'കാര്‍ വാങ്ങാനുള്ള പാങ്ങൊന്നും ഉണ്ടാകില്ല, കുട്ടികളെ ഇരുത്തിയുള്ള യാത്രയ്ക്ക് ഫൈന്‍ വാങ്ങുന്നത് ദ്രോഹം'
കൊല്ലം: സംസ്ഥാനത്ത് ഇന്ന് എല്ലായിടത്തും എ ഐ ക്യാമറകളെ കുറിച്ചാണ് ചര്‍ച്ച. ചിലര്‍ എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിനെ വിമര്‍ശിക്കുമ്പോള്‍, മറ്റ് ചിലര്‍ എ ഐ ക്യാമറകളെ പിന്തുയ്ക്കുന്നു. റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇപ്പോഴിതാ സംസ്ഥാനത്തെ നിരത്തുകളില്‍ സ്ഥാപിച്ച എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും എം എല്‍ എയുമായ കെ ബി ഗണേഷ് കുമാര്‍.
കേരളത്തില്‍ കൂടുതല്‍ ആളുകളും ഇരുചക്ര വാഹനം ഉപയോഗിക്കുന്നവരാണെന്നും അവരെ നിരാശപ്പെടുത്തുന്ന ഭരണ പരിഷ്‌കാരങ്ങള്‍ വലിയ അപകടത്തിലേക്ക് വഴി തെളിയിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളില്‍ കൂടുതല്‍ പേരും ഇരുചക്ര വാഹനങ്ങളാണ് ഗതാഗതത്തിന് ഉപയോഗിക്കുന്നത്. അവര്‍ കുട്ടികളെ ഹെല്‍മെറ്റ് ധരിപ്പിച്ചാണ് കൊണ്ടുപോകുന്നത്.

നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നത് നല്ല കാര്യമെങ്കിലും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വണ്ടി ഓടിക്കുന്നത് നൂറു ശതമാനം തെറ്റാണ്. 2000 അല്ല 3000 ഫൈന്‍ അടച്ചാലും തെറ്റില്ല. കാരണം, ഹൈവേയിലൊക്കെ ലൈന്‍ മാറിയോടിച്ച് സ്ത്രീയുടെ തലയില്‍ കൂടി വണ്ടി ഓടിച്ച കാഴ്ചകള്‍ നമ്മള്‍ കാണുന്നതാണ്.
അതിന് ഫൈന്‍ അടിക്കണം. ബെല്‍റ്റ് ഇടാതെ വാഹനം ഓടിക്കുന്നതും തെറ്റാണ്. കാരണം, പഴയ അംബാസഡര്‍ കാറല്ല, ഇപ്പോഴത്തെ വണ്ടികള്‍. നല്ല വേഗതയിലാണ് പോകുന്നത്. ഒരു ചവിട്ട് ചവിട്ടിയാല്‍ നമ്മുടെ തല ഇടിച്ച് പുറത്തുവരും. ബെല്‍റ്റിടാത്തവര്‍ക്ക് ഫൈന്‍ അടിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ എനിക്ക് ഒരു കാര്യത്തില്‍ എതിരഭിപ്രായമുണ്ട്.
ഭാര്യയും ഭര്‍ത്താവും രണ്ട് കുഞ്ഞുങ്ങളുമുള്ള ചില കുടുംബത്തിന് ഒരു കാറ് വാങ്ങാനുള്ള പാങ്ങൊന്നും ഉണ്ടായെന്ന് വരില്ല. അവര്‍ക്ക് സഞ്ചരിക്കാന്‍ ഒരു സ്‌കൂട്ടര്‍ വാങ്ങും. ഇവര്‍ കുഞ്ഞിനെ ഇടയിലോ മുന്നിലോ വച്ചു യാത്ര ചെയ്യുന്നതിനെതിരെ ഫൈന്‍ അടിക്കുന്നത് ദ്രോഹമാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്. എന്റെ അഭിപ്രായം ഞാന്‍ എല്ലായിടത്തും പറയും.
നിയമങ്ങള്‍ മനുഷ്യര്‍ക്ക് വേണ്ടി ആകണം. കുഞ്ഞുങ്ങള്‍ ഹെല്‍മെറ്റ് വയ്ക്കട്ടെ. ഞാന്‍ പല രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ കുഞ്ഞുങ്ങളെയും കൊണ്ട് ടു വീലറില്‍ പോകുന്നത് കണ്ടിട്ടില്ല. ഇന്തോനേഷ്യയിലും മറ്റും ആളുകള്‍ സ്‌കൂട്ടര്‍ ആണ് ഉപയോഗിക്കുന്നത്. അവര്‍ എല്ലാം ഹെല്‍മെറ്റ് വച്ചാണ് സ്‌കൂട്ടര്‍ ഓടിക്കുന്നത്, അതില്‍ ഏതു കുഞ്ഞാണ് അപകടത്തില്‍ മരിച്ചത്. ഹെല്‍മെറ്റ് ഇടാത്തവര്‍ മരിച്ചിട്ടുണ്ട്, ഓവര്‍ സ്പീഡുകൊണ്ട് മരിച്ചിട്ടുണ്ട്- ഗണേഷ് കുമാര്‍ പറഞ്ഞു.
കേരളത്തില്‍ സ്‌കൂട്ടര്‍ ആണ് ഓടിക്കുന്നവരാണ് കൂടുതലും. ഞാന്‍ 2001 ല്‍ മന്ത്രി ആയിരിക്കുമ്പോള്‍ 26000 പ്രൈവറ്റ് ബസും ഏതാണ്ട് 4500 ഓളം കെ എസ് ആര്‍ ടി സി ബസുകളും ഓടിയിരുന്നു. 2016 ആയപ്പോഴേക്കും കേരളത്തില്‍ പ്രൈവറ്റ് ബസുകള്‍ 36000 ആയി. ഇന്ന് പ്രൈവറ്റ് ബസുകളുടെ എണ്ണം 7000 ല്‍ താഴെയാണ് എന്ന ദയനീയ അവസ്ഥ നമ്മള്‍ മനസ്സിലാക്കണം.
മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളെ ചാക്കില്‍ കെട്ടി കൊണ്ടുപോകാന്‍ പറ്റില്ല. അത്തരം നടപടികള്‍ ജനങ്ങളുടെ മനസ്സില്‍ നിന്ന് നമ്മള്‍ അകലാനെ ഇടനല്‍കൂ എന്ന് ഭരണകര്‍ത്താക്കളോടെയും ഞാന്‍ ഉള്‍പ്പെടുന്ന നിയമ നിര്‍മ്മാതാക്കളോടും പറയുകയാണ്. പ്രായോഗികമല്ലാത്ത പരിഷ്‌കരണങ്ങളും അതിനു വേണ്ടി നമ്മള്‍ ചെയ്യുന്ന കള്ളത്തരങ്ങള്‍ വലിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications