ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ
മൂന്ന് മുന്നണികളുടെയും സ്ഥാനാർഥി നിർണയം പൂർത്തിയായി തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ 140 മണ്ഡലങ്ങളിലും പ്രചാരണം ചൂട് പിടിച്ചിരിക്കുകയാണ്. എൽഡിഎഫിലെയും യുഡിഎഫിലെയും പ്രധാന കക്ഷികളെല്ലാം 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച അതേ എണ്ണം സീറ്റുകളിലാണ് ഇത്തവണയും ജനവിധി തേടുന്നത്. സിപിഎം സ്വതന്ത്രർ അടക്കം കഴിഞ്ഞ തവണത്തേത് പോലെ തന്നെ 86 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഘടക കക്ഷികളിൽ നിന്ന് കോവളം, തിരുവനന്തപുരം, കാസർകോട്, വള്ളിക്കുന്ന് സീറ്റുകൾ ഏറ്റെടുക്കുകയും കൂടി ചെയ്തതോടെ ഫലത്തിൽ സിപിഎമ്മിന്റെ മത്സരം 90 സീറ്റിലേക്കെത്തി. സിപിഎം വിട്ടുവന്ന മൂന്ന് സ്വതന്ത്രരെ സ്വന്തം സീറ്റിൽ പിന്തുണക്കുന്നത് കൂടി കണക്കിലെടുത്താൽ കോൺഗ്രസിന്റെ മത്സരം 95 സീറ്റിലാണ്.
2021ലെ തെരഞ്ഞെടുപ്പിൽ ഓരോ മുന്നണിയും മത്സരിച്ച സീറ്റുകളും നേടിയ സീറ്റുകളും ഇപ്രകാരമായിരുന്നു (മത്സരിച്ച സീറ്റുകൾ ബ്രായ്ക്കറ്റിൽ)- എൽഡിഎഫ്: സിപിഎം 62 (86), സിപിഐ 17 (25), കേരള കോൺഗ്രസ്-എം 5 (12), ജനതാദൾ-എസ് 2 (4), എൻസിപി 2 (3), എൽജെഡി 1 (3), ഐഎൻഎൽ 1 (3), കോൺഗ്രസ്-എസ് 1 (1), കേരള കോൺഗ്രസ്-ബി 1 (1), ജനാധിപത്യ കേരള കോൺഗ്രസ് 1 (1), ആർഎസ്പി-എൽ 1 (1), എൽഡിഎഫ് സ്വതന്ത്രർ 5 (9).

യുഡിഎഫ്: കോൺഗ്രസ് 21 (93), മുസ്‍ലിം ലീഗ് 15 (27), കേരള കോൺഗ്രസ്-ജോസഫ് 2 (10), ആർഎസ്പി 0 (5), എൻസികെ 1 (2), കേരള കോൺഗ്രസ്-ജേക്കബ് 1 (1), സിഎംപി-സി.പി ജോൺ 0 (1), ആർഎംപി 1 (1). എൻഡിഎയിൽ ബിജെപി 113 സീറ്റിലും ബിഡിജെഎസ് 21 സീറ്റിലും എഡിഎംകെ, കാമരാജ് കോൺഗ്രസ്, ജെആർഎസ്, എൻഡിഎ സ്വതന്ത്രർ എന്നിവർ ഓരോ സീറ്റിൽ വീതവും മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാനായില്ല.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഓരോ മുന്നണിയിലെയും പാർട്ടികൾ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം ഇപ്രകാരമാണ്- എൽഡിഎഫ്: സിപിഎം (സ്വതന്ത്രർ അടക്കം) 86, സിപിഐ 25, കേരള കോൺഗ്രസ് (എം) 12, ആർജെഡി 3, എൻസിപി 3, സോഷ്യലിസ്റ്റ് ജനതാദൾ 3, കേരള കോൺഗ്രസ് (ബി) 1, ആർഎസ്പി (ലെനിനിസ്റ്റ്- കോവൂർ കുഞ്ഞുമോൻ) 1, ഐഎൻഎൽ 1, കോൺഗ്രസ് (എസ്) 1, ഇടതുമുന്നണി സ്വതന്ത്രർ- 4.
യുഡിഎഫ്: കോൺഗ്രസ് 95, മുസ്‍ലിം ലീഗ് 27, കേരള കോൺഗ്രസ് (ജെ) 8, ആർഎസ്പി 4, കേരള കോൺഗ്രസ് (ജേക്കബ്) 1, ആർഎംപി 1. കൂടാതെ സ്വതന്ത്രരായി മത്സരിക്കുന്ന നാലുപേരെ പിന്തുണക്കുന്നുമുണ്ട്. എൻഡിഎയിൽ ബിജെപി 97, ബിഡിജെഎസ് 23, ട്വന്റി-20 19, സ്വതന്ത്രൻ (ജെആർഎസ്) 1 എന്നിങ്ങനെയാണ് കക്ഷികൾ മത്സരിക്കുന്ന സീറ്റുകൾ.
ഇടതുമുന്നണിയിൽ നിന്ന് മറുചേരിയിലെത്തിയത് ആറുപേർ
ടേം വ്യവസ്ഥകളിൽ ഇളവ് നൽകി കരുത്തരായ സിറ്റിങ് എംഎൽഎമാരെ വീണ്ടും രംഗത്തിറക്കിയാണ് ഇടതുമുന്നണിയുടെ പരീക്ഷണം. നിയമസഭയിലെയും പാർട്ടിയിലെയും പ്രമുഖ സാന്നിധ്യങ്ങൾക്കൊപ്പം ശക്തരായ പുതുമുഖങ്ങൾ യുഡിഎഫിന്റെ കളത്തിലുണ്ട്. ഏതാനും മണ്ഡലങ്ങളിൽ ശക്തമായ മത്സരം കാഴ്ചവെച്ച് ഇരുമുന്നണികളെയും വെല്ലുവിളിക്കാനാണ് എൻഡിഎയുടെ ശ്രമം.
ഇടതുമുന്നണിയിൽ എം.എൽ.എമാരായിരുന്നവരും സിറ്റിങ് എംഎൽഎയുമടക്കം ആറു പേരാണ് ഇത്തവണ മറുചേരിയിലെത്തി ജനവിധി തേടുന്നത്. ദേവികുളം മുൻ സിപിഎം എംഎൽഎ എസ്.രാജേന്ദ്രൻ, വൈക്കത്തെ മുൻ സിപിഐ എംഎൽഎ കെ. അജിത്ത്, നാട്ടികയിലെ സിപിഐ സിറ്റിങ് എംഎൽഎ സി.സി. മുകുന്ദൻ എന്നിവർ ബി.ജെ.പി സ്ഥാനാർഥികളാണ്. കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസ് സ്ഥാനാർഥിയാണെങ്കിൽ അമ്പലപ്പുഴയിൽ ജി. സുധാകരനും പാലക്കാട്ടെ പി.കെ. ശശിയും ഇക്കുറി യുഡിഎഫ് പിന്തുണയിലാണ് പോരിനിറങ്ങുന്നത്.
ഇതിനുപുറമെ സിപിഎമ്മിനോട് ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ച പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണനെയും തളിപ്പറമ്പിലെ ടി.കെ. ഗോവിന്ദനെയും യുഡിഎഫ് പിന്തുണക്കുന്നു. വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന എ. സുരേഷ് കോൺഗ്രസിന്‍റെ മലമ്പുഴ സ്ഥാനാർഥിയാണ്. സ്വന്തം ക്യാമ്പിൽ നിന്നുള്ള 'എക്സ് എംഎൽഎ’മാരുടെ ശത്രുഭീഷണി യുഡിഎഫിനില്ലെങ്കിലും നേതാക്കൾ കൂറുമാറി എതിർചേരിയിൽ സ്ഥാനാർഥികളായിട്ടുണ്ട്.
അടൂർ സീറ്റിൽ പരിഗണിക്കാത്തതിനെ തുടർന്ന് കോൺഗ്രസിൽനിന്ന് രാജിവെച്ച ബാബു ദിവാകരൻ കുന്നത്തുനാട്ടിൽ എൻഡിഎ സ്ഥാനാർഥിയാണ്. കൊട്ടാരക്കരയിൽ കഴിഞ്ഞതവണ കോൺഗ്രസിനുവേണ്ടി ജനവിധി തേടിയ ആർ. രശ്മിയാണ് ഇക്കുറി ഇതേ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി.












Click it and Unblock the Notifications