പരസ്പരം പറ്റിച്ചു: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെക്കുറിച്ച് ഇഡിയ്ക്ക് നിർണായക വിവരം!!
കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ, എന്നിവർ സാമ്പത്തിക നേട്ടത്തിന് വേണ്ടി പരസ്പരം തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സ്വർണ്ണക്കടത്തിന്റെ പേരിൽ പ്രതികൾക്കിടയിൽ നടന്നിട്ടുള്ള തട്ടിപ്പ് സംബന്ധിച്ച വിവരങ്ങളും കേന്ദ്ര ഏജൻസികൾ നടത്തിവരുന്ന അന്വേഷണത്തിനിടെ പുറത്തുവരുന്നുണ്ട്. അതേ സമയം താൻ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും അതിന് തെളിവില്ലെന്നുമാണ് സ്വപ്ന കോടതിയിൽ വാദിക്കുന്നത്.
5 കോടി രൂപ സിപിഎം, സ്വപ്ന, ശിവശങ്കര്‍, മന്ത്രി, കമ്പനി എന്നിവര്‍ക്കാണ്; ആരോപണവുമായി അനില്‍ അക്കര

സ്വപ്നയ്ക്ക് ലഭിച്ചത് കോടികൾ?
തന്റെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയത് ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിച്ച പദ്ധതി കമ്പനി കോൺസുൽ ജനറലിന് കമ്മീഷൻ നൽകിയിരുന്നുവെന്നും ഇതിന്റെ ഒരു വിഹിതം തനിക്ക് സമ്മാനമായി നൽകിയിരുന്നുവെന്നും സ്വപ്ന ഇന്ന് കോടതിയിൽ വ്യക്തമാക്കിയിരുന്നു. സ്വപ്നയുടെ ജാമ്യാപേക്ഷയിലെ വാദം നടക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അഭിഭാഷകൻ വഴിയാണ് സ്വപ്ന ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുള്ളത്. കേരള ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷും രണ്ട് വിദേശികളും കൂടി കമ്മീഷൻ ഇനത്തിൽ 3.6 കോടി രൂപ കൈപ്പറ്റിയിട്ടുമുണ്ട്. സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് പിടിച്ചെടുത്ത പണം തനിക്ക് ഇതരത്തിൽ കമ്മീഷനായി ലഭിച്ചതാണെന്ന് സ്വപ്ന തന്നെ നേരത്തെ അന്വേഷണ ഏജൻസിയോട് വെളിപ്പെടുത്തിയിരുന്നു.

പരസ്പരം പറ്റിച്ചു?
വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് കടത്തുന്ന കടത്തിക്കൊണ്ടിരുന്ന സ്വർണ്ണം കിലോയ്ക്ക് 1000 ഡോളർ വീതം കോൺസുൽ ജനറലിന് കൈക്കൂലി നൽകാൻ എന്ന പേരിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ റമീസിൽ നിന്ന് സ്വപ്ന സുരേഷും സംഘവും സ്വർണ്ണം തട്ടിയിരുന്നുവെന്നാണ് എൻഫോഴ്സ്മെന്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇക്കാര്യം കോൺസുൽ ജനറലും അറിഞ്ഞിരുന്നില്ല. യുഎഇ കോൺസുലേറ്റിലെ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സരിത്ത് വഴി സ്വർണ്ണം കടത്താൻ കഴിഞ്ഞ വർഷം ജൂണിലാണ് റമീസ് സ്വപ്നയെ സമീപിക്കുന്നത്. തുടർന്ന് ജൂലൈയിൽ ഇവർ പദ്ധതിയിട്ടത് പ്രകാരം ഡമ്മി പരീക്ഷണവും നടത്തിയിരുന്നു.

18 കോടി സ്പോൺസർഷിപ്പ്
2018ലെ പ്രളയത്തിന് ശേഷം യുഎഇ കോൺസുലേറ്റ് ഇടപെടലോടെ കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി 18 കോടി രൂപയുടെ സ്പോൺസർഷിപ്പാണ് യുഎഇയിൽ നിന്ന് ലഭിച്ചത്. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ സർക്കാർ ഭൂമിയിൽ 120 കുടുംബങ്ങൾക്ക് താമസിക്കാനുള്ള ഫ്ലാറ്റ് നിർമിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു പദ്ധതി. ഈ തുകയിൽ നിന്ന് സ്വപ്ന സുരേഷിന് പുറമേ ഒരു യുഎഇ നയതന്ത്ര പ്രതിനിധിയും ഈജിപ്ഷ്യൻ പൌരനും ചേർന്നാണ് കമ്മീഷൻ ഇനത്തിൽ 3.6 കോടി രൂപ തട്ടിയെടുത്തത്. ഇതിൽ ഒരു കോടിയാണ് സ്വപ്നയ്ക്ക് ലഭിച്ചത്.

ആവശ്യപ്പെട്ടത് 20 ശതമാനം
മൊത്തം തുകയുടെ 20 ശതമാനമാണ് സ്വപ്ന സുരേഷും ഒരു യുഎഇ നയതന്ത്ര പ്രതിനിധിയും ഈജിപ്ഷ്യൻ പൌരനും ചേർന്ന് കോൺട്രാക്ടറിൽ നിന്ന് ആവശ്യപ്പെട്ടത്. സരിത്തും പണം ആവശ്യപ്പെട്ട് കോൺട്രാക്ടറെ സമീപിച്ചിരുന്നു. ഇതിന് പുറമേ 70 ലക്ഷവും സ്വപ്ന സ്വന്തമാക്കിയിരുന്നു. യുഎഇ കോൺസുലേറ്റിന്റെ വിസ സ്റ്റാമ്പിംഗ് കോൺട്രാക്ടുമായി ബന്ധപ്പെട്ടാണിത്. യുഎഇ കോൺസുലേറ്റിന്റേതായി ഹൈദരാബാദിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പേരിലും ഇവർ പണം കൈക്കലാക്കിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

സ്വപ്ന ജോലി ഉപേക്ഷിച്ചതെന്തിന്?
യുഎഇ കോൺസുൽ ജനറലുമായി അടുത്ത ബന്ധമാണ് സ്വപ്ന സുരേഷിന് ഉണ്ടായിരുന്നതെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുള്ളത്. ഇദ്ദേഹം മറ്റൊരു രാജ്യത്ത് അംബാസഡറായി നിയമിക്കപ്പെടുമെന്ന സൂചന ലഭിച്ചതിന് പിന്നാലെയാണ് സ്വപ്ന യുഎഇ കോൺസുലേറ്റിലെ ജോലിയിൽ രാജി വെക്കുന്നതെന്നാണ് അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുള്ള വിവരം. യുഎഇ കോൺസുൽ ജനറൽ അംബാസഡറായി നിയമിതനാവുമ്പോൾ അതേ ഓഫീസിൽ ജോലിയിൽ പ്രവേശിക്കാമെന്നായിരുന്നു കണക്കുകൂട്ടലെന്നുമായിരുന്നുവെന്നുമാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്.