നിങ്ങള്‍ മാസ്സാണ് ബ്രോ...വോട്ട് ബഹിഷ്‌കരിയ്ക്കുന്നവര്‍ക്ക് കളക്ടര്‍ ബ്രോയുടെ ഉപദേശം
കോഴിക്കോട്: തിരഞ്ഞെടുപ്പ് ബഹിഷ്‌കരിയ്ക്കുക എന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ ആയി വരികയാണ്. പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍. രാഷ്ട്രീയമില്ലെന്ന് പറയുന്നത് വലിയ കാര്യമാണെന്ന് ധരിയ്ക്കുന്ന ഒരു തലമുറയാണ് വളര്‍ന്നുവരുന്നത്.
എന്നാല്‍ അത്തരക്കാര്‍ വലിയ സംഭവമാണ് എന്ന് സ്വയം ധരിയ്ക്കുകയൊന്നും വേണ്ട. അങ്ങനെ ധരിയ്ക്കുന്നവര്‍ക്കുള്ള ചുട്ടമറുപടിയുമായി കോഴിക്കോട്ടെ കളക്ടര്‍ ബ്രോ എന്‍ പ്രശാന്ത് ഫേസ്ബുക്കില്‍ രംഗത്തെത്തിയിട്ടുണ്ട്. കളക്ടര്‍ ബ്രോയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചിട്ടും വോട്ട് ചെയ്യാന്‍ തയ്യാറാകാത്തവരെ പിന്നെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.

ഇതായിരുന്നു കളക്ടര്‍ ബ്രോയുടെ പോസ്റ്റ്
' തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ അഹ്വാനം ചെയ്തു കൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ ഫേസ്ബുക്കിലും വാട്സാപ്പിലുമൊക്കെ കാണാനിടയായി. ഇതാണത്രെ എല്ലാവരേം ഞെട്ടിക്കുന്ന പുതിയ പ്രതിഷേധമുറ. ഇതാണത്രെ ഫാഷൻ. എങ്കിലും അത്ര ഫാഷനബിൾ അല്ലാത്ത കാര്യം പറയട്ടെ?
ദു:ഖകരവും പ്രതിഷേധാർഹവുമായ പലതും നമുക്ക് ചുറ്റിലും നടക്കുന്നുമുണ്ട്. ദുരിതങ്ങളാല്‍ കഷ്ടപ്പെടുന്ന ആളുകളുമുണ്ട്. പ്രശ്നങ്ങൾ അനവധി ഉണ്ട്. ഇതേക്കുറിച്ചൊക്കെ സജിവ ചർച്ചകളും പ്രശ്നപരിഹാരത്തിന് പൊതുജന സമ്മർദ്ദവും ഉണ്ടാവാറുണ്ട്. ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ പോലും അനുവാദമില്ലാത്ത നിരവധി രാജ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട് എന്ന് മാത്രം ഓർക്കുക.
നമുക്ക് ജനാധിപത്യം വേണ്ടുവോളം ഉള്ളതുകൊണ്ട് ഒരു പക്ഷേ വെറുതേ കിട്ടിയ വോട്ടവകാശത്തിന്റെ വില അറിയാതെ പോയതാണോ? വോട്ടു ചെയ്യാന്‍ സാധിക്കാത്തവരും നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട്. മാനസിക രോഗാശുപത്രികളിലും,വൃദ്ധ സദനങ്ങളിലും, അനാഥാലയങ്ങളിലും ജീവിക്കുന്നവരും, പ്രായപൂർത്തിയാവാത്ത കുട്ടികളും, തടവുകാരും, രോഗികളുമെല്ലാം ഈ ഗണത്തിൽ പെടും. പ്രകൃതിക്കും മൃഗങ്ങൾക്കും വോട്ട് ചെയ്ത് അവരുടെ കാര്യം പറയാൻ കഴിയില്ല. 'വോട്ട് ബാങ്ക്' ആയി വർത്തിക്കാൻ കഴിയാത്ത ഇക്കൂട്ടരുടെ നേരെ അധികാരികൾക്ക് പൊതുവിൽ ഒരവഗണന ഇല്ലാതില്ല. നമുക്ക് വേണ്ടി മാത്രമല്ല, ഇവർക്കൊക്കെയും കൂടിയാണ് നമ്മള് ഇന്ന് കേള്‍പ്പിക്കാന്‍ പോകുന്ന ആ ബീപ് ശബ്ധം.
ഓ..എന്‍റ്റെ ഒരു വോട്ടല്ലേ..അതിപ്പോ എന്ത് വ്യത്യാസം വരുത്താന്‍ എന്ന് ചിന്തിക്കുന്നവരുണ്ട്. ഒരു മഴത്തുള്ളി നിസ്സാരനാണെങ്കിലും ഭൂമിയെ വിറപ്പിച്ച് പേമാരി പെയ്തിറങ്ങുന്നത് ഒട്ടനവധി മഴത്തുള്ളികൾ ഒരുമിക്കുമ്പോഴാണ്. വോട്ടും അങ്ങനെ തന്നെ.
ഇന്ന് സ്ഥാനാര്‍ത്ഥികളില്‍ കുറേപ്പേരെങ്കിലും നമുക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാഗ്രഹിക്കുന്നവരോ, ചെയ്യുന്നവരോ ആണ്.അതിനു കാരണം നമ്മുടെ കയ്യിലുള്ള വോട്ട് എന്ന ആയുധത്തെ അവര്‍ ഭയക്കുന്നത് കൊണ്ടാണ്. ആ ആയുധവും വലിച്ചെറിഞ്ഞാൽ പിന്നെ നമുക്ക് എന്തുണ്ട് വില? പോളിംഗ് ബൂത്തിൽ പോകാത്ത ഒരു വിഭാഗത്തിനായി സ്ഥാനാർത്ഥികൾ എന്തിന് വിയർപ്പൊഴുക്കണം? ജനാധിപത്യവ്യവസ്ഥയിൽ അവർക്ക് മൂല്യമില്ല എന്ന സത്യം നമ്മൾ മനസ്സിലാക്കണം.
പല രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം ജനാധിപത്യം നമുക്ക് നല്‍കുന്നുണ്ട്. ജാഥകൾ, മുദ്രാവാക്യങ്ങൾ, പണിമുടക്കുകൾ, അങ്ങനെ പലതും. ഇക്കാലത്ത് വാട്സാപ്പിലെ ട്രോളുകളുകളും ഒരു പ്രധിഷേധ മാർഗ്ഗം തന്നെ. അഞ്ച് വർഷത്തിലൊരിക്കൽ വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ, വോട്ടെടുപ്പിലൂടെ, അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരത്തിന് പുറമേയാണിതോരോന്നും. ഇതോരോന്നും നിലനിൽക്കുന്നത് വോട്ടെടുപ്പ് നിലനിൽക്കുന്നത് കൊണ്ട് മാത്രവുമാണ്. സ്വീകരിക്കാനോ, നിരാകരിക്കാനോ ഉള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. നിങ്ങൾക്ക് യോജിപ്പുള്ള സ്ഥാനാർത്ഥി ആരുമില്ലെങ്കിൽ അക്കാര്യം NOTA ബട്ടൺ അമർത്തി അറിയിക്കാനും പറ്റും. അത് ഏറെ ശക്തമായ അറിയിപ്പുമായിരിക്കും. ജനാധിപത്യത്തിൽ നിലപാടുകൾ അറിയിക്കേണ്ടത് വോട്ട് ചെയ്താണ്. വോട്ട് ചെയ്യാത്തവർ ഒന്നും പറയുന്നില്ല. വോട്ടിംഗ് ശതമാനത്തിലെ ഇടിവിലെ വെറും ഒരു അക്കം മാത്രമായി അവർ മാറുന്നു.
നമ്മുടെ പ്രതിഷേധങ്ങളും, നിരാശകളും ഒരിക്കലും ജനാധിപത്യത്തിനെതിരെ ആവരുത്. സമൂഹത്തിലെ നല്ല മനുഷ്യരൊന്നും രാഷ്ട്രീയത്തിൽ ഇറങ്ങുന്നില്ല എന്ന് പലരും പറയാറുണ്ട്. നല്ല മനുഷ്യരൊന്നും വോട്ട് ചെയ്യാതിരിക്കയും കൂടി ആയാലോ?
ഇരിക്കുന്ന കൊമ്പ് മുറിക്കാൻ ആവേശം തോന്നുമെങ്കിലും മുറിക്കാതിരിക്കുന്നതാണ് ബുദ്ധി. Don't do. Don't do.'


Click it and Unblock the Notifications