കരുനാഗപ്പള്ളി സംഘർഷം: കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യാനാണ് പൊലീസ് ശ്രമിക്കുന്നത്: കെ വേണുഗോപാല്‍
കൊല്ലം: തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ഇടയില്‍ കരുനാഗപ്പള്ളിയിലുണ്ടായ സംഘർഷത്തില്‍ പൊലീസിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കൊട്ടിക്കലാശ സമയത്ത് കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷിന് നേരെയുണ്ടായ സി പി എം അക്രമം ബോധപൂർവമാണ് എന്ന് നിരവധിവട്ടം തെളിഞ്ഞുകഴിഞ്ഞിട്ടും പൊലീസ് നീതിപൂർവ്വമായി രീതിയില്‍ ഇടപെടുന്നില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു.
ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൽ ഡി എഫിൻ്റെ ആത്മവിശ്വാസക്കുറവാണ് കരുനാഗപ്പള്ളിയിലെ സംഘർഷത്തിൽ പ്രതിഫലിച്ചത്. പ്രതിപക്ഷത്തെ കള്ളക്കേസിൽ കുടുക്കിയും അക്രമം വഴി നിശബ്ദരാക്കാൻ ശ്രമിച്ചും സർക്കാരും എൽ ഡി എഫും നടത്തുന്ന ശ്രമങ്ങൾക്കെതിരെ ജനം പ്രതിഷേധിക്കുമെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് ഇതെന്നും കെസി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കൊട്ടിക്കലാശ സമയത്ത് കരുനാഗപ്പള്ളി എം എൽ എ സി.ആർ മഹേഷിന് നേരെയുണ്ടായ സി പി എം അക്രമം ബോധപൂർവമാണ് എന്ന് നിരവധിവട്ടം തെളിഞ്ഞുകഴിഞ്ഞു. നിശ്ചയിച്ച റൂട്ട് മാറ്റി യു ഡി എഫിൻ്റെ ജാഥയിലേക്ക് വന്നുകയറി ബോധപൂർവം സംഘർഷമുണ്ടാക്കാനായിരുന്നു ശ്രമമെന്നത് പകൽപോലെ വ്യക്തമായിരുന്നിട്ടും ദിവസങ്ങൾ പിന്നിടുമ്പോഴും കേസിലെ പ്രതി എം എൽ എയാണ് എന്നത് വിചിത്രമാണ്.
ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൽ ഡി എഫിൻ്റെ ആത്മവിശ്വാസക്കുറവാണ് കരുനാഗപ്പള്ളിയിലെ സംഘർഷത്തിൽ പ്രതിഫലിച്ചത്. എം എൽ എയുടെ നേതൃത്വത്തിൽ നടത്തിയ റോഡ് ഷോയിൽ വൻ ജനപങ്കാളിത്തം ഉണ്ടായതിൽ വിറളി പിടിച്ചാണ് എൽ ഡി എഫ് എം എൽ എയ്‌ക്കെതിരെ അക്രമം അഴിച്ചുവിട്ടത്. ഒടുവിൽ അക്രമത്തിന് ഇരയായ എം എൽ എയ്ക്കെതിരെ വധശ്രമത്തിന് കേസ്. ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയാത്തത്.
കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യാനാണ് പോലീസിൻ്റെ ശ്രമം. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിച്ച് പിണറായിക്ക് വിടുപണി ചെയ്യുകയാണ് പോലീസ് സേനയിലുള്ളവർ.ഇന്ന് മഹേഷിന്റെ സ്വന്തം കരുനാഗപ്പള്ളിയിൽ യു ഡി എഫ് കൊല്ലം ജില്ലാ കമ്മിറ്റി പ്രതിഷേധ സൂചകമായി നടത്തിയ ജനകീയ കൂട്ടായ്മ ഒരു താക്കീതാണ്.
പ്രതിപക്ഷത്തെ കള്ളക്കേസിൽ കുടുക്കിയും അക്രമം വഴി നിശബ്ദരാക്കാൻ ശ്രമിച്ചും സർക്കാരും എൽ ഡി എഫും നടത്തുന്ന ശ്രമങ്ങൾക്കെതിരെ ജനം പ്രതിഷേധിക്കുമെന്നതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു ഇത്. ഈ വിഷയത്തിൽ നിയമപരമായി യു ഡി എഫ് ഏതറ്റം വരെയും പോകുമെന്ന് സർക്കാരിനെയും പോലീസിനെയും ഒരിക്കൽക്കൂടി ഓർമിപ്പിക്കുകയാണ്.












Click it and Unblock the Notifications