സംസ്ഥാന ബജറ്റ്: ആരോഗ്യമേഖലയ്ക്ക് മുന്‍തൂക്കം, വരള്‍ച്ച നേരിടാന്‍ പദ്ധതികള്‍
നോട്ട് നിരോധനം മൂലമുണ്ടായ പ്രതിസന്ധികളെക്കുറിച്ച് ധനമന്ത്രി വിശദീകരിച്ചു
തിരുവനന്തപുരം: ആരോഗ്യ മേഖലയ്ക്ക് മുന്‍തൂക്കം നല്‍കി ധനമന്ത്രി തോമസ് ഐസക്ക് സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചു. കടുത്ത വരള്‍ച്ചയിലേക്കു നീങ്ങുന്ന സംസ്ഥാനത്തെ രക്ഷിക്കാന്‍ പദ്ധതികളും ബജറ്റിലുണ്ട്. കാരുണ്യ പദ്ധതിയില്‍ നിന്ന് 350 കോടി രൂപ ചികില്‍സാ സഹായമായി നല്‍കും. പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദ രോഗികള്‍ക്കു സൗജന്യമായി മരുന്ന്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 5357 പുതിയ പദ്ധതികള്‍ എന്നിവ ബജറ്റില്‍ വിഭാവനം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി 2000 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. 1350 പുതിയ ഡോക്ടര്‍മാരെ നിയമിക്കും.

വരള്‍ച്ച നേരിടുന്നതിനായി മണ്ണ് സംരക്ഷണത്തിലും ജലസംരക്ഷണത്തിനും 150 കോടി വകയിരുത്തി. കുളങ്ങള്‍, നീര്ടച്ചാലുകള്‍ വൃത്തിയാക്കി ഉപയോഗിക്കും. അടുത്ത കാലവര്‍ഷസമയത്ത് മൂന്നു കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കും. ചെറുകിട ജലസേചന പദ്ധതികള്‍ക്കു 208 കോടി രൂപ അനുവദിച്ചു. ആധുനിക അറവുശാല സ്ഥാപിക്കാന്‍ 100 കോടി രൂപയും ശുചിത്വ മിഷന് 127 കോടിയും അനുവദിച്ചു. മാന്‍ഹോള്‍ ശുചീകരണത്തിന് 10 കോടിയാണ് അനുവദിച്ചത്. ആയിരം കുട്ടികളില്‍ കൂടതല്‍ പേര്‍ പഠിക്കുന്ന സ്‌കൂളുകള്‍ നവീകരിക്കാന്‍ 500 കോടി മാറ്റിവച്ചു. ഒരു സ്‌കൂളിന് പരമാവധി മൂന്നു കോടിയായിരിക്കും ലഭിക്കുക.

60 വയസ്സ് കഴിഞ്ഞ പെന്‍ഷനില്ലാത്ത രണ്ടു ഏക്കറില്‍ കൂടുതല്‍ ഭൂമിയില്ലാത്ത എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
നോട്ട് നിരോധനത്തിനു ശേഷമുള്ള ആദ്യ ബജറ്റ് കൂടിയാണിത്. നോട്ട് നിരോധനത്തെ തുഗ്ലക് പരിഷ്‌കാരമെന്നു വിശേഷിപ്പിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഐസക്ക് ബജറ്റ് അവതരണം തുടങ്ങിയത്. ഐസക്കിന്റെ എട്ടാമത്തെ ബജറ്റ് കൂടിയാണിത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാമത്തേതും.












Click it and Unblock the Notifications