പുത്തുമലയിൽ രക്ഷാപ്രവർത്തനം ദുഷ്ക്കരം! ഉരുൾപൊട്ടലിൽ അകപ്പെട്ടവരിൽ 9 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
വയനാട്: മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരില്‍ 9 പേരുടെ മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി. ഇതില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ നൗഷാദിന്റെ ഭാര്യ ഹാജിറ, ഷൗക്കത്തിന്റെ ഒന്നര വയസ്സുള്ള മകള്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. അപകടത്തില്‍പ്പെട്ടവരുടെ കൃത്യമായ എണ്ണം ഇതുവരെ പുറത്ത് വന്നിട്ടില്ല.
അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനിടെ മണ്ണിനടിയില്‍ നിന്നും ഒരാളെ രക്ഷപ്പെടുത്താനായി. 24 മണിക്കൂര്‍ മണ്ണിനടിയില്‍ കിടന്ന ആളെ രക്ഷപ്പെടുത്തി മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റി. നാല്‍പ്പതോളം വീടുകളാണ് ഒറ്റയടിക്ക് പ്രദേശത്ത് നിന്നും ഒലിച്ച് പോയിരിക്കുന്നത്. വാഹനങ്ങളും കാന്റീനും പ്ലാന്റേഷന്‍ തൊഴിലാളികളുടെ പാടികളുമടക്കം ഒലിച്ച് പോയി. വ്യാഴാഴ്ച രാവിലെ ഇവിടെ നിന്നും ഭൂരിഭാഗം ആളുകളേയും മാറ്റി താമസിപ്പിച്ചിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

അതേസമയം പുത്തുമലയില്‍ കനത്ത മഴ രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നതായി മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടി ആശുപത്രികളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുത്തുമലയില്‍ വ്യാഴാഴ്ച വൈകുന്നേരും 5.30തോട് കൂടിയാണ് ഉരുള്‍ പൊട്ടലിന്റെ ആരംഭം. നിമിഷ നേരം കൊണ്ട് ഒരു വലിയ മലമ്പ്രദേശം ഒന്നാകെ മണ്ണില്‍ അമര്‍ന്നു.
നൂറേക്കറോളം ഒലിച്ച് പോയിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. ഇന്നലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. പ്ലാന്റേഷന്‍ ഗ്രാമമായ പുത്തുമലയില്‍ അറുപതോളം കുടുംബങ്ങളാണ് താമസിച്ചിരുന്നത്. അപ്രതീക്ഷിതമായാണ് വന്‍ ഉരുള്‍പൊട്ടലുണ്ടായത് എന്നത് കൊണ്ട് തന്നെ പലര്‍ക്കും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ സാധിച്ചിരുന്നില്ല.












Click it and Unblock the Notifications