പിണറായിയെ ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു; മുഖ്യമന്ത്രിയെ തടയുന്ന ഈ രാജ്യം എങ്ങോട്ടെന്ന് കോടിയേരി
കേരളത്തിലെ സിപിഎം അക്രമങ്ങള്‍ക്കെതിരെയായിരുന്നു ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം
ഭോപ്പാല്‍: കേരളമുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില്‍ ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. അഖിലേന്ത്യ ജനമാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പിണറായി വിജയന്‍. സമ്മേളന പരിപാടിക്കു ശേഷം പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു തടഞ്ഞത്.
കേരളത്തിലെ സിപിഎം അക്രമങ്ങള്‍ക്കെതിരെയായിരുന്നു ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാതെ പിണറായി മടങ്ങി. ഭോപ്പാല്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലായിരുന്നു പരിപാടി. വന്‍ പോലീസ് സന്നാഹങ്ങള്‍ പിണറായിക്ക് സംരക്ഷണത്തിനായി ഒരുക്കിയെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ പൊതുപരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോകുന്നത് പ്രശ്‌നകാരണമാകുമെന്ന് ഭോപ്പാല്‍ പോലീസ് അറിയിച്ചു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി തന്നെ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു.

സ്വീകരണം
വൈകിട്ട് അഞ്ചരയ്ക്കായിരുന്നു യുണൈറ്റഡ് മലയാളി അസോസിയേഷന്‍, ഭോപ്പാല്‍ മലയാളി അസോസിയേഷന്‍, സൗത്ത് ഭോപ്പാല്‍ മലയാളി സമാജം എന്നിവയുടെ നേതൃത്വത്തിലുള്ള സ്വീകരണ ചടങ്ങ്.

പോലീസ്
യാത്രാ മധ്യേയാണ് പ്രതിഷേധ പരിപാടിയെപ്പറ്റി പിണറായിയെ മധ്യപ്രദേശ് പോലീസ് അറിയിച്ചത്. പരിപാടി സ്ഥലത്തേക്ക് കേരളാ മുഖ്യമന്ത്രി എത്താതിരിക്കുന്നതാണ് സുരക്ഷാ കാരണങ്ങളാല്‍ നല്ലതെന്ന് പോലീസ് അറിയിച്ചു.

പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍
പിണറായി പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ കര്‍ശന സുരക്ഷ നല്‍കാമെന്നും പോലീസ് അറിയിച്ചു. ഇതേ തുടര്‍ന്ന് പരിപാടി ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി തന്നെ തീരുമാനം എടുത്തു.

പിണറായി വിജയന്‍
താന്‍ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണെന്നും സുരക്ഷാ പ്രശ്‌നങ്ങള്‍ പോലീസ് ചൂണ്ടിക്കാട്ടിയാല്‍ അവിടെ പോകേണ്ടതില്ല എന്നാണ് തന്റെ തീരുമാനമെന്നും പിണറായി അറിയിച്ചു.

കോടിയേരി ബാലകൃഷണന്‍
മുഖ്യമന്ത്രിക്ക് പോലും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത നാടായി മാറി ഇന്ത്യ. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
പ്രകടനങ്ങളും പൊതു യോഗവും
ഇന്ത്യയില്‍ ഉടനീളം ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരും. സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗൗരവമായി ആലോചിക്കണം
ജനാധിപത്യ വിശ്വാസികള്‍ ഒന്നാകെ ഇതില്‍ പ്രതിഷേധിക്കണം. ഇത്തരമൊരു സ്ഥിതി വളര്‍ന്നുവന്നാല്‍ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഇല്ലാത്ത രാജ്യമായി ഇന്ത്യ മാറും. ഒരു മുഖ്യമന്ത്രിക്ക് പോലും പൊതുവേദിയില്‍ അഭിപ്രായം പറയാന്‍ അനുവാദം കിട്ടാത്ത അവസ്ഥ വന്നാല്‍ ഈ രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്ന് ഗൗരവമായിട്ട് ആലോചിക്കണമെന്നും കോടിയേരി പറഞ്ഞു.

മധ്യപ്രദേശ് സര്‍ക്കാര്‍ പരാജയം
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ സംഭവത്തില്‍ പ്രതികരിക്കണം. ഭരണഘടനാ ബാധ്യത നിര്‍വഹിക്കുന്നതില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി.

ശിവരാജ് സിംഗ് ചൗഹാന്‍
സംഭവം വിവാദമായതിനെ തുടര്‍ന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും സംസ്ഥാന പൊലീസ് മേധാവിയും പിണറായിയെ നേരിട്ട് കണ്ട് ഖേദം പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications