടുപിന്നിൽ ബെംഗളൂരു റൂറൽ (85.08%), ഏറ്റവും കുറവ് ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സൗത്ത് പരിധിയിൽ (ബെംഗളൂരു നഗരത്തിന്റെ ഭാഗങ്ങൾ) (52.33%) ആണെന്നും ഔദ്യോഗിക വിവരങ്ങള്‍ കാണിക്കുന്നു. "കർണ്ണാടകയിലെ 224 അസംബ്ലി മണ്ഡലങ്ങളിലും വലിയ തോതിൽ സമാധാനപരമായ വോട്ടെടുപ്പ് നടന്നു, 58,545 പോളിംഗ് സ്റ്റേഷനുകളിൽ ഒന്നിലും റീപോളിംഗ് വേണ്ടിവന്നില്ല" എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ നേരത്തെ ദക്ഷിണാഫ്രിക്കയിൽ വിന്യസിച്ചിരുന്നതാണെന്ന കോൺഗ്രസിന്റെ അവകാശവാദം തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) നിരസിക്കുകയും അത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച സ്രോതസ്സുകൾ പരസ്യമായി തുറന്നുകാട്ടാൻ പാർട്ടിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് നിർമ്മിക്കുന്ന പുതിയ ഇവിഎമ്മുകൾ സംസ്ഥാന തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചതായി കോൺഗ്രസ് അംഗം രൺദീപ് സിങ് സുർജേവാലയ്ക്ക് അയച്ച കത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
എക്സിറ്റ് പോളുകളെ മുഖവിലയ്ക്ക് എടുക്കാന്‍ ഇരുപാർട്ടികളും തയ്യാറായിട്ടില്ല. തങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഇരുപാർട്ടികളുടേയും അവകാശ വാദം. കർണാടക തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, 'എക്സിറ്റ് അല്ലെങ്കിൽ എൻട്രി' പോളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ജനവിധിക്കായി കാത്തിരിക്കണമെന്ന് അഭിപ്രായപ്പെട്ടു.
തൂക്ക് സഭയാണെങ്കില്‍ ഇത്തവണയും ജെ ഡി എസ് കിങ് മേക്കറായി മാറും. വ്യാഴാഴ്ച പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് ഭാരവാഹികൾ പാർട്ടി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരുമായി മുന്നോട്ടുള്ള വഴികളെക്കുറിച്ച് ചർച്ച നടത്തിയിരുന്നു.
തൂക്ക് സഭയുണ്ടായാലുള്ള സാഹചര്യങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ ബി ജെ പിയുടെ കേന്ദ്ര നേതാക്കളുമായി ടെലിഫോണിൽ ചർച്ച നടത്തിയതായും വൃത്തങ്ങൾ അറിയിച്ചു. ബിജെപിക്ക് കേവലഭൂരിപക്ഷം കുറഞ്ഞാൽ ജെഡി(എസ്)ന്റെയും മറ്റും പിന്തുണ അവർക്ക് നേടേണ്ടി വരും.
2018-ൽ 104 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവെങ്കിലും ഭൂരിപക്ഷത്തിന് ഒമ്പത് സീറ്റുകള്‍ കുറവായിരുന്നു. കോൺഗ്രസിന് 78 ഉം ജെഡി(എസ്) 37 ഉം സീറ്റായിരുന്നു ലഭിച്ചത്. ബി ജെ പിയെ അധികാരത്തില്‍ നിന്നും അകറ്റിനിർത്താൻ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനം ജെ.ഡി (എസ്) ന് നൽകി സർക്കാർ രൂപീകരിച്ചു. എച്ച്‌ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി, എന്നാൽ ബിഎസ് യെഡിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി, കോൺഗ്രസിൽ നിന്നും ജെഡി (എസിൽ) നിന്നും കൂറുമാറ്റം വരുത്തി സഖ്യത്തെ വീഴ്ത്തി അധികാരത്തിലെത്തി.












Click it and Unblock the Notifications