രാഹുല്‍ ഗാന്ധിയെ വളഞ്ഞിട്ട് ആക്രമിക്കുന്നു; ജനം ഇതെല്ലാം വിലയിരുത്തുന്നുണ്ട്: കെസി വേണുഗോപാല്‍
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ വളഞ്ഞിട്ട് ആക്രമിക്കുക എന്ന ആസൂത്രിതമായ പദ്ധതിയാണ് ബി ജെ പി ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറിയും എം പിയുമായ കെ സി വേണുഗോപാല്‍. അദാനി-മോദി ബന്ധം തുറന്നുകാണിച്ചതിലെ രാഷ്ട്രീയപ്പകയാണ് ബി.ജെ.പി ഭരണകൂടം അയോഗ്യത കല്‍പ്പിച്ചും ഔദ്യോഗിക ബംഗ്ലാവ് ഒഴിപ്പിച്ചും ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ചും കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ വയനാട് എം പി ഓഫീസിലെ ടെലഫോണ്‍ കണക്ഷനും ഇന്റര്‍നെറ്റും ബി എസ് എന്‍ എല്‍ വിച്ഛേദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ സി വേണുഗോപാലിന്റെ വിമര്‍ശനം. തീര്‍ത്തും വിലകുറഞ്ഞ നടപടികളാണ് ബിജെപി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്, അതും കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ട്. ജനം ഇതെല്ലാം വിലയിരുത്തുന്നുണ്ട് എന്നുമാത്രം അവരെ ഓര്‍മിപ്പിക്കുന്നെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

രാഹുല്‍ ഗാന്ധിയെ വളഞ്ഞിട്ട് ആക്രമിക്കുക എന്ന ആസൂത്രിതമായ പദ്ധതിയാണ് ബി.ജെ.പി ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാഹുല്‍ ഗാന്ധിയുടെ വയനാട് എം.പി ഓഫീസിലെ ടെലിഫോണ്‍ കണക്ഷനും ഇന്റര്‍നെറ്റും ബി.എസ്.എന്‍.എല്‍ വിച്ഛേദിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരായ അയോഗ്യത സംബന്ധിച്ച തീരുമാനം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് ജനാധിപത്യവിരുദ്ധ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
അദാനി-മോദി ബന്ധം തുറന്നുകാണിച്ചതിലെ രാഷ്ട്രീയപ്പകയാണ് ബി.ജെ.പി ഭരണകൂടം അയോഗ്യത കല്‍പ്പിച്ചും ഔദ്യോഗിക ബംഗ്ലാവ് ഒഴിപ്പിച്ചും ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ചും കാണിക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഏറ്റവും ഒടുവിലത്തെ നടപടിയെന്നത് ഈ പകവീട്ടലിന്റെ ഉദ്ദേശലക്ഷ്യം വെളിവാക്കുന്നു.
തീര്‍ത്തും വിലകുറഞ്ഞ നടപടികളാണ് ബിജെപി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്, അതും കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ട്. ജനം ഇതെല്ലാം വിലയിരുത്തുന്നുണ്ട് എന്നുമാത്രം അവരെ ഓര്‍മിപ്പിക്കുന്നു. വയനാട്ടിലെ ജനതയുടെ ഹൃദയത്തിലാണ് രാഹുല്‍ഗാന്ധിയുടെ സ്ഥാനം.
അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം തരംതാണ നടപടികള്‍ ലക്ഷ്യം കാണില്ല. അധികാരം ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും വിരട്ടാം എന്ന മൗഢ്യം മോദിയും കൂട്ടരും ഉപേക്ഷിക്കണം. രാഹുല്‍ ഗാന്ധിയെ ഒറ്റയ്ക്ക് വരിഞ്ഞുമുറുക്കി ആക്രമിക്കാം എന്ന മിഥ്യാധാരണ ഇനിയും അവശേഷിക്കുന്നുണ്ടെങ്കില്‍ അതെല്ലാം വെറും ദിവാസ്വപ്നങ്ങള്‍ മാത്രമാകും എന്ന് അദാനിയുടെ ചങ്ങാതിക്ക് ബോധ്യപ്പെടുന്ന നാളുകളാണ് മുന്നിലുള്ളത്.
വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ രാഹുല്‍ഗാന്ധി ഒറ്റയ്ക്കല്ല, മതേതര ജനാധിപത്യ മൂല്യങ്ങള്‍ തകരരുതെന് ആഗ്രഹിക്കുന്ന ഒരു വലിയ ജനത രാഹുലിന് പിന്നിലുണ്ട്. അവരാണ് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ശക്തിയും കരുത്തും.












Click it and Unblock the Notifications