കൂടുതല്‍ സമയം ആവശ്യപ്പെടില്ല:വിചാരണ ഉടന്‍ പുനരാരംഭിക്കും, കാവ്യക്കൊപ്പും സുരാജും സാക്ഷിപ്പട്ടികയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം ഹൈക്കോടതി നിർദേശിച്ച ജുലൈ 22 ന് തന്നെ സമർപ്പിക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണം ഏകദേശം പൂർത്തീകരിച്ചെന്നും അതിനാല്‍ തന്നെ 22 ന് മുമ്പ് തുടരന്വേഷണം പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ വീണ്ടും അപ്പീല്‍ നല്‍കില്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് ഒഴികെയുള്ള കാര്യങ്ങളില്‍ കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രോസിക്യൂഷന്‍ ഇന്ന് വിചാരണ കോടതിയെ അറിയിക്കും.

തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ദിലീപിന്റെ അഭിഭാഷകർ ഉള്‍പ്പടെ പലരേയും ചോദ്യം ചെയ്യാതെയാണ് കേസ് അന്വേഷണം പൂർത്തീകരിക്കാന്‍ ഒരുങ്ങുന്നത്. കാവ്യാ മാധവനെ വീണ്ടും ചേദ്യം ചെയ്തേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പിന്നീട് അതുണ്ടായില്ല. നേരത്തെ അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമമുണ്ടായപ്പോള്‍ അതിജീവിത മുഖ്യമന്ത്രിയെ നേരില്‍ കാണുകയും പിന്നീട് അന്വേഷണ സംഘം കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയുമായിരുന്നു.
സിംപിള്‍ ലൂക്കില്‍ കല്യാണ വേദിയില്‍ നിറഞ്ഞാടി മഞ്ജു വാര്യർ: വൈറലായി ചിത്രങ്ങള്‍

തുടരന്വേഷണ റിപ്പോർട്ട് 22 ന് തന്നെ സമർപ്പിക്കുന്നതോടെ, നിർത്തിവെച്ചിരിക്കുന്ന വിചാരണ നടപടികളും ഉടന്‍ പുനരാരംഭിക്കും. ദിലീപിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും സാധ്യതയുണ്ട്. അനുബന്ധ കുറ്റപത്രത്തില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ മാത്രമാണ് പ്രതിയായി ചേർത്തിട്ടുള്ളത് എന്നതാണ് സൂചന.

നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ 2017 നവംബറില്‍ ദിലീപിന് ലഭിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ശരത്താണ് ഈ ദൃശ്യങ്ങല്‍ ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീട്ടിലേക്ക് കൊണ്ടുവന്ന് കൈമാറിയത്. ഈ ദൃശ്യങ്ങള്‍ നശിപ്പിച്ചു, അല്ലെങ്കില്‍ മനപൂർവ്വം മറച്ച് പിടിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലേക്ക് എത്തിയെന്ന കാര്യത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാർ സാക്ഷിയാണ്. കൂടാതെ കേസിന് ബലം നല്‍കാന്‍ മറ്റ് ഡിജിറ്റല്‍ തെളിവുകളും അന്വേഷ സംഘം കണ്ടെത്തിയിട്ടുണ്ട്.

ബാലചന്ദ്ര കുമാറിന് പുറമെ ദിലീപിന്റെ സഹോദരന്‍ അനൂപ്, കാവ്യാ മാധ്യവന്‍, സഹോദരീ ഭർത്താവ് സുരാജ് എന്നിവരും സാക്ഷി പട്ടികയിലുണ്ടാവും. നേരത്തെ വിസ്തരിച്ചതാണെങ്കിലും പല സാക്ഷികളേയും വീണ്ടും വിസ്തരിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തിലേറെ പേജുള്ള അനുബന്ധ റിപ്പോർട്ടാണ് അന്വേഷണ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ പകർപ്പ് എടുക്കുന്ന ജോലിയും കഴിഞ്ഞ ദിവസത്തോടെ ആരംഭിച്ച് കഴിഞ്ഞു.

കോടതിയില്‍ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ പകർപ്പ് കേസിലെ എല്ലാ പ്രതികള്‍ക്കും നല്‍കേണ്ടതുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്നാണ് സർക്കാറിന്റേയും നിലപാട്. അതേസമയം, കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ കോടതിയുടെ പരിഗണനയിലിരിക്കെ ചോർന്ന സംഭവത്തില്‍ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തുടർന്നേക്കും.

ഈ സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിചാരണ കോടതിയും നിർദേശിച്ചിരുന്നു. മെമ്മറി കാർഡ് ഉപയോഗിച്ച് ദൃശ്യം കണ്ട വിവോ ഫോണ്‍ ആരുടേതാണെന്ന് കണ്ടെത്തണം. മെമ്മറി കാർഡ് പ്രവർത്തിപ്പിച്ചത് ഏത് പോലീസ് ഉദ്യോഗസ്ഥനാണെന്ന് പ്രോസിക്യൂഷന് അറിയമെങ്കിലും അത് വ്യക്തമാക്കുന്നില്ലെന്നും കോടതി നേരത്തെ വിമർശിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications