സാന്ദ്രാ തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍; നടപടി അച്ചടക്കം ലംഘിച്ചതിന്
കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് സാന്ദ്രാ തോമസിനെ പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും ഭിന്നത ഉടലെടുത്തിരുന്നു. സംഘടനയുടെ പല നിലപാടുകളേയും സാന്ദ്രാ തോമസ് പരസ്യമായി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ഭാഗമാണ് നടപടി എന്നാണ് വിവരം.
നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് സാന്ദ്ര പരാതി നല്‍കിയിരുന്നു. സാന്ദ്രയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാന്ദ്രയെ പുറത്താക്കിയിരിക്കുന്നത്. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നേതൃമാറ്റം വേണമെന്നും സാന്ദ്ര തോമസ് ആവശ്യപ്പെട്ടിരുന്നു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അമ്മയുടെ ഉപസംഘടന ആക്കാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുന്നു എന്നായിരുന്നു സാന്ദ്രയുടെ വിമര്‍ശനം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് നിര്‍മ്മാതാവ് ആന്റോ ജോസഫ്, സെക്രട്ടറി ബി രാകേഷ് എന്നിവര്‍ക്ക് സാന്ദ്രാ തോമസ് കത്തയയ്ക്കുകയും ചെയ്തിരുന്നു. നിര്‍മാതാക്കളുടെ സംഘടന ബാഹ്യശക്തികളുടെ നിയന്ത്രണത്തിലാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സംഘടന മൗനം പാലിച്ചു എന്നും സാന്ദ്ര കുറ്റപ്പെടുത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടപ്പിലാക്കേണ്ട കാര്യങ്ങളും സാന്ദ്ര തന്റെ കത്തില്‍ വിശദമാക്കിയിരുന്നു. സാന്ദ്ര ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതൃത്വം ഇടപെട്ട് യോഗം വിളിച്ചിരുന്നെങ്കിലും യോഗം പ്രഹസനമായിരുന്നു എന്നായിരുന്നു സാന്ദ്രയുടെ പ്രതികരണം.
അതേസമയം തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയതിലൂടെ സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് തെളിഞ്ഞുവെന്ന് സാന്ദ്ര പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അവരുടെ പ്രതികരണം. 'ഈ നടപടി ഒട്ടും പ്രതീക്ഷിച്ചില്ല. ലൈംഗിക ചുവയോടെ സംസാരിച്ചതിനാണ് പരാതി നല്‍കിയത്. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു,' സാന്ദ്ര ആരോപിച്ചു.
വനിതാ നിര്‍മാതാവായ തനിക്ക് അപമാനം നേരിട്ടതിനാലാണ് പരാതി കൊടുത്തതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. സംഘടനയില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷമില്ല എന്നും തന്നെ നിശബ്ദയാക്കാന്‍ ശ്രമിക്കുന്നതിലൂടെ ബാക്കിയുള്ള സ്ത്രീകളെയും നിശബ്ദരാക്കാനാണ് ശ്രമിക്കുന്നത് എന്നും അവര്‍ കുറ്റപ്പെടുത്തി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം മുന്നോട്ട് വന്നവരാരും ഇനി പരാതിയുമായി വരരുത് എന്നതാണ് ഇതുവഴി പുറത്ത് വരുന്ന സന്ദേശമെന്നും സാന്ദ്ര പറഞ്ഞു.
ആന്റോ ജോസഫിനെതിരേയും സാന്ദ്ര തോമസ് രംഗത്തെത്തി. ആന്റോ ജോസഫാണ് തന്നെ വളരെയേറെ ബുദ്ധിമുട്ടിപ്പിച്ചത് എന്ന് സാന്ദ്ര തോമസ് പറഞ്ഞു. ബാലതാരമായി സിനിമയില്‍ എത്തിയ താരമാണ് സാന്ദ്ര. 2012 ല്‍ പുറത്തിറങ്ങിയ ഫ്രൈഡേ എന്ന ചിത്രം നിര്‍മിച്ച് കൊണ്ടാണ് നിര്‍മാണ രംഗത്തേക്ക് കടക്കുന്നത്.












Click it and Unblock the Notifications