ഷാനി മോളേയും ലതികയേയും ഒതുക്കും, ജയിച്ചാൽ പത്മജ മാത്രം മന്ത്രി; കോൺഗ്രസിലെ പടയൊരുക്കം ഇങ്ങനെ
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിനുള്ള മാനദണ്ഡം വിജയ സാധ്യത മാത്രം ആയിരിക്കണമെന്നാണ് ഏറ്റവും ഒടുവിലായും യുഡിഎഫ് യോഗത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. ഒപ്പം ഒരു കാര്യം കൂടി അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർകളിൽ പഴയ മുഖങ്ങൾ വേണ്ട. യുവാക്കൾക്കും വനിതകൾക്കും പ്രാമുഖ്യം നൽകണം.
ഹൈക്കമാന്റ് നിർദ്ദേശങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പല തവണ മത്സരിച്ചവർ തന്നെ വീണ്ടും സീറ്റുകൾക്കായി രംഗത്തുണ്ട്. ഒപ്പം വനിതാ സ്ഥാനാർത്ഥികളുടെ മത്സര സാധ്യത ഇല്ലാതാക്കാനുള്ള നീക്കങ്ങളും കോൺഗ്രസിൽ ആരംഭിച്ച് കഴിഞ്ഞു.

കഴിഞ്ഞ തവണ മത്സരിച്ചവർ
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മാനന്തവാടിയിൽ നിന്ന് പികെ ജയലക്ഷ്മി, കാഞ്ഞങ്ങാട് നിന്ന് ധന്യ സുരേഷ്, ഷൊർണൂരിൽ നിന്ന് സി സംഗീത, ഒറ്റപ്പാലത്ത് നിന്ന് ഷാനി മോൾ ഉസ്മാൻ, തൃശ്ശൂരിൽ നിന്ന് പത്മജ വേണുഗോപാൽ, ആലപ്പുഴയിൽ നിന്ന് ലാലി വിൻസെന്റ്, റാന്നിയിൽ നിന്ന് മറിയാമ്മ ചെറിയാൻ എന്നിങ്ങനെ ഏഴ് പേർ കോൺഗ്രസിൽ നിന്നും മത്സരിച്ചിരുന്നു.

കൂടുതൽ വനിതാ സ്ഥാനാർത്ഥികൾ
അതേസമയം 2011 ൽ ജയിച്ച് എംഎൽഎയായ പികെ വിജയലക്ഷ്മി ഉൾപ്പെടെ ആരും തന്നെ നിയമസഭയിലേക്ക് വിജയിച്ചിരുന്നില്ല. എന്നാൽ
എഐസിസി നിർദ്ദേശത്തോടെ ഇക്കുറി കോൺഗ്രസിൽ നിന്ന് കൂടുതൽ വനിതാ സ്ഥാനാർത്ഥികൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹൈക്കമാന്റ് നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ പരിഗണിക്കേണ്ടവരെ മൂന്ന് വിഭാഗമായി തിരിച്ച് 35 പേരുടെ പേരുടെ പട്ടിക മഹിളാ കോൺഗ്രസ് തയ്യാറാക്കുകയും ചെയ്തിട്ടപണ്ട്.

14 സീറ്റുകൾ
ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, ലതികാ സുഭാഷ് തുടങ്ങിയ നേതാക്കള്‍ക്ക് നിർബന്ധമായും സ്ഥാനാർത്ഥിത്വം നൽകണമെന്ന നിർദ്ദേശമാണ് വനിതാ വിഭാഗം മുന്നോട്ട് വെച്ചിരിക്കുന്നത്.
മുൻ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ദീപ്തി മേരി വർഗീസ്, പത്തനംതിട്ട മുൻ നഗരസഭാംഗം അജീബ എം സാഹിബ, ജ്യോതി വിജയകുമാർ എന്നിവർക്കും സീറ്റ് ലഭിച്ചേക്കുമെന്നാണ് സൂചന. ഒപ്പം ജില്ലയിൽ ഒരാളെന്ന നിലയിൽ 14 സീറ്റുകളും മഹിളാ കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.

സീറ്റ് ലഭിക്കുക ഇവർക്ക്
2016 ൽ അരൂരിൽ നിന്നും ജയിച്ച എംഎൽഎയും രാഷ്ട്രീയ കാര്യസമിതി അംഗവുമായ ഷാനി മോൾ ഉസ്മാനെ അവിടെ നിന്ന് തന്നെയും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിനെ ഏറ്റുമാനൂരിൽ നിന്നും കെപിസിസി ജനറൽ സെക്രട്ടറി പത്മജാ വേണുഗോപാലിനെ തൃശ്ശൂരിൽ നിന്നും ബിന്ദു കൃഷ്ണയെ കൊല്ലത്ത് നിന്നും മത്സരിപ്പിക്കാനുള്ള സാധ്യത ശക്തമാണ്.

കോൺഗ്രസിലെ ചർച്ച
എന്നാൽ ഈ നാല് പേരും ജയിച്ച് വരികയാണെങ്കിൽ മന്ത്രിസ്ഥാനം നൽകുന്നത് സംബന്ധിച്ച് പാർട്ടിയിൽ പോര് ഉടലെടുക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഈ സാഹചര്യത്തിൽ വനിതാ സ്ഥാനാർത്ഥികളുടെ മത്സര സാധ്യത പരമാവധി കുറയ്ക്കാനുള്ള നീക്കങ്ങളാണ് നിലവിൽ കോൺഗ്രസിൽ നടക്കുന്നത്.

പത്മജ വേണുഗോപാലിനെ
ഒരു വനിതാ സ്ഥാനാർത്ഥിയെ മാത്രം ജയിപ്പിച്ച് യുഡിഎഫ് മന്ത്രിസഭയിൽ ഒരു വനിതാ മന്ത്രി എന്നാണ് കോൺഗ്രസിലെ ചർച്ച.2011 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു വനിതാ സ്ഥാനാർത്ഥിമാത്രമായിരുന്നു ജയിച്ചത്, പികെ ജയലക്ഷ്മി. അന്ന് വനിതാ പ്രാതിനിധ്യം എന്ന നിലയിൽ മന്ത്രിസഭയിൽ അവരെ ഉൾപ്പെടുത്തുകയും ചെയ്തു.

ജയിച്ച് കയറാമെന്ന്
സമാന രീതിയിൽ ഒരു വനിത എന്ന തരത്തിലാണ് കോൺഗ്രസിൽ ആലോചന. നിലവിൽ പത്മജ വേണുഗോപാലിനെ മാത്രം വിജയിപ്പിക്കാനുള്ള നീക്കങ്ങളാണ് പാർട്ടിയിൽ നടക്കുന്നത്രേ.
കഴിഞ്ഞ തവണ തൃശ്ശൂരിൽ നിന്നാണ് പത്മജ മത്സരിച്ചത്.

സുനിൽ കുമാറിന്റെ വിജയം
പത്മജയ്ക്കെതിരെ അട്ടിമറി വിജയമായിരുന്നു മണ്ഡലത്തിൽ സിപിഐയുടെ വിഎസ് സുനിൽ കുമാർ വിജയിച്ചത്. ഇത്തവണ തൃശ്ശൂരിൽ സുനിൽ കുമാറിന് മണ്ഡലത്തിൽ സിപിഐ സീറ്റ് നൽകിയേക്കില്ല. സുനിൽ കുമാർ ഇല്ലേങ്കിൽ മണ്ഡലത്തിൽ വളരെ എളുപ്പത്തിൽ വിജയിച്ച് കയറാമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്.

അരൂരിൽ നിന്ന്
2019 ലെ ഉപതിരഞ്ഞെടുപ്പിലാണ് അരൂരിൽ നിന്ന് ഷാനി മോൾ ഉസ്മാൻ വിജയിച്ചത്. സിപിഎമ്മിന്റെ മനു സി പുളിക്കലിനെയായിരുന്നു ഷാനി മോൾ പരാജയപ്പെടുത്തിയത്. ഇക്കുറിയും സിറ്റിംഗ് എംഎൽഎയെ തന്നെ ഇറക്കി മണ്ഡലം പിടിക്കണമെന്ന വികാരം ഒരു വിഭാഗത്തിനിടയിൽ ഉണ്ടെങ്കിലും ഷാനിമോൾ വീണ്ടും ജയിക്കുകയാണെങ്കിൽ അത് മുതിർന്ന നേതാക്കളുടെ മന്ത്രി സാധ്യത ഇല്ലാതാക്കുമെന്ന് നേതാക്കൾ കരുതുന്നു.

തടയിടാൻ ഒരുക്കം
അതിന് തടയിടാനുള്ള നീക്കങ്ങളും പാർട്ടിയിൽ നടക്കുന്നുണ്ട്. ഇതോടെ മേഖലയിൽ വെള്ളാപ്പള്ളിക്കും എസ്എൻഡിപി യോഗത്തിനും താത്പര്യമുള്ള സ്ഥാനാർത്ഥികളെ ഉയർത്തികൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ലതികാ സുഭാഷിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരേയും ഒരു വിഭാഗം രംഗത്തുണ്ട്.

ഏറ്റുമാനൂരിൽ
ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തോടെയാണ് ഏറ്റുമാനൂരിൽ ഇത്തവണ മത്സരിക്കാൻ സാഹചര്യം ഒരുങ്ങിയിരിക്കുന്നത്. ജോസഫ് ഗ്രൂപ്പ് സീറ്റിനായി അവകാശം ഉന്നയിക്കുന്നുണ്ടെങ്കിലും കോൺഗ്രസിന് വിജയ സാധ്യത ഉള്ള സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കേണ്ടെന്നാണ് കോൺഗ്രസിലെ വികാരം. ഇതോടെയാണ് ലതിക സുഭാഷിന് ഇവിടെ സാധ്യത തെളിഞ്ഞത്.

പരിഗണിക്കുന്നത്
എന്നാൽ ലതികയ്ക്ക് പകരം ഡിസിസി ഭാരവാഹിയുടേയും യൂത്ത് കോൺഗ്രസ് നേതാവിന്റേയും പേരുകളാണ് ഇവിടെ പരിഗണിക്കുന്നത്. ഇടതുമുന്നണിക്ക് വിജയ സാധ്യത ഏറെ ആയതിനാൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ പേരിലാണെങ്കിൽ പോലും വിജയ സാധ്യത ഇല്ലാത്തവരെ മാറ്റി നിർത്തണമെന്നാണ് കോൺഗ്രസിലെ നേതാക്കൾ ഒരേ സ്വരത്തിൽ പറയുന്നത്.
ഉമ്മന്‍ ചാണ്ടിയെ ചുരുട്ടിക്കെട്ടാന്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വരുമോ? ദില്ലിയിലെ പഴയ തീപ്പൊരി നേതാവ്
എംഒയു നിലനിർത്തി ഉപകരാറുകൾ റദ്ദാക്കി കണ്ണിൽ പൊടിയിടാൻ നോക്കേണ്ട; ഷിബു ബേബി ജോൺ