പനിയില്‍ വിറച്ച് കേരളം; കേസുകള്‍ ഉയരുന്നു, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പനി വ്യാപിക്കുന്നു. ദിവസേന രോഗം ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്നലെ 13521 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 2 ലക്ഷം കടന്നിരിക്കുകയാണ്. ഡെങ്കിപ്പനി കേസുകളും ഉയരുന്നുണ്ട്. 100ല്‍ കൂടുതല്‍ ഡെങ്കിപ്പനി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിൽ ഇന്ന് ഡ്രൈഡേ ആചരിക്കും
വീടുകളില്‍ നാളെ ഡ്രൈഡേ ആചരിക്കാനാണ് നിര്‍ദ്ദേശം. പനി പ്രതിരോധത്തിന്റെ ഭാഗമായി കൊതുകിന്റെ ഉറവിടം നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കും. പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തില്‍ ജില്ലയിലെ ആശുപത്രികളില്‍ പനിബാധിതര്‍ക്കായി പ്രത്യേക സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.

തൃശൂരില്‍ കഴിഞ്ഞ ദിവസം 13 വയസുകാരന്‍ പനി ബാധിച്ച് മരിച്ചിരുന്നു. ചാഴൂര്‍ കുണ്ടൂര്‍ വീട്ടില്‍ ധനിഷ്‌ക് ( 13) ആണ് മരിച്ചത്. കഴിഞ്ഞ 17 മുതല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് കാട്ടാക്കട സ്വദേശിയായ വിജയന്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സ തേടിയത് മലപ്പുറം ജില്ലയിലാണ്. എറണാകുളം കോഴിക്കോട് ജില്ലകളിലും പനി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്.
പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനി ക്ലിനിക് ആരംഭിക്കുന്നതിനും ഒ. പി.ടിക്കറ്റ് എടുക്കുന്നതിനും മരുന്നു വാങ്ങുന്നതിനും പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതേസമയം, പനിയുളള കുട്ടികളെ മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ സ്‌കൂളില്‍ അയക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ രോഗവിവരം സ്‌കൂളില്‍ നിന്ന് അന്വേഷിക്കണം. ഒരു ക്ലാസില്‍ പല കുട്ടികള്‍ക്ക് പനിയുണ്ടെങ്കില്‍ ക്ലാസ് ടീച്ചര്‍ പ്രധാനാധ്യാപകനെയും അദ്ദേഹം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറെയും അറിയിക്കണം.
ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഏത് പനിയും ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികള്‍ ആകാമെന്നതിനാല്‍ തീവ്രമായതോ നീണ്ട് നില്‍ക്കുന്നതോ ആയ എല്ലാ പനി ബാധകള്‍ക്കും വൈദ്യ സഹായം തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ പൊതുവേ കാണപ്പെടുന്ന മറ്റ് വൈറല്‍പ്പനികളില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ കഴിയാതെ വരികയോ വൈകുകയോ ചെയ്യാം. അതിനാല്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications