കേരള ബാങ്കിന്‍റെ വരവോടെ ജില്ലാ ബാങ്ക് ഭരണസമിതികള്‍ ഇല്ലാതാവും: മന്ത്രി കടകംപള്ളി

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജീവനക്കാരുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ടാണ് കേരളബാങ്ക് രൂപകീരിക്കുക. ജില്ലാ ബാങ്ക് ഭരണ സമിതികള്‍ ഇല്ലാതാവുമെന്ന പ്രശ്‌നം മാത്രമേ ഇതു മൂലമുണ്ടാവുകയുള്ളു. സഹകരണ മേഖലയില്‍ കാലോചിതവും ആധുനികവുമായ പരിഷ്‌കരണം ആവശ്യമാണ്. ഇതെല്ലാം ഒത്തു ചേർന്നതായിരിക്കും കേരള ബാങ്കെന്നും അദ്ദേഹം പറഞ്ഞു. ശതാബ്ദി നിറവിലെത്തിയ ജില്ലാ സഹകരണ ബാങ്ക് സംഘടിപ്പിച്ച സഹകാരികളുടെയും മുന്‍ജീവനക്കാരുടെയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

kadakampalli

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനെ കൂടുതല്‍ ശാക്തീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ മുന്നോടിയാണ് കേരളാ ബാങ്ക് രൂപീകരണം. എല്ലാ ആധുനിക സൗകര്യങ്ങളോടെയുമാവും കേരള ബാങ്ക് നിലവില്‍ വരുക. അതുകൊണ്ട് ബാങ്കിങ് മേഖലയില്‍ ഉയര്‍ച്ചയും വളര്‍ച്ചയുമുണ്ടാവുമെന്നല്ലാതെ യാതൊരു നഷ്ടവും ഉണ്ടാവില്ല. ബാങ്കുകളുടെ ശേഷി വര്‍ധിക്കുകയാണ് ചെയ്യുക. കേരള ബാങ്കിന്റെ എല്ലാ ഇടപാടുകളും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് നല്‍കുന്ന രീതിയിലാവും പ്രവര്‍ത്തനം. ഇത് ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് കൂടുതല്‍ ഗുണകരമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

കാമുകനൊപ്പം പോകണം... കുഞ്ഞിനെ മാലിന്യത്തില്‍ തള്ളി...ഒളിച്ചോടവേ യുവതിയും കാമുകനും പോലീസ് പിടിയില്‍

സഹകരണ ബാങ്കുകളിലെ ഇടപാടുകാരില്‍ 23ശതമാനം മാത്രമേ യുവാക്കളുള്ളു. കോര്‍പറേറ്റ് ബാങ്കുകളുടെ വെല്ലുവിളി നേരിടാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിയണം. എന്നാലേ യൂവാക്കളെയുള്‍പ്പെടെ ആകര്‍ഷിക്കാനാവൂ. എസ്ബിഐയും എസ്ബിടിയും ലയിച്ചതോടെ ബാങ്കിങ് മേഖലയില്‍ തകര്‍ച്ചയാണ് ഉണ്ടായത്. ആദ്യഘട്ടത്തില്‍ 200നടുത്ത് ബ്രാഞ്ചുകള്‍ ഇല്ലാതായി. അടുത്തഘട്ടത്തില്‍ 200ഓളം ബ്രാഞ്ചുകള്‍ പൂട്ടുമെന്നാണ് കണക്കാക്കുന്നത്. ഒപ്പം ജീവനക്കാര്‍ക്കും തൊഴില്‍ നഷ്ടമായി. എന്നാല്‍, സംസ്ഥാന സഹകരണബാങ്കും ജില്ലാ സഹകരണബാങ്കുകളും ലയിക്കുമ്പോള്‍ യാതൊരുവിധ ആശങ്കകള്‍ക്കും വഴിയില്ല. സംസ്ഥാന വികസനത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ കേരള ബാങ്കിന് സാധിക്കും. സഹകരണ പ്രസ്ഥാനത്തിന് കരുത്തോടെ മുന്നോട്ട് പോവാനുള്ള ഉത്തരവാദിത്തമേറ്റെടുക്കാന്‍ നിലവിലെ സഹകാരി സമൂഹത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.


ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ പികെ പുരുഷോത്തമന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ സഹകരണ ബാങ്ക് മുന്‍ ഭരണ സമിതി അംഗങ്ങളെയും പ്രസിഡന്റുമാരെയും കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ആദരിച്ചു. എംഎല്‍എമാരായ എ പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി, ഇകെ വിജയന്‍, കെ ദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മുജീബ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.

English summary
kerala bank reach will vanish district banks management says kadakampally surendran.The new bank will not disturb existing co-operative banking in ke3rala says Minster.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്