പ്രളയ രക്ഷാപ്രവര്‍ത്തനത്തിനായി ഒമ്പത് കോളം സൈനികര്‍; വ്യോമസേനയ്ക്കും ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: ദുരിതപെയ്ത്ത് തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. ഒന്‍പത് കോളം സൈനികരെയാണ് വിന്യസിച്ചത്. ഒരു കോളത്തില്‍ 60 സൈനികര്‍ വീതമാണ് ഉള്ളത്.
കണ്ണൂരില്‍ നിന്ന് ഓരോ കോളം സൈന്യത്തെ വയനാട്, കണ്ണൂര്‍, ഇരിട്ടി. കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് മൂന്ന് കോളം സൈന്യത്തെ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ട്. വ്യോമസേനയ്ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരദേശസേനയുടെ 16 ടീമുകള്‍ വിവിധയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിട്ടുണ്ട്.
അതേസമയം തിങ്കളാഴ്ച വീണ്ടും സംസ്ഥാനത്ത് മഴ കനത്തേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ടെന്നും ഇത് ശക്തിപ്പെടുകയാണെങ്കില്‍ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിനൊപ്പം ശാന്ത സമുദ്രത്തിലെ രണ്ട് ന്യൂനമര്‍ദ്ദവും ചേര്‍ന്നതാണ് ഇപ്പോഴത്തെ ശക്തമായ മഴയ്ക്ക് കാരണമായത്. വടക്കന്‍ കേരളത്തിലാണ് മഴ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നത്. മലയോര ഭാഗങ്ങള്‍ പലതും വെള്ളത്തിനിടയിലാണ്. ഇതുവരെ സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.
കണ്ണൂരില്‍ കനത്ത മഴ!! തളിപ്പറമ്പ് താലൂക്കില്‍ മാത്രം 3000 ത്തോളം പേര് ദുരിതാശ്വാസ ക്യാമ്പില്‍
കക്കയം ഡാമിന്റെ ഷട്ടറുള്‍ ഉടന്‍ ഉയര്‍ത്തും!! പ്രദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം
'പ്രളയമൊരു കൗതുകമോ കാഴ്ചയോ അല്ല'.. ഇത്തരം വീഡിയോ എടുക്കരുത്; വൈറല്‍ കുറിപ്പ്