നടന്റെ ഒൻപത് മാസം ഗർഭിണിയായ ഭാര്യ വെളളപ്പൊക്കത്തിൽ കുടുങ്ങി.. ഒടുവിൽ ആശ്വാസ തീരത്ത്
നൂറനാട്: ദിവസങ്ങളായി തുടരുന്ന പ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട് ലക്ഷക്കണക്കിന് ആളുകളാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ആലപ്പുഴയിലും എറണാകുളത്തും തൃശൂരുമടക്കം സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
അതിനിടെ കഴിഞ്ഞ ദിവസം അങ്കമാലി ഡയറീസിലെ അപ്പാനി രവിയിലൂടെ പ്രശസ്തനായ നടന്‍ അപ്പാനി ശരത്തിന്റെ പൊട്ടിക്കരഞ്ഞ് കൊണ്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 9 മാസം ഗര്‍ഭിണിയായ ഭാര്യ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയതിനെ കുറിച്ചായിരുന്നു വീഡിയോ. ശരത്തിന്റെ ഭാര്യ രേഷ്മയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്.

ശരത്തിന്റെ വീഡിയോ
സിനിമാ ഷൂട്ടിംഗിനായി ചെന്നൈയിലുള്ള ശരത്തിന് നാട്ടിലേക്ക് എത്താനായിട്ടില്ല. 9 മാസം ഗര്‍ഭിണിയായ ശരത്തിന്റെ ഭാര്യ രേഷ്മ ആദ്യം മാന്നാറുള്ള സ്വന്തം വീട്ടിലായിരുന്നു. എന്നാല്‍ അവിടെ വെള്ളം കയറിയപ്പോള്‍ രേഷ്മയെ ചെങ്ങന്നൂരിലെ വെണ്‍മണി എന്ന സ്ഥലത്തേക്ക് മാറ്റി. പക്ഷേ അവിടെയും വെള്ളം കയറി. പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ശരത്തിന് ലഭിച്ചില്ല.

ലൈവിൽ കണ്ണീർ
ഇതോടെയാണ് അപ്പാനി ശരത്ത് ഫേസ്ബുക്ക് ലൈവില്‍ ഭാര്യയെ കണ്ടെത്താന്‍ സഹായം തേടി വന്നത്. താന്‍ ഭാര്യയുടെ കൂടെ ഇല്ലെന്നും എന്ത് ചെയ്യണമെന്ന് തനിക്ക് അറിയില്ലെന്നും പറഞ്ഞ് ലൈവില്‍ നടന്‍ കണ്ണീരണിഞ്ഞു. രേഷ്മയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ തന്നെ അറിയിക്കണമെന്നും അപ്പാനി ശരത്ത് ആവശ്യപ്പെട്ടു.

ഭാര്യ സുരക്ഷിത
മണിക്കൂറുകള്‍ക്ക് ശേഷം ഭാര്യ സുരക്ഷിതയായിരിക്കുന്നുവെന്നും അപ്പാനി ശരത് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. നൂറനാട് എന്ന സ്ഥലത്ത് രേഷ്മ സുരക്ഷിതായായിരിക്കുന്നു. താന്‍ ഭാര്യയെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. ചെറിയ ഇന്‍ഫെക്ഷനുണ്ട് എന്നല്ലാതെ ഭാര്യയ്ക്ക് കാര്യമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അപ്പാനി ശരത്ത് വ്യക്തമാക്കി.

ദൈവത്തെ കണ്ട നിമിഷങ്ങൾ
താന്‍ ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുന്നുണ്ട്. തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും അപ്പാനി ശരത്ത് നന്ദി പറയുന്നു. ദൈവത്തെ താന്‍ കണ്ടറിഞ്ഞ നിമിഷങ്ങളാണ് കടന്ന് പോയതെന്ന് നടന്‍ പറയുന്നു. ദൈവം എന്ന് പറയുന്നത് മറ്റൊന്നുമല്ല, മനുഷ്യന്‍ തന്നെയാണ് എന്നാണ് തനിക്ക് മനസ്സിലായതെന്നും അപ്പാനി ശരത് പറയുന്നു.

എന്തിനാണ് തല്ല് കൂടുന്നത്
അമ്പലങ്ങളില്‍ പോകുന്നത് എന്തിനാണെന്ന് നടന്‍ ചോദിക്കുന്നു. മനുഷ്യന്‍ പരസ്പരം പൂജിക്കുകയാണ് വേണ്ടത്. ഓരോ മനുഷ്യനിലും ദൈവമുണ്ട്. ഈ ദുരന്തം പ്രകൃതിയും ദൈവവും നല്‍കുന്ന പാഠമാണ്. ജാതിയുടേയും മതത്തിന്റെയുമൊക്കെ പേരില്‍ എന്തിനാണ് തല്ല് കൂടുന്നത് എന്ന് മനുഷ്യന്‍ ഇനിയെങ്കിലും ആലോചിക്കണമെന്നും ശരത് പറയുന്നു.

തിരിച്ചും സഹായം
കുഞ്ഞ് എന്നത് തന്റെയും രേഷ്മയുടേയും വലിയ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നം തിരിച്ച് തന്ന ജനങ്ങള്‍ക്ക് തന്നാല്‍ കഴിയുന്ന സഹായം ചെയ്യുമെന്നും നടന്‍ പറഞ്ഞു. അത് ചെയ്തില്ലെങ്കില്‍ താന്‍ അത് തന്റെ കുഞ്ഞിനോട് ചെയ്യുന്ന തെറ്റായിപ്പോകും. സഹായിച്ചവരോട് എത്ര തന്നെ നന്ദി പറഞ്ഞാലും മതിയാവില്ലെന്നും നടന്‍ വികാരഭരിതനായി പറയുന്നു.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications