ലോട്ടറി ചവറ്റുകൊട്ടയില്‍ കളഞ്ഞ ബിജു: എല്ലാവരേയും സഹായിച്ച പിള്ള: ബംബർ ജേതാക്കളുടെ അറിയാക്കഥകള്‍
ലോട്ടറിയിലൂടെ ഭാഗ്യം തേടിയെത്തിയ പലർക്കും വ്യത്യസ്തമായ കഥകളാണ് പറയാനുള്ളത്. ചിലർ വർഷങ്ങളായി ലോട്ടറി എടുക്കുന്നവരാണെങ്കില്‍ മറ്റു ചിലരെ അപ്രതീക്ഷിതമായിട്ടാണ് ലോട്ടറി ഭാഗ്യം തേടിയെത്തുന്നത്. മകന്റെ സമ്പാദ്യ കുടുക്കയില്‍ നിന്നുമെടുത്ത 500 രൂപ കൊണ്ടായിരുന്നു കഴിഞ്ഞ വർഷത്തെ ബംബർ ജേതാവായ തിരുവനന്തപുരം സ്വദേശി അനൂപ് ടിക്കറ്റെടുത്തത്.
ലോട്ടറി അടിച്ചതോടെ സാഹയം തേടി വരുന്നവരില്‍ നിന്നുമുള്ള ബുദ്ധിമുട്ടും അനൂപ് നേരിടേണ്ടി വന്നു. ഇപ്പോഴും സഹായം അഭ്യാർത്ഥിച്ചുകൊണ്ട് അദ്ദേഹത്തെ തേടിയെത്തുന്നവരുണ്ട്. നികുതിയും മറ്റും പിടിച്ച് കഴിഞ്ഞ് 12.75 കോടി രൂപയാണ് അനൂപിന് കിട്ടിയത്. പുതുതായി 15 സെന്റ് സ്ഥലം വാങ്ങിയ അദ്ദേഹം ശ്രീവരാഹത്ത് നിന്ന് മണക്കാടേയ്ക്ക് താമസം മാറുകയും ചെയ്തു.

12.75 കോടി രൂപ ബാങ്കില്‍ സ്ഥിര നിക്ഷേപമായി ഇട്ടിരിക്കുകയാണ്. അതില്‍ നിന്നുള്ള പലിശ ഉപയോഗിച്ചാണ് ഇപ്പോള്‍ കാര്യങ്ങള്‍ ചെയ്യുന്നത്. മണക്കാട് എംഎ ലക്കി സെന്റർ എന്ന പേരില്‍ പുതിയ ലോട്ടറി സ്ഥാപനം തുടങ്ങിയിട്ടുണ്ട്. ബന്ധുക്കള്‍ക്കും മറ്റുമായി കുറച്ച് പണം നല്‍കിയിട്ടുണ്ട്. ലോട്ടറി അടിച്ചെന്ന് കരുതി ധൂർത്തടിച്ച് കളയാന്‍ സാധിക്കില്ല. അന്നത്തെ ഓട്ടോ ഇപ്പോഴും കൂടെയുണ്ടെന്നും അനൂപ് പറയുന്നു.
2017 ല്‍ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് നെടുമങ്ങാട് സ്വദേശി സോമന്‍പിള്ളയ്ക്കായിരുന്നു. നെട്ട ഹൌസിങ് ബോർഡ് പിഎസ് നഗറില്‍ പുതിയ വീട് വെച്ചപ്പോള്‍ അതിന് സോമന്‍ പിള്ള നല്‍കിയ പേരും കാരുണ്യ എന്ന് തന്നെ. സമ്മാനത്തുകയില്‍ നിന്നും 50 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് വീടുവെച്ചിരിക്കുന്നത്. നേരത്തെ റബർ വ്യാപാര ഡിപ്പോയില്‍ നൈറ്റ് വാച്ചറായിരുന്ന അദ്ദേഹം പിന്നീട് ജോലി ഉപേക്ഷിച്ചു.
ഒന്നാം സമ്മാനം അടിച്ച ലോട്ടറി ചവറ്റുകൊട്ടയില്‍ ഇട്ട കഥയാണ് ആര്യനാട് ചെറുകുളം കട്ടയ്ക്കാലില്‍ വീട്ടില്‍ ബിജുവിന് പറയാനുള്ളത്. കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ് ബിജുവിനെ തേടി എത്തിയത്. വീട്ടില്‍ വെച്ചിരുന്ന ലോട്ടറി ടിക്കറ്റ് മക്കൾ വീട് വൃത്തിയാക്കുന്നതിനിടെ ചവറ്റുകുട്ടയിൽ ഇട്ടിരുന്നു.
നറുക്കെടുപ്പ് കഴിഞ്ഞ വിവരം അറിഞ്ഞപ്പോഴാണ് ടിക്കറ്റ് തപ്പുന്നത്. ആദ്യമൊന്നും ടിക്കറ്റ് കാണാന്‍ സാധിച്ചില്ല. പിന്നീട് അടുത്ത ദിവസം ചവറ്റുകുട്ടയിൽ നിന്നാണ് ടിക്കറ്റ് കണ്ടെത്തുന്നത്. നോക്കുമ്പോള്‍ അടിച്ചിരിക്കുന്നത് ഒന്നാം സമ്മാനം തന്നെ. കയ്യിൽ കിട്ടിയത് 50,40,000 രൂപ. മൂത്തമകൾ കെ.ബി.ചന്ദനയുടെ എംബിബിഎസ് പഠനത്തിന് പണം നീക്കിവെച്ച ബിജു എട്ടര ലക്ഷം രൂപയ്ക്ക് സ്വന്തമായി ലോറി വാങ്ങുകയും ചെയ്തു.
നഗരൂർ പഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് നേതാവുമായ, വെള്ളല്ലൂർ കീഴ്പേരൂർ രാജേഷ് ഭവനിൽ ബി.രത്നാകരൻപിള്ളയെ തേടി ലോട്ടറി ഭാഗ്യം എത്തുന്നത് തന്റെ എഴുപതാം വയസ്സിലാണ്. അതും കടബാധ്യതയ്ക്ക് നടുവില്‍ നില്‍ക്കുമ്പോള്‍. 2018-ലെ സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-ന്യൂ ഇയർ ബംബറിന്റെ ഒന്നാം സമ്മാനമായ 6 കോടി രൂപയാണ് ഇദ്ദേഹത്തിന് ലഭിച്ചത്.
നികുതി കഴിച്ച് 3.87 കോടി രൂപയാണ് രത്നാകരന്‍ പിള്ളയ്ക്ക് ലഭിച്ചത്. 160 പേർക്ക് ചികിത്സ സഹായം നൽകിയ അദ്ദേഹം പെൺകുട്ടികളുടെ വിവാഹം നടത്താൻ 25 പേർക്ക് 50,000 രൂപ വരെയും നല്‍കി സഹായിച്ചു. അതിന് പുറമെ 14 പേർക്ക് ഭൂമി വാങ്ങാനും പണം നല്‍കി. സർവീസ് സഹകരണ ബാങ്കിലുണ്ടായിരുന്ന 65 ലക്ഷം രൂപയുടെ കടവും അദ്ദേഹം വീട്ടി.












Click it and Unblock the Notifications