ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നു, കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, ആശങ്ക
ചെങ്ങന്നൂർ: ആശങ്ക വർദ്ധിപ്പിച്ച് ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ മാത്രം 24 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അടിയന്തര സാഹചര്യങ്ങൾ മുന്നിൽ കണ്ട് പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകിയെങ്കിലും പലരും ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നിന്നും മാറാൻ തയാറായില്ല. ഇനിയും മാറാൻ തയാറാകാത്തവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
പമ്പ, അച്ചൻകോവിൽ നദികളാണ് കരകവിഞ്ഞൊഴുകിയതോടെയാണ് ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങിയത്. കഴിഞ്ഞ പ്രളയം കനത്ത നാശം വിതച്ച പാണ്ടനാട്, തിരുവൻവണ്ടൂർ, ബുധനൂർ തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നൂറുകണക്കിന് വീടുകളിലും ഏക്കറുകണക്കിന് കൃഷിയിടങ്ങളും വെള്ളം കയറി.

പ്രദേശത്തെ 24 ദുരിതാശ്വാസ ക്യാമ്പുകളിലായി ഇപ്പോൾ രണ്ടായിരത്തിൽ അധികം ആളുകൾ അഭയം തേടിയിട്ടുണ്ട്. രാത്രിയിൽ കൂടുതൽ ഒഴുകിയെത്തിയാൽ യുദ്ധകാലടിസ്ഥാനത്തിൽ ആളുകളെ ഒഴുപ്പിക്കാനാണ് നിർദ്ദേശം. രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ്, ഐടിബിപി സേനാംഗങ്ങൾ ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി വാഹനങ്ങളും ബോട്ടുകളും ക്രമീകരിച്ചിട്ടുണ്ടെന്ന് സജി ചെറിയാൻ എംഎൽഎ അറിയിച്ചു.
അതേ സമയം സംസ്ഥാനത്ത് ഇതുവരെ 60 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. വൻ ഉരുൾപൊട്ടൽ ഉണ്ടായ കവളപ്പാറയിൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. വീണ്ടും ഉരുൾപൊട്ടിയതോടെ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. രണ്ട് ലക്ഷത്തോളം ആളുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്.












Click it and Unblock the Notifications