പുത്തുമലയില്‍ ദുരന്തത്തില്‍പ്പെട്ടത് എത്രപേര്‍? ആശയക്കുഴപ്പം തുടരുന്നു, കാണാതായ കാര്‍ കണ്ടെടുത്തില്ല
കല്‍പ്പറ്റ: പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ ഒമ്പത് പേര്‍ മരിച്ചെങ്കിലും അപകടത്തില്‍പ്പെട്ടത് എത്രപേരെന്ന കാര്യത്തില്‍ ആശങ്ക തുടരുന്നു. അപകടമുണ്ടായി നാലുദിവസത്തിനുള്ളില്‍ ഒമ്പത് മൃതദേഹങ്ങളാണ് പ്രദേശത്തു നിന്ന് കണ്ടെടുത്തിട്ടുള്ളത്. 40ലധികം പേരെ ഉരുള്‍പൊട്ടലില്‍ കാണാതായെന്നായിരുന്നു ആദ്യം ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ടവര്‍ പ്രതികരിച്ചിരുന്നത്. പ്രദേശത്ത് പിന്നീട് ജില്ലാ പഞ്ചായത്ത് അധികൃതര്‍, ഹാരിസണ്‍ മലയാളം കമ്പനി, റെവന്യൂ അധികൃതര്‍ എന്നിവര്‍ നടത്തിയ പരിശോധനയില്‍ 18 പേര്‍ ദുരന്തത്തില്‍ പെട്ടിട്ടുണ്ടെന്നാണ് എംഎല്‍എ സികെ ശശീന്ദ്രന്‍ അറിയിച്ചത്.
അശ്വാസമായി മഴക്ക് ശമനം: മരിച്ചവരുടെ എണ്ണം 76 ആയി, പുത്തുമലയിലും കവളപ്പാറയില്‍ തിരച്ചില്‍ തുടരുന്നു
നിലവില്‍ കേരളത്തില്‍ 2.5 ലക്ഷത്തോളം പേരാണ് 1,639 ക്യാമ്പുകളിലായി കഴിയുന്നത്. ഇതില്‍ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവുമധികം പേര്‍ ക്യാമ്പുകളില്‍ കഴിയുന്നത്. മഴയുടെ തീവ്രത കുറയുകയും വീടുകളില്‍ നിന്ന് വെള്ളമിറങ്ങുകയും ചെയ്തതോടെ സാവധാനം ആളുകള്‍ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നുണ്ട്.

കാണാതായത് 17 പേര്‍?
17 പേരെയാണ് ഉരുള്‍പൊട്ടലില്‍ കാണാതായതെന്ന് വയനാട് ജില്ലാ ഭരണകൂടം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. എത്രപേര്‍ അപകടത്തില്‍പ്പട്ടെന്ന് കൃത്യമായി പറയാനാവില്ലെന്ന് വയനാട് ജില്ലാ കളക്ടറും പ്രതികരിച്ചിരുന്നു. പുത്തുമലയില്‍ ഏഴ് പേരെക്കുറിച്ചാണ് ഇപ്പോള്‍ ഒരു വിവരവും ലഭിക്കാത്തത്. പുത്തുമലയില്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ അല്ലാത്ത ഇതര സംസ്ഥാനക്കാര്‍ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. ഉരുള്‍പൊട്ടലില്‍ കാണാതായ കാറില്‍ തോട്ടത്തിലെ രണ്ട് മുന്‍ ജീവനക്കാരാണ് ഉണ്ടായിരുന്നു. എന്നാല്‍ ഇതേ കാറില്‍ മറ്റ് രണ്ട് പേര്‍ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നുണ്ട്. എന്നാല്‍ ഇതുവരെ കാര്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഉരുള്‍പൊട്ടലില്‍ ഇടിഞ്ഞിറങ്ങിയ മണ്ണും മരങ്ങളും കെട്ടിടാവശിഷ്ടങ്ങളും നീക്കം ചെയ്താല്‍ മാത്രമേ ദുരന്തത്തിന്റെ ആഴം ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ സാധിക്കൂ.

താണ്ഡവമടങ്ങി
സംസ്ഥാനത്ത് ഇതിനകം 76 പേരാണ് മഴക്കെടുതിയില്‍പ്പെട്ട് മരിച്ചത്. മഴയില്‍ കുറവ് വന്നതോടെ റെഡ് അലര്‍ട്ടും പിന്‍വലിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥാ വകുപ്പും അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച നടത്തിയ തിരച്ചിലില്‍ കവളപ്പാറയില്‍ നിന്ന് 4 പേരുടേയും പുത്തുമലയില്‍ നിന്ന് ഒരാളുടേയും മൃതദേഹമാണ് കണ്ടെടുത്തത്. അതേസമയം കവളപ്പാറയില്‍ നിന്ന് കാണാതായ 50 പേരെക്കുറിച്ച് യാതൊരുവിവരവുമില്ല. സംസ്ഥാനത്ത് താറുമാറായ ബസ്- ട്രെയിന്‍ ഗതാത സംവിധാനങ്ങളും പുനഃസ്ഥാപിച്ച് വരികയാണ്.

ദുരന്തഭൂമിയായി പുത്തുമലയും കവളപ്പാറയും
പുത്തുമലയ്ക്ക് പുറമേ മലപ്പുറത്തെ കവളപ്പാറയിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തിങ്കളാഴ്ചയും തുടരും. 13 പേരുടെ മൃതദേഹങ്ങളാണ് ദുരന്തം നടന്ന് നാല് ദിവസത്തിനിടെ കവളപ്പാറയില്‍ നിന്ന് കണ്ടെടുത്തത്. പുത്തുമലയില്‍ നിന്ന് ഒമ്പത് മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുക്കാനായത്. മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് കാണാതായ മൂന്ന് പേരില്‍ രണ്ട് പേരുടെ മൃതദേഹങ്ങളും ഞായറാഴ്ച ലഭിച്ചിരുന്നു. ദുരന്തത്തിന് ശേഷമുണ്ടായ മണ്ണിടിച്ചിലും പ്രതികൂല കാലാവസ്ഥയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായത്.

എല്ലാം മിനിറ്റുകള്‍ക്കകം
വ്യാഴാഴ്ച വൈകുന്നേരും 5.30തോടെയാണ് പുത്തുമലയില്‍ കൂടിയാണ് ഉരുള്‍ പൊട്ടലുണ്ടാകുന്നത്. മിനിറ്റുകള്‍ക്കം മലമ്പ്രദേശം ഇടിഞ്ഞ് താഴുകയായിരുന്നു. നൂറേക്കറോളം ഒലിച്ച് പോയിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. പുത്തുമലയിലെ ഒരു അമ്പലവും മുസ്ലീം പളളിയും ഒലിച്ച് പോയി. വീടുകളും ഒരു കാന്റീനും തോട്ടം തൊഴിലാളികളുടെ പാടികളും ഒലിച്ച് പോയിട്ടുണ്ട്. പ്ലാന്റേഷന്‍ പ്രദേശമായ പുത്തുമലയിലെ താമസക്കാരില്‍ ഏറെയും പ്ലാന്റേഷന്‍ തൊഴിലാളികളാണ്. അറുപതോളം കുടുംബങ്ങളാണ് ദുരന്തമുണ്ടായ ഈ പ്രദേശത്ത് താമസിച്ചിരുന്നത്. എന്നാല്‍ വ്യാഴാഴ്ച ചെറിയ തോതില്‍ ഉരുള്‍ പൊട്ടലുണ്ടായതോടെ പല കുടുംബങ്ങളും സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടിയിരുന്നു.